Connect with us

Eranakulam

ഹജ്ജ്: മുഴുവന്‍ തീര്‍ഥാടകരും തിരിച്ചെത്തി

Published

|

Last Updated

നെടുമ്പാശ്ശേരി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി പുറപ്പെട്ട മുഴുവന്‍ തീര്‍ഥാടകരും തിരിച്ചെത്തി. ഇന്നലെ രാവിലെ 11.30ന് കൊച്ചി അന്താരാഷ്ട്ര വിമാത്തതാവളത്തില്‍ എത്തിയ സഊദി എയര്‍ലൈന്‍സ് വിമാനത്തിലാണ് അവസാന തീര്‍ഥാടക സംഘം തിരിച്ചെത്തിയത്.

കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി സഊദി എയര്‍ലൈന്‍സ് 39 പ്രത്യേക സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരുന്നത്. സെപ്തംബര്‍ 21 മുതലാണ് മടക്കയാത്ര ആരംഭിച്ചത്. കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ പോയ തീര്‍ഥാടകരില്‍ മൂന്ന് സ്ത്രീകള്‍ അടക്കം 13 പേര്‍ മരണപ്പെട്ടിരുന്നു. 47 പേര്‍ മറ്റു യാത്രാ വിമാനങ്ങളിലായിട്ടാണ് കേരളത്തിലേക്ക് മടക്കയാത്ര നടത്തിയത് ഒരു സ്ത്രീ അസുഖം കാരണം സഊദിയില്‍ തങ്ങുന്നുണ്ട്. അവരെ പരിചരിക്കുന്നതിനായി ഭര്‍ത്താവും അവിടെയുണ്ട്.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി ടി കെ അബ്ദുര്‍റഹിമാന്‍, ഹജ്ജ് സ്‌പെഷ്യല്‍ ഓഫീസര്‍ യു അബ്ദുല്‍ കരീം, ഹജ്ജ് സെല്‍ ഓഫീസര്‍ അബ്ദുല്ലത്വീഫ്, അസിസ്റ്റന്റ് സെല്‍ ഓഫീസര്‍ എസ് നജീബ്, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ 18 സര്‍ക്കാര്‍ ജീവനക്കാരും 60 വളണ്ടിയര്‍മാരും ഹജ്ജ് കമ്മിറ്റി ഓഫീസ്ജീവനക്കാരും ചേര്‍ന്നാണ് തീര്‍ഥാടകരെ സ്വീകരിച്ച് ബന്ധുക്കള്‍ക്കൊപ്പം യാത്രയാക്കിയത്.
ഒറിജനല്‍ ക്വാട്ടയില്‍ 6324 സീറ്റുകളും മറ്റു സംസ്ഥാനങ്ങളില്‍ ബാക്കി വന്ന 4873 സീറ്റുകളുമാണ് കേരളത്തിലെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ലഭിച്ചത്.

Latest