ചരിത്രം മാറ്റിയെഴുതും; പൈക ബിദ്രോഹ ഇനി ഒന്നാം സ്വാതന്ത്ര്യ സമരമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Posted on: October 24, 2017 10:13 am | Last updated: October 24, 2017 at 11:59 am

ഡല്‍ഹി : ശിപായി ലഹള ഇനി മുതല്‍ ഒന്നാം സ്വാതന്ത്ര സമരമായി അറിയപ്പെടില്ല. ചരിത്രം തിരുത്തി എഴുതാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 1817ല്‍ ഒഡീഷയില്‍ നടന്ന ‘പൈക ബിദ്രോഹ’ പൈക പ്രക്ഷോഭം ഒന്നാം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പ്രഖ്യാപിച്ചു.

പൈക പ്രക്ഷോഭമായിരിക്കും ഇനി മുതല്‍ സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുക.1857ല്‍ ഇന്ത്യന്‍ സൈനികരും നാട്ടുരാജാക്കന്മാരും ബ്രിട്ടിഷ് ഭരണത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ സമരമാണ് ഇതോടെ ചരിത്രത്താളുകളില്‍ നിന്നും മാറ്റിയെഴുതിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ യഥാര്‍ഥ ചരിത്രമാണു പഠിക്കേണ്ടതെന്നും ചരിത്ര പുസ്തകങ്ങളില്‍ ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരില്‍ ‘പൈക ബിദ്രോഹ’ അറിയപ്പെടുമെന്നും ജാവേഡ്ക്കര്‍ പറഞ്ഞു.

കൂടാതെ ‘പൈക ബിദ്രോഹ’യുടെ ചരിത്ര സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്രം 200 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പൈക സമുദായത്തിനു ഗജപതി രാജാക്കന്മാര്‍ പരമ്ബരാഗതമായി പാട്ടത്തിന് നല്‍കിയിരുന്ന കൃഷിഭൂമി ഈസ്റ്റ് ഇന്ത്യ കമ്ബനി 1803ല്‍ ഒഡീഷ കീഴടക്കിയതോടെ ഈ ആനുകൂല്യം നിര്‍ത്തലാക്കുകയായിരുന്നു. ഈ തീരുമാനം പൈക സമുദായത്തെ അസ്വസ്ഥരാക്കി. ബക്ഷി ജഗബന്ധുവിന്റെ നേതൃത്വത്തില്‍ 1817ല്‍ നടന്ന സായുധലഹള പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ കന്പനി സമരത്തെ അടിച്ചമര്‍ത്തുകയായിരുന്നു. ഇതായിരുന്നു പൈക ലഹള.

പൈക ബിദ്രോഹയെ ഒന്നാം സ്വാതന്ത്ര സമരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പാട്‌നായിക്ക് നേരത്തെ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു