ഇമാറാത്തി മീഡിയാ ഫോറം നവംബര്‍ ആദ്യവാരം

Posted on: October 8, 2017 9:38 pm | Last updated: October 8, 2017 at 9:27 pm
SHARE

ദുബൈ: നാലാമത് ഇമാറാത്തി മീഡിയാ ഫോറം നവംബര്‍ ആറിന് നടക്കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഫോറം. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലാണ് ഫോറം സംഘടിപ്പിക്കുന്നത്.

ദേശീയവും അന്തര്‍ദേശീയവുമായ നിരവധി രാഷ്ട്രീയ പ്രധാന്യമുള്ള വിഷയങ്ങള്‍ നിലനില്‍ക്കെ നടക്കുന്ന നാലാമത് മീഡിയാ ഫോറത്തിന് വന്‍ പ്രാന്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ യു എ ഇയുടെ നിലപാടുകളും കാഴ്ചപ്പാടുകളും ഫോറത്തില്‍ ചര്‍ചചെയ്യപ്പെടും. ഇതിനുപുറമെ യു എ ഇ വിവിധ മേഖകളില്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളില്‍ മീഡിയകളുടെ പങ്കും ഒരു ദിവസം മുഴുവനായി നടക്കുന്ന ഫോറത്തില്‍ ചര്‍ച്ചവരുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
ദുബൈ പ്രസ് ക്ലബ്ബാണ് ഫോറം സംഘടിപ്പിക്കുന്നത്. അറബ് മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലനില്‍ക്കെ, രാജ്യത്തെ മീഡിയാ രംഗത്തെ മുഴുവന്‍ സമൂഹവും പങ്കെടുക്കുന്ന ചര്‍ച്ചകള്‍ക്ക് ഏറെ പ്രത്യേകതയുണ്ടെന്ന് സംഘാടകരായ പ്രസ് ക്ലബ്ബ്് അധികൃതര്‍ പറഞ്ഞു.

മാത്രവുമല്ല, യശശരീരനായ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ഏതൊക്കെ ധര്‍മങ്ങളും നന്മകളും അടിത്തറയാക്കിയാണോ രാജ്യത്തിന്റെ ഏകത സ്ഥാപിച്ചത്, അവ ഉയര്‍ത്തിപ്പിടിച്ച് സമൂഹ മനസ്സുകളെ അവരോടൊപ്പം നിര്‍ത്തുന്നതില്‍ രാജ്യത്തെ മീഡിയകള്‍ക്കുള്ള പങ്കും ഫോറത്തില്‍ ചര്‍ച്ചചെയ്യപ്പെടും.
മേഖലയിലെ പുതിയ രാഷ്ട്രീയവും അല്ലാത്തതുമായ സാഹചര്യങ്ങളില്‍ മീഡിയകള്‍ നേരിടുന്ന വെല്ലുവിളികളും ഫോറത്തില്‍ വിഷയീഭവിക്കും. യു എ ഇ അതിന്റെ പുരോഗനാത്മകമായ 2021 സ്ട്രാറ്റജിയുമായി മുന്നോട്ട് കുതിക്കുമ്പോള്‍, അത് വേഗത്തിലാക്കാന്‍ രാജ്യത്തെ മീഡിയകള്‍ ഒപ്പം നില്‍ക്കേണ്ടതിന്റെ അനിവാര്യത ഫോറത്തില്‍ ചര്‍ച്ചക്കുവരുമെന്ന് ദുബൈ പ്രസ് ക്ലബ് ചെയര്‍പേഴ്‌സന്‍ മുനാ ഗാനിം അല്‍ മര്‍റി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here