Connect with us

National

വീണ്ടും പ്രകോപനം; ദോക്‌ലാമില്‍ റോഡ് നിര്‍മിക്കാനൊരുങ്ങി ചൈന

Published

|

Last Updated

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ റോഡ് നിര്‍മാണശ്രമത്തെ തുടര്‍ന്ന് ഇന്ത്യയുമായുള്ള തര്‍ക്കം മൂലം ഉടലെടുത്ത പ്രതിസന്ധിക്ക് നയതന്ത്രതലത്തില്‍ താത്കാലിക പരിഹാരം കണ്ട് ഒരു മാസം പിന്നിടവെ വീണ്ടും പ്രകോപനം സൃഷ്ടിക്കാന്‍ ചൈനീസ് ശ്രമം. ഇന്ത്യ- ചൈന അതിര്‍ത്തി പ്രദേശമായ ദോക്‌ലാമില്‍ വീണ്ടും റോഡ് നിര്‍മിക്കാന്‍ ചൈന ഒരുക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. അഞ്ഞൂറോളം സൈനികരെ മേഖലയില്‍ വിന്യസിപ്പിച്ചാണ് ചൈനയുടെ നീക്കമെന്ന് ദേശീയ മാധ്യമമായ എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ദോക്‌ലാമിനെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ താത്കാലിക പരിഹാരം കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് മേഖലയില്‍ നിന്ന് ചൈന സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ സംഭവങ്ങള്‍ നടന്ന് ഒരുമാസം പിന്നിടുന്നതിനു മുമ്പാണ് ചൈന വീണ്ടും മേഖലയില്‍ പ്രകോപനം സൃഷ്ടിക്കുന്നത്. നേരത്തെ തര്‍ക്കം നിലനിന്നിരുന്ന മേഖലയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാറിയാണ് ഇപ്പോള്‍ ചൈനയുടെ റോഡ് നിര്‍മാണം നടക്കുന്നത്.

റോഡ് നിര്‍മാണം പുനരാരംഭിക്കുന്നതിനായി നിര്‍മാണ തൊഴിലാളികളെയും നിര്‍മാണ സാമഗ്രികളും മേഖലയില്‍ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പുറമെ അഞ്ഞൂറ് സൈനികരെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ദോക്‌ലാം മേഖലയുടെ അവകാശം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വീണ്ടും ചൈന റോഡ് നിര്‍മിക്കാനൊരുങ്ങുന്നതെന്ന് ഇന്ത്യന്‍ സൈനിക വക്താവ് പറഞ്ഞു.
ഇന്ത്യ- ചൈന- ഭൂട്ടാന്‍ അതിര്‍ത്തികള്‍ ചേരുന്ന ദോക്‌ലാമില്‍ മാസങ്ങള്‍ക്ക് മുമ്പാണ് സംഘര്‍ഷം ഉടലെടുത്തത്. ഇവിടെ ചൈന റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം. ഭൂട്ടാന്‍ അതിര്‍ത്തിക്കുള്ളിലാണ് ചൈനയുടെ റോഡ് നിര്‍മാണം നടന്നത്. ഭൂട്ടാനുമായുള്ള കരാറിന്റെ ഭാഗമായി ഇന്ത്യ പ്രദേശം സംരക്ഷിക്കാന്‍ സൈന്യത്തെ അയച്ചതോടെ ചൈന പ്രകോപിതരാകുകയായിരുന്നു. തുടര്‍ന്ന് എഴുപത് ദിവസത്തോളം ഇരു രാജ്യങ്ങളും മേഖലയില്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. പിന്നീട് ചര്‍ച്ചകകളുടെ അടിസ്ഥാനത്തില്‍ ചൈന മേഖലയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഈ പിന്മാറ്റത്തിനു ശേഷമാണ് പത്ത് കിലോമീറ്റര്‍ മാറി നിര്‍മാണം പുനരാരംഭിച്ചത്.

ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ നിന്ന് നിന്‍ഗ്ചിയിലേക്ക് ചൈന നിര്‍മിച്ച പുതിയ എക്‌സ്പ്രസ് ഹൈവേ കഴിഞ്ഞയാഴ്ച തുറന്നിരുന്നു. അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്കു സമീപത്ത് കൂടി കടന്നുപോകുന്ന 409 കിലോമീറ്റര്‍ നീളമുള്ള റോഡ് വിനോദ സഞ്ചാരത്തിനാണെന്ന് ചൈന പറയുന്നുവെങ്കിലും സൈനികരെ കൊണ്ടുപോകുന്നത് കൂടി കണക്കിലെടുത്താണ് റോഡ് നിര്‍മിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

---- facebook comment plugin here -----

Latest