പെണ്‍കുട്ടിയെ കാണാതായ സംഭവം: വീട്ടിനടുത്ത് നിന്ന് അജ്ഞാത മൃതദേഹം ലഭിച്ചു

Posted on: October 23, 2017 10:35 pm | Last updated: October 24, 2017 at 9:31 am

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ കാണാതായ മൂന്ന് വയസ്സുകാരിയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിന് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് അജ്ഞാത മൃതദേഹം വീടിന് സമീപത്തെ കുഴിയില്‍ നിന്ന് ലഭിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മൃതദേഹം കാണാതായ മൂന്ന് വയസ്സുകാരിയുടേതാകാനാണ് സാധ്യതയുള്ളതെന്നും റിച്ചാര്‍ഡ്‌സണ്‍ പോലീസ് വക്താക്കള്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പാണ് ഷെറിന്‍ മാത്യൂസിനെ കാണാതായത്.

പുലര്‍ച്ചെ മൂന്നു മണിക്ക് പാല്‍കുടിച്ചില്ല എന്ന കാരണം പറഞ്ഞ് കുഞ്ഞിനെ പുറത്ത് ഒരു മരത്തിനു കീഴെ കൊണ്ടുനിര്‍ത്തി വീട്ടിലേക്കു തിരിച്ചുപോന്ന് പതിനഞ്ച് മിനിട്ട് കഴിഞ്ഞു ചെന്നുനോക്കിയപ്പോള്‍ കുഞ്ഞിനെ കണ്ടില്ല എന്നാണ് ഷെറിന്റെ പിതാവ് പറഞ്ഞത്. കുഞ്ഞിനെ കാണാതായി മണിക്കൂറുകള്‍ക്കുശേഷം രാവിലെ എട്ടുമണിയോടെയാണ് പിതാവ് വെസ്ലി മാത്യൂസ് പോലീസിനെ വിവരമറിയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വെസ്‌ലി മാത്യൂസും കുടുംബവും സംശയത്തിന്റെ നിഴലിലാണ്. വെസ്‌ലിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എങ്ങനെയാണ് കുട്ടി മരിച്ചതെന്നതിനെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.