Connect with us

International

റോഹിംഗ്യന്‍ ബോട്ട് മുങ്ങി; നിരവധി മരണം

Published

|

Last Updated

ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥികളുമായി മ്യാന്മറില്‍ നിന്ന് പുറപ്പെട്ട ബോട്ട് ബംഗ്ലാദേശ് തീരത്തിനടുത്ത് തകര്‍ന്നു. പത്ത് കുട്ടികളടക്കം 12 പേര്‍ മരിച്ചു. നൂറോളം പേരെ കാണാതായി. ബംഗ്ലാദേശ് അധികൃതരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. നാഫ് നദീ തീരത്ത് ഞായറാഴ്ച വൈകിയായിരുന്നു സംഭവം. മരണ സംഖ്യ വര്‍ധിക്കാനിടയുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണെന്നും ബംഗ്ലാദേശ് വൃത്തങ്ങള്‍ വ്യക്തമാക്കി.

അപകട സമയം ബോട്ടില്‍ എത്രപേരുണ്ടായിരുന്നുവെന്നത് വ്യക്തമല്ല. എന്നാല്‍ നൂറിനടുത്താളുകള്‍ മ്യാന്മറില്‍ നിന്നെത്തുന്ന ബോട്ടിലുണ്ടാകാറുണ്ടെന്ന് ബംഗ്ലാദേശ് തീരദേശ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഇവര്‍.

യാത്രാ യോഗ്യമല്ലാത്ത ബോട്ടുകളില്‍ താങ്ങാവുന്നതിലുമധികം യാത്രക്കാര്‍ കയറുന്നതാണ് അഭയാര്‍ഥി ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നതിന് കാരണമാകുന്നത്. കഴിഞ്ഞ മാസവും സമാനമായ സംഭവം ബംഗ്ലാദേശ് തീരത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 60 പേര്‍ അപകടത്തില്‍ മരിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചെറിയ ബോട്ടിലാണ് അഭയാര്‍ഥികള്‍ പലായനം ചെയ്യുന്നത്. റാഖിനെ തീരത്ത് ആയിരങ്ങള്‍ ഇനിയും ഇത്തരത്തില്‍ ബോട്ട് മാര്‍ഗം പലായനം ചെയ്യാനായി കാത്തിരിക്കുകയാണ്. സൈന്യത്തിനൊപ്പം ബുദ്ധ തീവ്രവാദികളും ആക്രമണത്തിനായി അണിനിരന്നിട്ടുണ്ട്.

സൈന്യത്തിന്റെ നേതൃത്വത്തില്‍ ആഗസ്റ്റില്‍ ആരംഭിച്ച വംശഹത്യാ ആക്രമണത്തെ തുടര്‍ന്ന് അഞ്ച് ലക്ഷത്തോളം റോഹിംഗ്യകള്‍ ബംഗ്ലാദേശിലെത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. റോഹിംഗ്യകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുക, വീടുകള്‍ അഗ്നിക്കിരയാക്കുക, സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗത്തിനിരയാക്കുക തുടങ്ങിയ മനുഷ്യാവകാശ ധ്വംസനങ്ങളും ആക്രമണങ്ങളും റാഖിനെയില്‍ അരങ്ങേറുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

അതിനിടെ, സൈന്യത്തിന്റെ നേതൃത്വത്തില്‍ മ്യാന്മറിലെ റാഖിനെയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി സന്നദ്ധ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങളോ എണ്ണമോ വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല.
മാധ്യമ പ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും റാഖിനെയില്‍ സന്ദര്‍ശനം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ റാഖിനെയില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രൂരമായ മനുഷ്യാവകാശലംഘനം സംബന്ധിച്ച വാര്‍ത്തകര്‍ പുറംലോകം അറിയാതെയായി. സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടി ബംഗ്ലാദേശിലെത്തിയ അഭയാര്‍ഥികളുടെ വെളിപ്പെടുത്തലില്‍ നിന്നാണ് ബലാത്സംഗമടക്കമുള്ള സൈന്യത്തിന്റെ ക്രൂരതകള്‍ പുറത്തായത്.

 

Latest