കണ്‍സര്‍വേഷന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു

Posted on: October 5, 2017 8:58 pm | Last updated: October 5, 2017 at 8:58 pm

ദുബൈ: വിദ്യുച്ഛക്തി, ജല ഉപഭോഗം കുറക്കാന്‍ ദുബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിശ്രമങ്ങളെ കണ്‍സര്‍വേഷന്‍ അവാര്‍ഡ് നല്‍കി ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) ആദരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ആദരവിന് അര്‍ഹരായി. പരിസ്ഥിതി ബോധവല്‍കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഊര്‍ജ സംരക്ഷണത്തിലും ഊര്‍ജ കാര്യക്ഷമതയിലും മികച്ച രീതികള്‍ അവലംബിക്കുകയും ചെയ്ത സ്ഥാപനങ്ങളെയും വ്യക്തികളെയുമാണ് ചടങ്ങില്‍ ആദരിച്ചത്.

ദീവ സി ഇ ഒ സഈദ് മുഹമ്മദ് അല്‍ തായര്‍, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. താനി ബിന്‍ അഹമദ് അല്‍ സയൂദി, വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മര്‍വാന്‍ അല്‍ സവേലി, കെഎച്ച്ഡിഎ ഡയറക്ടര്‍ ബോര്‍ഡ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍ കറം തുടങ്ങിയവര്‍ സംബന്ധിച്ചു.
അല്‍ ഹിക്മ കിന്റര്‍ഗാര്‍ട്ടന്‍, ജുമൈറ ഇന്റര്‍നാഷണല്‍ നഴ്‌സറി എന്നിവ കിന്റര്‍ഗാര്‍ട്ടനിലും ഗെര്‍നേറ്റ ഗേള്‍സ് സ്‌കൂള്‍, നാഷണല്‍ ചാരിറ്റി സ്‌കൂള്‍ എന്നിവ പ്രൈമറി സ്‌കൂള്‍ വിഭാഗത്തിലും, അല്‍ മുഹല്ലബ് സ്‌കൂള്‍, റാഫേഴ്‌സ് വേള്‍ഡ് അക്കാഡമി എന്നിവ സെക്കണ്ടറി സ്‌കൂളുകളിലും അലി സലാം സ്‌കൂള്‍, മില്ലെനിയം സ്‌കൂള്‍ എന്നിവ ഹൈസ്‌കൂള്‍ വിഭാഗത്തിലും അവാര്‍ഡിനു അര്‍ഹരായി. മുതിര്‍ന്നവര്‍ക്കുള്ള പഠന വിഭാഗത്തില്‍ അല്‍ ഹംറിയയിലെ ദുബൈ വുമണ്‍സ് അസോസിയേഷന്‍ ആദരിക്കപ്പെട്ടു.
അല്‍ നൂര്‍ ട്രെയിനിംഗ് സെന്റര്‍, ഖുലഫാഉര്‍ റാശിദീന്‍ സ്‌കൂള്‍, അല്‍-വര്‍ഖയിലെ ഔര്‍ ഓണ്‍ ഹൈസ്‌കൂള്‍, അസ്മാ ബിന്‍ത് അല്‍മനന്‍, ജുമൈറ കോളേജ്, ഹംദാന്‍ ബിന്‍ മുഹമ്മദ് സ്മാര്‍ട് യൂണിവേഴ്‌സിറ്റി എന്നിവയും മികച്ച സംഭാവനകള്‍ അര്‍പിച്ച ഏതാനും വ്യക്തികളും അവാര്‍ഡിനു അര്‍ഹരായി.