ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കണം

Posted on: October 27, 2017 6:00 am | Last updated: October 26, 2017 at 11:48 pm

ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയതിനെക്കുറിച്ചുള്ള വിവാദം തുടരുകയാണ്. ബി ജെ പിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ സ്ഥാപക നേതാവും ആര്‍ എസ് എസ് ആചാര്യനും ഹിന്ദുത്വത്തിന്റെ ശക്തനായ വക്താവുമെന്നതില്‍ കവിഞ്ഞു മതേതര രാഷ്ട്രീയത്തില്‍ ഒരു ഇടവുമില്ലാത്ത വ്യക്തിയാണ് ദീന്‍ദയാല്‍. ഇയാളുടെ ജന്മദിനമാഘോഷിക്കാനുള്ള നിര്‍ദേശം ഇടതു സര്‍ക്കാര്‍ അധികാരത്തിലിരിക്കെ സ്‌കൂളുകളില്‍ എത്തിയതെങ്ങനെ? സര്‍ക്കാര്‍ അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തില്‍ നിന്നു ലഭിച്ച പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സകൂളുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചതെന്നാണ് ഡി പി ഐയുടെ വിശദീകരണം.

ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും വര്‍ഗീയ അജന്‍ഡയാണ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി. കടുത്ത ഹിന്ദുത്വവാദികളെ ദേശീയ നേതാക്കളായി പ്രതിഷ്ഠിക്കാനുള്ള ബോധപൂര്‍വ നീക്കത്തിന്റെ ഭാഗമാണിത്. കഴിഞ്ഞ സെപ്തംബറില്‍ കോഴിക്കോട് ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇതിന്റെ തുടര്‍നടപടിയാണ് ഉപാധ്യായയുടെ ജീവിതവും പ്രവര്‍ത്തനവും വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്തുന്നതിന് പ്രത്യേക ആഘോഷങ്ങള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെടുന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. ദേശീയ സമരത്തിന്റെ മുന്‍നിര പോരാളികളായിരുന്ന മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും സുഭാഷ് ചന്ദ്രബോസും അവഗണിക്കപ്പെടുമ്പോള്‍ ഉപാധ്യായയെ പോലുള്ളവരെ വാഴിക്കാനുള്ള ശ്രമത്തിനെതിരെ പാര്‍ലിമെന്റില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നതാണ്.

വര്‍ഗീയ അജന്‍ഡയില്‍ അധിഷ്ഠിതമായ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം സ്‌കൂളുകളിലേക്ക് അയക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നാണ് സംഭവം വിവാദമാകുകയും സര്‍ക്കുലറിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി വരെ രംഗത്ത് വരികയും ചെയ്തപ്പോള്‍ വിദ്യാഭ്യാസമന്ത്രി നല്‍കുന്ന വിശദീകരണം. എന്നാല്‍, സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ ഇത്തരം വര്‍ഗീയ അജന്‍ഡകള്‍ നടപ്പാക്കുന്നത് ഇതാദ്യത്തെ സംഭവമല്ല. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ ആര്‍ എസ് എസ് നേതാക്കളെ വീരപുരുഷന്മാരായി ചിത്രീകരിക്കുന്ന പുസ്തകങ്ങള്‍ സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ വിതരണം ചെയ്തത് അടുത്തിടെയാണ്. ഇടതുപക്ഷം ആജന്മ ശത്രുക്കളായി കാണുന്ന ആര്‍ എസ് എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ പരീക്ഷ പൊതുവിദ്യാലയങ്ങളില്‍ സംഘടിപ്പിക്കാന്‍ ഈ അധ്യാപകര്‍ എങ്ങനെ തയാറായി? പോലീസുകാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും യോഗ ചെയ്തിരിക്കണമെന്ന നിര്‍ദേശം കഴിഞ്ഞ ഡിസംബറില്‍ ഡി ജി പി എല്ലാ സ്റ്റേഷനുകള്‍ക്കും നല്‍കിയിരുന്നു. ശ്രീ ശ്രീ രവിശങ്കറിന്റെ സ്ഥാപനങ്ങളില്‍ നിന്നുള്ള ട്രെയിനര്‍മാരെയായിരുന്നു ഇതിന് പരിശീലനം നല്‍കാനായി നിയോഗിച്ചിരുന്നത്.
കഴിഞ്ഞ യു ഡി എഫ് ഭരണത്തില്‍ സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം അട്ടിമറിച്ചത് അന്നത്തെ രണ്ട് ഉദ്യോഗസ്ഥ മേധാവികള്‍ ചേര്‍ന്നായിരുന്നു. സച്ചാര്‍ കമ്മീഷന്‍, പാലോളി കമ്മീഷന്‍ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുകയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്ത അറബിക് സര്‍വകലാശാല സ്ഥാപിതമായാല്‍ സംസ്ഥാനത്ത് വര്‍ഗീയത ആളിക്കത്താന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഉടക്കു വെച്ചത്.

ബന്ധപ്പെട്ട മന്ത്രിമാരുടെ താത്പര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ടവരാണ് ഉദ്യോഗസ്ഥര്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി ജനങ്ങള്‍ സൗഹൃദത്തിലും സഹിഷ്ണുതയിലും ജീവിക്കുന്ന കേരളത്തില്‍ ഇതിന് കോട്ടം വരാതെ സൂക്ഷിക്കേണ്ട ബാധ്യത ഉദ്യോഗസ്ഥ മേധാവികള്‍ക്കുണ്ട്. അപകടകരമായ വര്‍ഗീയ അജന്‍ഡകള്‍ മുന്നില്‍വെച്ചു ഭരണം നടത്തുന്ന കേന്ദ്ര സര്‍ക്കാറില്‍ നിന്നും വരുന്ന നിര്‍ദേശങ്ങളും പദ്ധതികളും കേരളത്തെ പോലെയുള്ള സംസ്ഥാനത്ത് സസൂക്ഷ്മം നിരീക്ഷണ വിധേയമാക്കിയ ശേഷമായിരിക്കണം തീരുമാനം എടുക്കേണ്ടതും സ്‌കൂളുകള്‍ക്ക് അയച്ചുകൊടുക്കേണ്ടതും. മതനിരപേക്ഷ ആശയങ്ങളിലൂന്നി പൊതുവിദ്യാഭ്യാസം ശാക്തീകരിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ ഇടതുമുന്നണി ഭരണത്തില്‍ ഈ തത്വങ്ങള്‍ ലംഘിക്കപ്പടുന്നതും ഉദ്യോഗസ്ഥര്‍ വര്‍ഗീയ താത്പര്യങ്ങള്‍ക്ക് സ്വാധീനപ്പെട്ട് പ്രവര്‍ത്തിക്കുന്നതും ആശങ്കയുളവാക്കുന്നതാണ്. ദീന്‍ദയാല്‍ ജന്മശതാബ്ദി തീരുമാനം സ്വീകരിക്കാനും നിരാകരിക്കാനും സംസ്ഥാനങ്ങള്‍ക്ക് വിവേചനാധികാരമുണ്ടെന്നിരിക്കെ, മന്ത്രിതലത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കേണ്ട വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ സ്വയം തീരുമാനമെടുത്തതിനെക്കുറിച്ചു അന്വേഷണം നടത്തി അമിതാധികാരം പ്രയോഗിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്.