ഗര്‍ഭഛിദ്രം ഭാര്യയുടെ അവകാശമോ?

Posted on: October 31, 2017 8:14 am | Last updated: October 30, 2017 at 10:18 pm

ഗര്‍ഭം അലസിപ്പിക്കാന്‍ സ്ത്രീക്ക് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന സുപ്രീം കോടതി പ്രസ്താവം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തന്റെ അനുമതിയില്ലാതെ ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീയില്‍ നിന്ന് നഷ്ടപരിഹാരം നേടാന്‍ ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കുഞ്ഞിന് ജന്മം നല്‍കാനും ഗര്‍ഭഛിദ്രം നടത്താനും പ്രായപൂര്‍ത്തിയായ സ്ത്രീക്ക് പരിപൂര്‍ണ സ്വാന്തന്ത്ര്യമുണ്ടെന്ന് കോടതി വിധിച്ചത്. ഭാര്യയും ഭര്‍ത്താവും അകന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ ഭ്രൂണം നശിപ്പിക്കാനുള്ള ഭാര്യയുടെ തീരുമാനം ന്യായമാണെന്നും അതിനെ തടയാന്‍ ഭര്‍ത്താവിന് അവകാശമില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ചിന്റെ വീക്ഷണം.

1994ലാണ് കേസിലെ ദമ്പതികള്‍ വിവാഹിതരായത്. ഒരു കുഞ്ഞ് ജനിച്ച ശേഷം കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും അകലുകയും ഭാര്യ മകനെയും കൂട്ടി ചണ്ഡീഗഢില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുകയും ചെയ്തു. പിന്നീട് ലോക്അദാലത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീ ഭര്‍ത്താവിനൊപ്പം താമസമാക്കുകയും രണ്ടാമതും ഗര്‍ഭിണിയാകുകയും ചെയ്തു. വീണ്ടും പ്രശ്‌നങ്ങള്‍ ഉയര്‍ന്നപ്പോള്‍ സ്ത്രീ ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഭര്‍ത്താവ് അനുമതി നല്‍കിയില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ സ്ത്രീയെ ചണ്ഡിഗഢിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഗര്‍ഭഛിദ്രം നടത്തി. ഇതിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യക്കും കുടുംബത്തിനും ഡോക്ടര്‍മാര്‍ക്കുമെതിരെ ഭര്‍ത്താവ് കൊടുത്ത ഹരജിയാണ് കോടതി തള്ളിയിരിക്കുന്നത്.

