Connect with us

Kerala

കേരളത്തിന് പ്രധാന ട്രെയിനുകള്‍ ലഭിക്കാനുള്ള സാധ്യത മങ്ങുന്നു

Published

|

Last Updated

പാലക്കാട്: നവംബര്‍ ഒന്നിനു നിലവില്‍ വരുന്ന പുതിയ റെയില്‍വേ സമയക്രമത്തില്‍ കേരളത്തിലെ റെയില്‍വേ ഡിവിഷനുകള്‍ ആവശ്യപ്പെട്ട പ്രധാന ട്രെയിനുകള്‍ ലഭിക്കാനുള്ള സാധ്യത മങ്ങുന്നു. പട്ടികയിലുണ്ടായിരുന്ന ട്രെയിനുകളില്‍ പലതും റെയില്‍വേ ബോര്‍ഡ് തഴഞ്ഞതായാണ് വിവരം. പ്രധാന ശിപാര്‍ശകളായിരുന്ന എറണാകുളം-രാമേശ്വരം, എറണാകുളം-സേലം ഇന്റര്‍സിറ്റി, കൊച്ചുവേളി-ഗുവാഹത്തി, മംഗളൂരു-രാമേശ്വരം, കൊച്ചുവേളി-ഹൈദരാബാദ്, കൊച്ചുവേളി-ബെംഗളൂരു ട്രെയിനുകള്‍ ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

അമൃത, രാജ്യറാണി ട്രെയിനുകള്‍ രണ്ട് പ്രത്യേക ട്രെയിനാക്കാനുള്ള നിര്‍ദേശവും ബോര്‍ഡ് അംഗീകരിച്ചില്ല. അതേ സമയം തിരുവനന്തപുരം-പാലക്കാട്-അമൃത എക്‌സ്പ്രസ്, മധുര വരെ നീട്ടും. കൊച്ചുവേളി-മംഗളൂരു ജംക്ഷന്‍ സ്‌പെഷ്യല്‍ ആഴ്ചയില്‍ രണ്ടു വീതമുള്ള സര്‍വീസായി സ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട്. തിരുനെല്‍വേലി-ഗാന്ധിധാം, ജബല്‍പൂര്‍-കോയമ്പത്തൂര്‍ സ്‌പെഷ്യല്‍ ട്രെയിനുകളും സ്ഥിരപ്പെടുത്തും. തമിഴ്‌നാടിനു പുതിയതായി തിരുനെല്‍വേലി-ചെന്നൈ, താംബരം-ചെങ്കോട്ട ട്രെയിനുകള്‍ ലഭിക്കും. ചെന്നൈ-തിരുവനന്തപുരം അനന്തപുരി എക്‌സ്പ്രസ് കൊല്ലം വരെയും ചെന്നൈ-പൊള്ളാച്ചി എക്‌സ്പ്രസ് പാലക്കാട് വരെയും നീട്ടും. ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുമെന്നു പ്രതീക്ഷിക്കുന്ന പുനലൂര്‍-ചെങ്കോട്ട പാതയിലൂടെയുള്ള പുതിയ സര്‍വീസുകളൊന്നും സമയക്രമത്തില്‍ ഇടം നേടിയിട്ടില്ല.

ഗുരുവായൂര്‍-രാമേശ്വരം, കൊച്ചുവേളി-ചെന്നൈ, എറണാകുളം-വേളാങ്കണി, കൊച്ചുവേളി-കോയമ്പത്തൂര്‍, തൂത്തുകുടി-മംഗളൂരു തുടങ്ങിയ ട്രെയിനുകള്‍ക്കായി വിവിധ സംഘടനകളും എം പിമാരും സമര്‍ദം ചെലുത്തുന്നുണ്ട്. മംഗളൂരു ട്രെയിനൊഴികെ ബാക്കിയുള്ളവ മുമ്പ് മീറ്റര്‍ ഗേജ് കാലത്ത് കൊല്ലത്തു നിന്നുണ്ടായിരുന്ന സര്‍വീസുകളാണ്. പാലക്കാട്-പുനലൂര്‍ പാലരുവി എക്‌സ്പ്രസ് തൂത്തുകുടിയിലേക്കു നീട്ടുന്നതു റെയില്‍വേയുടെ പരിഗണനയിലുണ്ട്. ദക്ഷിണ റെയില്‍വേ ശിപാര്‍ശ ചെയ്ത ട്രെയിനുകള്‍ ലഭിക്കാതെ പോയെന്ന ചോദ്യത്തിനു കൃത്യമായ മറുപടി നല്‍കാനും അധികൃതര്‍ക്കാകുന്നില്ല. ബോര്‍ഡിലുള്ളവരാണു ശിപാര്‍ശ പരിശോധിച്ചു തീരുമാനമെടുത്തത്.

ബോര്‍ഡില്‍ ഇതിന്റെ ചുമതലയുള്ള പലര്‍ക്കും കൊച്ചുവേളി ഉള്‍പ്പെടെ പല സ്ഥലങ്ങളെ കുറിച്ചു കൃത്യമായ ധാരണയില്ലാത്തതും തിരിച്ചടിയായതായി ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. എം പിമാരുടെ സമര്‍ദം ഉണ്ടെങ്കിലേ ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയൂ. കഴിഞ്ഞ രണ്ടു കൊല്ലമായി ബജറ്റില്‍ ട്രെയിന്‍ പ്രഖ്യാപിക്കുന്നതിനു പകരം പുതിയ സമയക്രമത്തിലാണു ട്രെയിനുകള്‍ അനുവദിക്കുന്നതെന്ന കാര്യം കേരളത്തിലെ പല എം പിമാരും അറിഞ്ഞ മട്ടില്ലെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.