Connect with us

International

കാലിഫോര്‍ണിയന്‍ കാട്ടുതീ; 17 മരണം; 150 ഓളം പേരെ കാണാതായി

Published

|

Last Updated

കാട്ടു തീയില്‍ കത്തിനശിച്ച സാന്റാ റോസയിലെ ട്രെയിലര്‍ പാര്‍ക്കിന്റെ പഴയതും ഇപ്പോഴുമുള്ള ചിത്രം

സാക്രമെന്റോ: വടക്കന്‍ കാലിഫോര്‍ണിയയില്‍ വന്‍ നാശംവിതച്ച് വീശിയടിച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 17 ആയി. നൂറ് കണക്കിന് വീടുകളടക്കം രണ്ടായിരത്തോളം കെട്ടിടങ്ങള്‍ കത്തിനശിച്ച കാട്ടുതീയില്‍പ്പെട്ട് 150 ഓളം പേരെ കാണാതായിട്ടുണ്ടെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു. സൊണോമയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 11 പേര്‍ മരിച്ചിട്ടുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോ, സാന്റാ റോസ എന്നീ നഗരങ്ങളിലും കനത്ത നാശമാണ് റിപ്പോര്‍ട്ട് ചെയ്തത്.
സൊണോമയില്‍ 155 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി വ്യാപകമായ തിരച്ചിലാണ് നടക്കുന്നത്. കാട്ടുതീയിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയെന്നത് ഏറെ പ്രയാസകരമായിരിക്കും. മരിച്ചവരില്‍ 100ഉം 98ഉം വയസ്സ് പ്രായമുള്ള വൃദ്ധരും ഉള്‍പ്പെട്ടിട്ടുണ്ട്.

കാലിഫോര്‍ണിയന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും രൂക്ഷമായ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാട്ടു തീക്ക് പിന്നാലെ ശക്തമായ കാറ്റ് റിപ്പോര്‍ട്ട് ചെയ്തത് അപകടത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചു. പതിനായിരങ്ങളെയാണ് കാലിഫോര്‍ണിയന്‍ സംസ്ഥാനത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. 1.15 ലക്ഷം ഏക്കര്‍ ഭൂമി തീപ്പിടിത്തത്തില്‍ കത്തിനശിച്ചു. 17 കാട്ടുതീകള്‍ റിപ്പോര്‍ട്ട് ചെയ്തു. തീ അണക്കാനായി അഗ്നിശമന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശ്രമം ഊര്‍ജിതമായി നടക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ കഠിനമായ പരിശ്രമമാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഒരുലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചിട്ടുണ്ട്. കാലിഫോര്‍ണിയക്ക് യു എസ് സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു.

Latest