Connect with us

Eranakulam

ഹാദിയയെ മരുന്ന് നല്‍കി മയക്കി കിടത്തുന്നു; ഗുരുതര ആരോപണങ്ങളുമായി ഗോപാല്‍ മേനോന്‍

Published

|

Last Updated

കൊച്ചി: സ്വമേധയാ മതം മാറിയതിന് ശേഷം കോടതി ഉത്തരവ് പ്രകാരം വീട്ടുതടങ്കലിലാക്കിയ ഹാദിയയെ മരുന്ന് നല്‍കി മയക്കി കിടത്തുകയാണെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളുമായി പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്റെ വെളിപ്പെടുത്തല്‍. മതം മാറ്റത്തിന് ശേഷം ഹാദിയയെ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ നീക്കം നടന്നതായും അദ്ദേഹം ആരോപിച്ചു.

ഇന്ന് പുറത്തിറങ്ങുന്ന “അയാം ഹാദിയ” എന്ന ഡോക്യുമെന്ററിയുടെ വിശംദാംശങ്ങള്‍ വിവരിക്കുന്നതിനിടെയാണ് ഗോപാല്‍ മേനോന്റെ വെളിപ്പെടുത്തല്‍.
വീട്ടുതടങ്കലില്‍ ക്രൂരമായ മര്‍ദനത്തിനിരയാകുന്നതായി ഹാദിയ പറയുന്ന വീഡിയോ താന്‍ കണ്ടിട്ടുണ്ട്. താന്‍ ക്രൂരമായ മര്‍ദനത്തിന് ഇരയാകുന്നതായും കൊല്ലപ്പെടാമെന്നും ഹാദിയ വ്യക്തമാക്കുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ കൈയിലാണുള്ളത്. ഡോക്യുമെന്ററി നിര്‍മാണത്തിനിടെ രാഹുല്‍ ഈശ്വറിനെ സന്ദര്‍ശിച്ചപ്പോഴാണ് താന്‍ വീഡിയോ കണ്ടത്.

ഇതിന് പുറമെ മതം മാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ ഹാദിയയുടെ അച്ഛന്‍ അശോകന്റെ നേതൃത്വത്തില്‍ ബി ജെ പി പദ്ധതി തയ്യാറാക്കുന്നതായി അമ്മ പൊന്നമ്മ ഹാദിയയോട് പറയുന്ന ഓഡിയോയും ഗോപാല്‍ മേനോന്‍ മാധ്യമങ്ങള്‍ക്ക് കൈമാറി. ഹാദിയ വീട്ടു തടങ്കലിലാകുന്നതിന് മുമ്പ് അമ്മയുമായി നടത്തിയ സംഭാഷണത്തിലാണ് അച്ഛന്‍ അശോകന്‍, ബി ജെ പി പ്രവര്‍ത്തകരുമായി ചേര്‍ന്ന് മതം മാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതായുള്ള വിവരങ്ങളുള്ളത്.
ഹാദിയയെ ഉറക്കിക്കിടത്താന്‍ മരുന്ന് നല്‍കുന്നതുള്‍പ്പെടെയുള്ള ശാരീരിക പീഡനങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും ഗോപാല്‍ മേനോന്‍ ആവശ്യപ്പെട്ടു.