Connect with us

Gulf

ദിവ സ്മാര്‍ട് സംവിധാനങ്ങള്‍ ഉപയോഗിച്ചത് ഒരുകോടി തവണ

Published

|

Last Updated

ദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ) സ്മാര്‍ട് ആപുകള്‍ ഉപയോഗിച്ചത് ഒരു കോടി തവണയെന്ന് അധികൃതര്‍. 2011ല്‍ സ്മാര്‍ട് സംവിധാനങ്ങള്‍ ഏര്‍പെടുത്തിയത് മുതല്‍ ഈ വര്‍ഷത്തെ ആദ്യപാദംവരെയുള്ള കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടത്. ദിവ ഏര്‍പെടുത്തിയ സ്മാര്‍ട് സര്‍വീസുകളിലൂടെ 29 സേവനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിട്ടുള്ളത്. ബില്ല്, പെയ്‌മെന്റ്, ജല-വൈദ്യുത ഉപയോഗത്തിന്റെ തോത് നിരീക്ഷിക്കുക, മറ്റ് കെട്ടിടങ്ങളില്‍ ഉപയോഗിക്കുന്ന തോതുമായി താരതമ്യംചെയ്യുക തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് സാധ്യമാകുന്ന വിധത്തിലാണ് സ്മാര്‍ട് സംവിധാനങ്ങളുടെ പ്രവര്‍ത്തനം.
ഗവേണ്‍മെന്റ് ഇ സര്‍വീസ് സ്റ്റാറ്റിസ്റ്റിക്കല്‍ സംവിധാനമനുസരിച്ച് അപ്ലിക്കേഷനില്‍ എട്ട് ഇന്‍ഫര്‍മേഷന്‍ സേവനങ്ങള്‍, ഏഴ് ഇന്ററാക്റ്റീവ് സേവനങ്ങള്‍, ദിവ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന 14 സേവനങ്ങള്‍ എന്നിങ്ങനെ ഉള്‍പെട്ടിട്ടുണ്ട്.

ദിവയുടെ എല്ലാ സേവനങ്ങള്‍ക്കും സ്മാര്‍ട് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ദിവ കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി സ്മാര്‍ട് സേവനങ്ങളിലൂടെ കൂടുതല്‍ എളുപ്പവും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനാണ് സ്മാര്‍ട് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സ്മാര്‍ട് സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ തോത് 2017ല്‍ 76 ശതമാനത്തിലധികം കടന്നിട്ടുണ്ടെന്നും ദിവ സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.

2018 ഓടുകൂടി ഗവണ്‍മെന്റ് സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം 80 ശതമാനമായി കുറക്കണമെന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിന്റേ നിര്‍ദേശത്തിന്റെ ചുവട് പിടിച്ചാണ് ദിവക്ക് കീഴില്‍ സ്മാര്‍ട് സേവനങ്ങള്‍ ഒരുക്കിയത്. കഴിഞ്ഞ ആഗസ്റ്റില്‍ ദിവ സേവനകേന്ദ്രങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുന്നവരുടെ എണ്ണം 80 ശതമാനമായി കുറഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റമ്മാസ് വിര്‍ച്വല്‍ സംവിധാനം ഏര്‍പെടുത്തി 24 മണിക്കൂറും ഉപഭോക്താക്കളുടെ അന്വേഷണങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചുകൊണ്ട് നടപടികള്‍ സ്വീകരിക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ സ്ഥാപനം എന്ന ഖ്യാതി ദിവ നേടിയിരുന്നു. ഈ വര്‍ഷം ആദ്യം ആരംഭിച്ച പദ്ധതി വഴി 270,000 അന്വേഷണങ്ങള്‍ക്കാണ് നടപടികള്‍ സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.