ഹൈക്കോടതി ഉത്തരവുകള്‍ പ്രാദേശിക ഭാഷയില്‍ ലഭ്യമാക്കണം: രാഷ്ട്രപതി

Posted on: October 28, 2017 9:08 pm | Last updated: October 29, 2017 at 1:03 pm
കേരളാ ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കോടതി ഉത്തരവുകള്‍ ജനങ്ങള്‍ക്ക് പ്രദേശിക ഭാഷയില്‍ തന്നെ ലഭ്യമാക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതുപോലെ തന്നെ പ്രധാനമാണ് വിധികള്‍ പ്രാദേശികഭാഷയില്‍ ലഭ്യമാക്കുന്നതും. വിധി പുറപ്പെടുവിച്ച് 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ തന്നെ അത് പ്രദേശിക ഭാഷകളിലേക്ക് തര്‍ജമചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളാ ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരുടെ ആശ്രയമായ കോടതി ഉത്തരവുകള്‍ ഹൈക്കോടതികള്‍ ഇംഗ്ലീഷിലാണ് വിധി പുറപ്പെടുവിക്കുന്നത്. ഇതുമൂലം ഉത്തരവില്‍ പറയുന്നത് എന്താണെന്നറിയാന്‍ അഭിഭാഷകന്റെയോ മറ്റാളുകളുടെയോ സഹായം തേടേണ്ടിവരുമെന്ന് രാഷട്രപതി ചൂണ്ടിക്കാട്ടി. നീതിന്യായ വ്യവസ്ഥിതിയില്‍ കേരളാ ഹൈക്കോടതി എന്നും മികച്ച നിലവാരം പുലര്‍ത്തിയിട്ടുണ്ട്. ജനങ്ങളുടെ അവകാശ സംരക്ഷണത്തില്‍ മുന്‍ പന്തിയിലായിരുന്നു കേരള ഹൈക്കോടതി. ബന്ദ് നിരോധനം, പൊതുസ്ഥലത്തെ പുകവലി നിരോധനം, ശുദ്ധവായുവും ശുദ്ധജലവും ലഭിക്കാനുള്ള അവകാശം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധികള്‍ എടുത്തുപറയേണ്ടതാണ്. കേരളാ ഹൈക്കോടതിയില്‍ നിന്നും പിന്നീട് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ന്ന ജസ്റ്റിസ് വി ആര്‍ കൃഷ്്ണയ്യര്‍ ഒരു റോള്‍ മോഡല്‍ ആയിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

കേസുകളില്‍ തീര്‍പ്പുണ്ടാകാന്‍ കാലതാമസം നേരിടുന്നത് വെല്ലുവിളിയാണ്. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ നമ്മള്‍ കണ്ടെത്തിയേ മതിയാകൂ. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അത്തരമൊരു സംവിധാനത്തിലേക്ക് നീങ്ങുന്നതില്‍ സന്തോഷമുണ്ട്. നീതിന്യായവ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവര്‍ത്തനം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയിട്ടുണ്ട്. അത് നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പ്രത്യേക തപാല്‍ കവറിന്റെ പ്രകാശനവും രാഷ്ട്രപതി നിര്‍വഹിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ്, കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്, ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.