Kerala
ലിപ്പാരിസ് സനാമലബാറിക്ക പശ്ചിമഘട്ടത്തിലെ പുതിയ ഇനം ഓര്‍ക്കിഡ്

കല്‍പ്പറ്റ: പശ്ചിമഘട്ട മലനിരകളിലെ വയനാടന്‍ മഴക്കാടുകളില്‍ നിന്ന് പുതിയ ഇനം സസ്യത്തെ കണ്ടെത്തി. ഓര്‍ക്കിഡ് കുടുംബത്തിലെ മനോഹരമായ പൂക്കളുണ്ടാകുന്ന ലിപ്പാരിസ് ഇനത്തില്‍ പെട്ടതാണിത്. ലോക സസ്യ ശാസ്ത്രത്തിലേക്ക് ഈ പുതിയ സസ്യത്തിന് ഇടം നല്‍കിയത് എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ മുതിര്‍ന്ന സാങ്കേതിക വിഭാഗം ജീവനക്കാരനായ പിച്ചന്‍ എം സലീമാണ്.
സസ്യവൈവിധ്യങ്ങളാല്‍ സമ്പന്നമായ മലബാര്‍ പ്രദേശത്തെ പ്രതിനിധാനം ചെയ്യുന്നതും “അതീവ സുന്ദരമായ” എന്ന് അര്‍ഥം വരുന്ന അറബി നാമവും ചേര്‍ത്താണ് ഇതിന് ലിപ്പാരിസ് സനാമലബാറിക്ക എന്ന നാമം നല്‍കിയിട്ടുള്ളത്. വയനാട്ടിലെ ഓര്‍ക്കിഡുകളെക്കുറിച്ചുള്ള പഠനത്തില്‍ ഇതുവരെ 181ല്‍പ്പരം ഓര്‍ക്കിഡുകളെയാണ് കണ്ടെത്താന്‍ സാധിച്ചത്. അതില്‍ തന്നെ ലിപ്പാരിസ് ഇനത്തില്‍പ്പെട്ട 14ല്‍ പരം സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
നിത്യഹരിത വനങ്ങളിലെ മരങ്ങളില്‍ കൂട്ടമായി പറ്റിപ്പിടിച്ച് വളരുന്ന ഈ സസ്യങ്ങള്‍ക്ക് സാധാരണ ഗതിയില്‍ ഒരിലയും ഇലയുടെ അരികുകള്‍ കീറിയത് പോലെ ചില ഭാഗങ്ങളും ഉരുണ്ട കാണ്ഡവും ഉണ്ടാകും. അപൂര്‍വങ്ങളില്‍ പെട്ട ഈ സസ്യത്തിന്റെ സ്ഥാനം അതീവ സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.
പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം നല്‍കുന്നത് എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ മുതിര്‍ന്ന ഗവേഷകനും സ്ഥാപന മേധാവിയുമായ ഡോ. വി ബാലകൃഷ്ണനാണ്. ഇതുസംബന്ധിച്ച ഗവേഷണത്തിന്റെ പൂര്‍ണ രൂപം തായ്‌വാനിയ എന്ന അന്താരാഷ്ട്ര ജേണലിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.