150 വിശേഷാല്‍ നമ്പരുകളുടെ ലേലം ഷാര്‍ജ പോലീസ് നേടിയത് 84 ലക്ഷം ദിര്‍ഹം

Posted on: October 17, 2017 8:48 pm | Last updated: October 17, 2017 at 8:48 pm

ഷാര്‍ജ: വാഹനങ്ങളുടെ വിശേഷാല്‍ നമ്പറുകളുടെ ലേലത്തിലൂടെ ഷാര്‍ജ പോലീസ് സ്വന്തമാക്കിയത് 8,403,000 ദിര്‍ഹം. കഴിഞ്ഞ ശനിയാഴ്ച ഓണ്‍ലൈന്‍ വഴി നടന്ന ലേലത്തിലാണ് 150 ഫാന്‍സി നമ്പറുകള്‍ ഇത്രയും വലിയ തുകക്ക് ലേലംചെയ്തുപോയത്.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ലേല കമ്പനിയായ ‘എമിറേറ്റ്‌സ് ഓക്ഷനുമായി സഹകരിച്ചാണ് ഷാര്‍ജ പോലീസ് ലേല നടപടികള്‍ പൂര്‍ത്തിയാക്കിയത്. രണ്ടക്കവും മൂന്നക്കവുമുള്ള നമ്പറുകളും ലേലം ചെയ്യപ്പെട്ടവയില്‍പെടുമെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. ഏറ്റവും കൂടുതല്‍ മത്സരം നടന്നത് ’77’എന്ന നമ്പറിനുവേണ്ടിയായിരുന്നു. 1,460,000 ദിര്‍ഹമിനായിരുന്നു (ഏകദേശം രണ്ടര കോടിരൂപ) ഇത് ലേലത്തില്‍ പോയതെന്ന് പോലീസ് വെളിപ്പെടുത്തി. അവസാന നിമിഷംവരെ നിരവധിപേരാണ് ഈ രണ്ടക്ക നമ്പര്‍ സ്വന്തമാക്കാന്‍ മത്സരിച്ചതെന്ന് പോലീസ് അറിയിച്ചു.

‘5555’ ലേലത്തില്‍ പോയത് 356,500 ദിര്‍ഹമിനാണ്. മൊത്തം 400 പേരാണ് ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ചിലര്‍ വന്‍തുക നല്‍കി ഒന്നിലധികം നമ്പരുകള്‍ സ്വന്തമാക്കിയതായും പോലീസ് വെളിപ്പെടുത്തി. ലേലം വലിയ വിജയമായിരുന്നെന്ന് ഷാര്‍ജ പോലീസ് മേധാവി ബ്രിഗേഡിയര്‍ സൈഫ് അല്‍സിര്‍റി അല്‍ ശാംസി പറഞ്ഞു. 11111 (680,500), 555 (465,000), 10000(374,000), 5555 (356,500) എന്നിവയാണ് കഴിഞ്ഞദിവസം നടന്ന ലേലത്തില്‍ വില്‍പന നടന്ന പ്രധാന നമ്പരുകളും അവയുടെ വിലയും. വിശേഷാല്‍ നമ്പരുകളുടെ ലേലത്തിന് ഷാര്‍ജയില്‍ നിന്നും വന്‍പ്രതികരണം കഴിഞ്ഞ കാലങ്ങളില്‍ പ്രകടമായിരുന്നു. അതിനാല്‍തന്നെ എമിറേറ്റ്‌സ് ഓക്ഷന്‍ കമ്പനി തങ്ങളുടെ ഒരു ശാഖ, ഷാര്‍ജ ലൈസന്‍സിംഗ് ആന്‍ഡ് ട്രാഫിക് സര്‍വീസ് സെന്ററില്‍ ഇയ്യിടെ തുറന്നിരുന്നു.