Connect with us

Sports

ഇന്ത്യക്ക് നിര്‍ണായകം; ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനം ഇന്ന് 

Published

|

Last Updated

പൂനെ: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് പൂനെയില്‍ നടക്കും. മുംബൈയില്‍ നടന്ന ഒന്നാമത്തെ മത്സരം ആറ് വിക്കറ്റിന് തോറ്റ ഇന്ത്യക്ക് മുന്നിലുള്ളത് മരണക്കളിയാണ്.
മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ഇന്ന് കിവീസ് ജയിച്ചാല്‍ പരമ്പര അടിയറ വെക്കേണ്ടി വരും ആതിഥേയര്‍ക്ക്. സ്വന്തം നാട്ടില്‍ പരമ്പര നഷ്ടപ്പെടുക എന്ന നാണക്കേട് ഒഴിവാക്കാന്‍ വിരാടും സംഘവും കഠിനാധ്വാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. തുടര്‍ച്ചയായി എട്ട് പരമ്പരകള്‍ ജയിച്ച ടീമാണ് ഇന്ത്യ.

മറുവശത്ത് ന്യൂസിലന്‍ഡിനാകട്ടെ ഇന്ത്യയില്‍ വെച്ച് ഒരു പരമ്പര ജയിക്കുക എന്ന ചരിത്ര നേട്ടമാണ് മുന്നില്‍. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ കിവീസ് ആ സ്വപ്നം പൂവണിയിക്കാമെന്ന പ്രതീക്ഷയിലാണ്.
ഇതിന് മുമ്പ് അഞ്ച് തവണ ഇന്ത്യയില്‍ വന്ന് കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഇന്ത്യയില്‍ ഒരു പരമ്പര ജയിക്കാന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞിട്ടില്ല. കെയ്ന്‍ വില്യംസന്റെ കീഴില്‍ ഇത് രണ്ടാം തവണയാണ് കീവിസ് ഇന്ത്യയില്‍ പരമ്പര കളിക്കുന്നത്.

ആസ്‌ത്രേലിയയ്‌ക്കെതിരെ നടന്ന പരമ്പര അനായാസം ജയിച്ച ഇന്ത്യ ന്യൂസിലന്‍ഡിനെ വലിയ കാര്യമായി എടുത്തില്ല എന്ന് വേണം കരുതാന്‍. അതിന്റെ വില അവര്‍ക്ക് മുംബൈയിലെ ഏകദിനത്തില്‍ നല്‍കേണ്ടിയും വന്നു.
ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയെ കടത്തിവെട്ടിയ ന്യൂസിലന്‍ഡ് ആറ് വിക്കറ്റിന്റെ അര്‍ഹിച്ച വിജയവും നേടി. ക്യാപ്റ്റന്‍ വിരാട് കോലിയുടെ മുപ്പത്തിയൊന്നാം സെഞ്ചുറി മാത്രമാണ് ഇന്ത്യയ്ക്ക് എടുത്തുപറയാനുള്ളത്.
ആദ്യ മത്സരത്തിലേത് പോലെ അജിങ്ക്യ രഹാനെയെ രണ്ടാം മത്സരത്തിലും പരിഗണിക്കാനിടയില്ല.

Latest