അണ്ടര്‍ 17 ലോകകപ്പ്: ഇന്ത്യ ഇന്ന് കൊളംബിയക്കെതിരെ

Posted on: October 9, 2017 8:57 am | Last updated: October 9, 2017 at 10:20 am
SHARE

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് എയില്‍ കൊളംബിയയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ അമേരിക്കയോടേറ്റ പരാജയത്തില്‍ പുതിയ പാഠമുള്‍ക്കൊണ്ടാകും ഇന്ത്യ ഇന്ന് ഇറങ്ങുക. ആതിഥേയരെന്ന ടാഗ് കഴുത്തിലണിഞ്ഞ് ലോകകപ്പില്‍ പന്തു തട്ടുന്ന ഇന്ത്യ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അമേരിക്കന്‍ ടീമിനോട് പരാജയം രുചിച്ചത്.
എന്നാല്‍, തോല്‍വിയിലും അഭിമാനാര്‍ഹമായ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. അതിനാല്‍ തന്നെ, കൊളംബിയക്കെതിരെ കടുത്ത പോരാട്ടം തന്നെ ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസിന്റെ കുട്ടികള്‍ പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് എട്ട് മണിക്കാണ് മത്സരം. ആദ്യ മത്സരത്തിലെന്ന പോലെ 4-2-3-1 ശൈലിയിലാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക. മലയാളിയായ രാഹുല്‍ ആദ്യ ലൈനപ്പില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. കാല്‍ക്കുഴക്കേറ്റ പരുക്കില്‍ നിന്ന് രാഹുല്‍ മുക്തനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിതേന്ദ്ര സിംഗും അന്‍വര്‍ അലിയും സെന്‍ട്രല്‍ ഡിഫന്‍സിലും സജ്്ഞീവ് സ്റ്റാലിനും രാഹുലും ഫുള്‍ബാക്കുകളായും ഇറങ്ങും. നായകന്‍ അമര്‍ജീത് സിംഗ്, സുരേഷ് സിംഗ് മധ്യനിരയില്‍. കോമല്‍ തറ്റാല്‍, നിന്‍തോയിന്‍ഗാബ മീതെ വിംഗുകളില്‍. അനികേത് ജാദവ് ഏക സ്‌ട്രൈക്കറാകും.
അമേരിക്കക്കെതിരെ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ ഗോള്‍ കീപ്പര്‍ ധീരജ് സിംഗാണ് മറ്റൊരു പ്രതീക്ഷ. അരഡസന്‍ ഗോളിനെങ്കിലും അമേരിക്ക ജയിക്കേണ്ട മത്സരത്തില്‍ ഇന്ത്യന്‍ പരാജയം കാല്‍ഡസന്‍ ഗോളിലേക്ക് ചുരുക്കിയത് ധീരജിന്റെ ധീരമായ ഇടപെടലുകളായിരുന്നു. ”അമേരിക്കക്കെതിരായ തോല്‍വി ഞങ്ങളെ സംബന്ധിച്ച് നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍, പരാജയത്തില്‍ നിന്ന് ഏറെ പഠിക്കാന്‍ കഴിഞ്ഞു. കൊളിംബിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ”- ധീരജ് പറയുന്നു.
അകമഴിഞ്ഞ പിന്തുണയുമായി സ്റ്റേഡിയത്തിലേക്കെത്തുന്ന ആയിരങ്ങള്‍ ടീമിന്റെ മുതല്‍ക്കൂട്ടാണ്. ഇരു ടീമുകള്‍ക്കും ഇന്ന് ജീവന്മരണ പോരാട്ടമാണ്. ഇന്ന് ജയിച്ചില്ലെങ്കില്‍ ഇരു ടീമുകളുടെയും സാധ്യതകള്‍ തുലാസിലാകും. ആദ്യ മത്സരത്തില്‍, ആഫ്രിക്കന്‍ കരുത്തരായ ഘാനയോട് മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയയുടെ പരാജയം.

LEAVE A REPLY

Please enter your comment!
Please enter your name here