ഈ കേസില്‍ രണ്ട് വിഷയങ്ങളുണ്ട്. ഗര്‍ഭം അലസിപ്പിക്കുന്നതിന്റെ സാധുതയാണ് ഒന്ന്. മാതാവിന്റെ ജീവന് ഭീഷണി പോലുള്ള ഘട്ടത്തിലല്ലാതെ ഗര്‍ഭം അലസിപ്പിക്കുന്നത് അധാര്‍മികമാണ്. അലസിപ്പിക്കലും ഗര്‍ഭം ധരിക്കലും സ്ത്രീകളുടെ സവിശേഷാധികാരത്തില്‍ പെട്ടതാണെന്നും തനിക്കു ഗര്‍ഭിണിയാകേണ്ടെന്ന് സ്ത്രീ തീരുമാനിച്ചാല്‍ അത് തടയാന്‍ ആര്‍ക്കു കഴിയുമെന്നും വിധി പ്രസ്താവത്തില്‍ കോടതി ചോദിക്കുന്നുണ്ട്. എന്നാല്‍, കുഞ്ഞുണ്ടായത് ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ഔദാര്യത്തിലല്ലെന്ന കാര്യം എന്തുകൊണ്ടാണ് കോടതി ഓര്‍ക്കാതെ പോയത്? ആഗ്രഹമുണ്ടായിട്ടും കുഞ്ഞു ജനിക്കാത്ത ദമ്പതികളെത്രയുണ്ട്? പണം വാരിയെറിഞ്ഞു ചികിത്സ നടത്തിയിട്ടും ഗര്‍ഭമുണ്ടാകാതെ നിരാശരായി കഴിയുന്നവര്‍. ഗര്‍ഭ ധാരണം മനുഷ്യ കഴിവില്‍ പെട്ടതല്ല. അതുകൊണ്ട് തന്നെ ഗര്‍ഭം ധരിച്ചു കഴിഞ്ഞാല്‍ അതിനെ നശിപ്പിക്കാന്‍ ഭാര്യക്കോ ഭര്‍ത്താവിനോ അവകാശമില്ല. ഗര്‍ഭസ്ഥശിശുവിനെ ഒരു വ്യക്തിയായി കാണാന്‍ സാധിക്കില്ലെന്നതിനാല്‍ അബോര്‍ഷന്‍ തെറ്റായി കാണാനാവില്ലെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ശാസ്ത്രീയമായ പിന്‍ബലമില്ലാത്തതാണ് ഈ വാദം. പുരുഷന്റെ ബീജം സ്ത്രീയുടെ അണ്ഡവുമായി ചേര്‍ന്നു കഴിഞ്ഞാല്‍ അതൊരു മനുഷ്യ പിറവിയുടെ തുടക്കമായിക്കഴിഞ്ഞുവെന്നാണ് ആരോഗ്യ ശാസ്ത്രം പറയുന്നത്. ഗര്‍ഭം എട്ടാഴ്ച പിന്നിട്ടാല്‍ ഭ്രൂണാവസ്ഥയില്‍ നിന്നു മാറി ശിശുവിന്റെ രൂപം പ്രാപിക്കുകയും ചെയ്യുന്നു. വളര്‍ച്ചയുടെ ഘട്ടമായിരുന്നാലും ജനിക്കാന്‍ പോകുന്ന കുഞ്ഞും ഒരു മനുഷ്യനാണ്. ആരു ജീവിക്കണം/മരിക്കണം എന്ന് തീരുമാനിക്കാന്‍ ഭാര്യക്കോ സര്‍ക്കാറിനോ കോടതിക്കോ ഡോക്ടര്‍ക്കോ ധാര്‍മികമായി അവകാശമില്ല. ഗര്‍ഭസ്ഥ ശിശുവിന് അതിന്റേതായ അവകാശമുണ്ട്. വൈകല്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പോലും അതിനെ ഇല്ലാതാക്കുന്നത് മനുഷ്യാവകാശ ലംഘനവും ക്രൂരതയുമാണ്. വൈകല്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കേസുകളില്‍ ഒരു വൈകല്യവുമില്ലാതെ പ്രസവിച്ച സംഭവങ്ങളുമുണ്ട്.

ഭര്‍ത്താവിന്റെ സമ്മതം കൂടാതെ ഭാര്യ ഗര്‍ഭഛിദ്രം നടത്തുമ്പോള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഗര്‍ഭത്തില്‍ ഭാര്യക്ക് മാത്രമല്ല, ഭര്‍ത്താവിനും കൂടി അവകാശമുണ്ട്. ഗര്‍ഭസ്ഥ ശിശു ഭാര്യയുടേത് മാത്രമല്ല ഭര്‍ത്താവിന്റേതു കൂടിയാണ്. അത് മാനിക്കാന്‍ ഭാര്യയും ഭര്‍ത്താവും ബാധ്യസ്ഥരാണ്. വിവാഹം എന്നത് ലൈംഗിക ബന്ധത്തിനുള്ള കരാര്‍ മാത്രമല്ല, സന്താനോത്പാദനത്തിനുള്ള അനുവാദം കൂടിയാണ്. ഭര്‍ത്താവുമായി ശാരീരിക ബന്ധത്തിനു അനുവാദം നല്‍കുന്ന സ്ത്രീ ആ ബന്ധത്തിലുണ്ടാകുന്ന കുഞ്ഞിനെ ഗര്‍ഭം നല്‍കാനും സന്നദ്ധമാകണം. ഗര്‍ഭം ധരിച്ച ശേഷം അത് വഹിക്കാന്‍ സന്നദ്ധമല്ലെന്ന് ശഠിക്കുന്നത് ന്യായമല്ല. അത്തരമൊരു നിലപാട് ദാമ്പത്യജീവിതത്തില്‍ സംഘര്‍ഷങ്ങള്‍ക്കും ശൈഥില്യത്തിനും വഴിവെക്കും. ഗര്‍ഭഛിദ്രം നിയമപരമായി അംഗീകരിക്കപ്പെട്ട ഒരു വ്യവസ്ഥിതിയില്‍ തന്നെ സ്ത്രീക്ക് സ്വന്തമായ വ്യക്തിത്വവും അധികാരവുമുണ്ടെന്ന വാദത്തിന്റെ ബലത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാന്‍ അവള്‍ക്ക് അധികാരം നല്‍കുന്ന കാര്യം കൂടുതല്‍ പഠനത്തിനും ചര്‍ച്ചകള്‍ക്കും വിധേയമാക്കപ്പെടേണ്ടതുണ്ട്.