മാജിക് പേനക്കെതിരെ ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്

Posted on: October 9, 2017 6:49 pm | Last updated: October 9, 2017 at 6:49 pm

ഷാര്‍ജ: നിലവാരം കുറഞ്ഞ പേനകളും മാജിക് പേനകളും കൊണ്ട് ചെക്കുകളിലും ഔദ്യോഗിക രേഖകളിലും ഒപ്പു പതിക്കുന്നതിനെതിരെ ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്. വേഗത്തില്‍ നിറം മങ്ങാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരം പേനകള്‍ ബേങ്ക് ഇടപാടുകള്‍ക്ക് സ്വീകരിക്കരുതെന്നു നിര്‍ദേശിച്ചത്. ഒരു നിശ്ചിത കാലം കഴിഞ്ഞാല്‍ ഈ പേനകളിലെ മഷി നിറം മാറുന്നതിനാലാണ് ഇടപാടുകള്‍ പോലെ അതിനു ഉപയോഗിക്കുന്ന പേനയും കുറ്റമറ്റതാകണമെന്ന് നിര്‍ദേശിക്കുന്നത്.

വ്യാപാര, വാണിജ്യ ഇടപാടു രേഖകളില്‍ ഒപ്പുവയ്ക്കുന്നതു കരുതലോടെയും വ്യക്തതോടെയും വേണമെന്നും ഷാര്‍ജ പൊലീസ് വ്യക്തമാക്കുന്നു. പരക്കുന്നതും മങ്ങുന്നതുമായ മഷികൊണ്ട് ചെക്കുകളിലും ഔദ്യോഗിക രേഖകളിലും ഒപ്പുവയ്ക്കരുതെന്നാണ് പോലീസിന്റെ നിര്‍ദേശം. ചൂടേല്‍ക്കുന്നതോടെ മഷിമായും.തും പരക്കുന്നതുമായ പേനകള്‍ ചെക്ക് കേസുകള്‍ക്ക് കാരണമായിട്ടുണ്ട്. ചൂടേറ്റു നിറം മങ്ങുന്നതിനാല്‍ രേഖകളില്‍ കൃത്രിമം കാണിക്കാനും ഇതുവഴി പണം തട്ടാനും എളുപ്പമാണ്. വ്യക്തികളും കമ്പനികളും തമ്മിലുള്ള കരാറുകളിലും ഇടപാട് രേഖകളിലും ചെക്കുകളിലും ഒപ്പ് പതിക്കുമ്പോള്‍ കൃത്യതയും കാര്യക്ഷമതയും വേണം.

ഇതിനായി മെച്ചപ്പെട്ട ബാള്‍ പേനകള്‍ ഉപയോഗിക്കുന്നതാണ് ഉചിതമെന്നു ഷാര്‍ജ പോലീസ് ക്രിമിനല്‍ ലബോറട്ടറി ഡയറക്ര്‍ ബ്രിഗേ. ഡോക്ടര്‍ അബ്ദുല്‍ ഖാദര്‍ അല്‍ ആമിരി അറിയിച്ചു. ഡിപ്പാര്‍ട്‌മെന്റ് കഴിഞ്ഞ കാലങ്ങളിലായി നടത്തിയ ലാബ് പരിശോധനകളുടെ റിപ്പോര്‍ട്ട് വിലയിരുത്തിയപ്പോള്‍ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. വ്യാജരേഖകള്‍ ചമയ്ക്കാന്‍ വഴി എളുപ്പമാകുന്നത് മുന്‍കാലങ്ങളില്‍ പതിച്ച ഒപ്പുകളുടെ അവ്യക്തതയാണ്. പരിശോധനക്ക് വേണ്ടി ക്രിമിനല്‍ ലാബിലുള്ള ആധുനിക സംവിധാനങ്ങള്‍ രേഖകളിലെ ഇത്തരം കൃത്രിമങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര, വാണിജ്യ ഇടപാടുകളുടെ രേഖകളില്‍ ഒപ്പ് പതിക്കാന്‍ സവിശേഷമായ പേനകള്‍ ഉപയോഗിക്കണം. വേഗത്തി ല്‍ നിറം മങ്ങുന്ന മഷികൊണ്ടുള്ള കയ്യൊപ്പ് വിപരീത ഫലം സൃഷ്ടിക്കാനും സാധ്യതയുണ്ട്.

മങ്ങിയ മഷികൊണ്ടുള്ള കയ്യൊപ്പുകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പ്രത്യേക ലേസര്‍ പരിശോധനകളാണ് നടത്തുന്നത്. രേഖകള്‍ കാര്യക്ഷമമാകുന്നതിലുള്ള അശ്രദ്ധ അര്‍ഹമായ അവകാശങ്ങള്‍ നഷ്ടപ്പെടുത്തുമെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കി.