അഭിമാനമായി മഅ്ദിന്‍ വിദ്യാര്‍ഥി

Posted on: October 19, 2017 7:34 pm | Last updated: October 19, 2017 at 7:34 pm

ദുബൈ: അറബ് റീഡിംഗ് ചലഞ്ചില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മലപ്പുറം മഅ്ദിന്‍ വിദ്യാര്‍ഥി മുഹമ്മദ് ഇസ്ഹാഖിന് ഉന്നത സ്ഥാനം. 25 രാജ്യങ്ങളില്‍ നിന്നായി 74 ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ ആദ്യ ഇരുപതില്‍ എത്തിയാണ് മുഹമ്മദ് ഇസ്ഹാഖ് ഇന്ത്യക്ക് അഭിമാനമായത്.
പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഇസ്ഹാഖ് മഅ്ദിന്‍ സ്‌കൂള്‍ ഓഫ് എക്സലന്‍സില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ്. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ ആഭിമുഖ്യത്തില്‍ അറബിഭാഷാ പഠന-പരിശീലനത്തിനായി അഞ്ചുവര്‍ഷം മുമ്പ് ആരംഭിച്ച ഫിയസ്ത അറബിയ്യയാണ് തനിക്ക് അറബിഭാഷാ രംഗത്ത് പ്രചോദനമായതെന്ന് ഇസ്ഹാഖ് പറഞ്ഞു. മഅ്ദിന്‍ അറബി ഭാഷാ വിഭാഗത്തിലെ അബ്ദുസ്സമദ് സഖാഫിയാണ് ഭാഷാ രംഗത്ത് പ്രത്യേക പരിശീലനം നല്‍കിയത്.
അറബ് നാടുകളില്‍ ജനിച്ചുവളര്‍ന്ന് അവിടങ്ങളിലെ ഉന്നത കലാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളോടാണ് മത്സരിക്കേണ്ടത് എന്നതായിരുന്നു മത്സരത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യയില്‍ നിന്നെത്തിയ മത്സരാര്‍ഥിയെന്ന നിലയില്‍ വലിയ പ്രോത്സാഹനമാണ് അറബിക് റീഡിംഗ് ചലഞ്ച് സംഘാടകരില്‍ നിന്നുണ്ടായതെന്നും ഇസ്ഹാഖ് പറഞ്ഞു.

ആലപ്പുഴയില്‍ ഖതീബായി സേവനം ചെയ്യുന്ന അബൂബക്കര്‍ സഖാഫിയുടെയും ത്വയ്യിബയുടെയും മകനാണ് ഇസ്ഹാഖ്. തുടര്‍ച്ചയായി രണ്ടാം തവണയാണ്മഅ്ദിന്‍ വിദ്യാര്‍ഥിക്ക് ദുബൈയില്‍ നടന്ന അറബ് റീഡിംഗ് ചലഞ്ചില്‍ മത്സരത്തിന്റെ അവസാന റൗണ്ടിലെത്താനാവുന്നത്. കഴിഞ്ഞ വര്‍ഷം മുഹമ്മദ് സ്വാലിഹ് മോളൂര്‍ പങ്കെടുത്തിരുന്നു.