എല്ലാ പ്രണയ വിവാഹങ്ങളും ലൗ ജിഹാദ് അല്ലെന്ന് ഹൈക്കോടതി; നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം

Posted on: October 19, 2017 12:37 pm | Last updated: October 19, 2017 at 7:06 pm

കൊച്ചി: നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരെ
ജാഗ്രത വേണമെന്ന് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെ മതം മാറ്റുന്നത് ഭരണഘടന വിരുദ്ധമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം. ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പോലീസ് ഒരു കാരണവശാലും അനുവദിക്കരുത്. തൃപ്പൂണിത്തുറ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ കണ്ണൂര്‍ സ്വദേശിനി ശ്രുതിയുടെ കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. കേസില്‍ ശ്രുതിയെ ഹൈക്കോടതി ഭര്‍ത്താവ് അനീസ് ഹമീദിനൊപ്പം വിട്ടു. തന്റെ ഭാര്യയായ ശ്രുതിയെ അന്യായ തടങ്കലില്‍ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ പരിയാരം സ്വദേശിയായ അനീസ് ഹമീദ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് വിധി.

ഇതരമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ മാതാപിതാക്കള്‍ യോഗാ കേന്ദ്രത്തിലാക്കിയെന്നും അവിടെവെച്ച് മര്‍ദനത്തിനിരയായെന്നും ശ്രുതി പരാതി നല്‍കിയിരുന്നു. മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. എല്ലാ പ്രണയ വിവാഹങ്ങളെയും ലൗ ജിഹാദായി പ്രചിരിപ്പിക്കരുത്. പ്രണയത്തിന് അതിര്‍വരമ്പില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്വമേധയാ മതം മാറിയവരെയും, ഇതരമതസ്ഥരെ വിവാഹം കഴിച്ചവരെയും പീഡിപ്പിച്ച് ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന തൃപ്പൂണിത്തുറ ഘര്‍വാപസി കേന്ദ്രത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.