പാക് ചാരസംഘടനക്ക് തീവ്രവാദ ബന്ധം: യു എസ് ജനറല്‍

Posted on: October 4, 2017 11:06 pm | Last updated: October 4, 2017 at 11:06 pm

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐക്ക് തീവ്രവാദി സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഐ എസ് ഐ സ്വന്തം വിദേശനയമാണ് പിന്ത്വുടരുന്നതെന്നും അമേരിക്കയുടെ ഒരു ഉന്നത ജനറല്‍ പറഞ്ഞു. തീവ്രവാദി സംഘങ്ങള്‍ക്ക് പാക് ചാരസംഘടന സഹായങ്ങളൊരുക്കുന്നുവെന്ന ശക്തമായ ആക്ഷേപത്തെ പിന്തുണക്കുന്ന അമേരിക്കയുടെ പ്രസ്താവന പാക്കിസ്ഥാന്‍ നിഷേധിച്ചു. ഇതേ ആരോപണങ്ങള്‍ പാക്കിസ്ഥാനെതിരെ അയല്‍ രാജ്യങ്ങളായ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഉന്നയിച്ചിരുന്നു.

ഐ എസ് ഐക്ക് തീവ്രവാദി സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് താന്‍ ഉറച്ച് വിശ്വസിക്കുന്നതെന്ന് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയിലെ സെനറ്റ് അംഗങ്ങളുടെ പ്രതിനിധി സഭ ഹിയറിംഗിനിടെ സെനറ്റര്‍ ജോ ഡൊനെല്ലിയുടെ ചോദ്യത്തിന് മറുപടിയായി ജനറല്‍ ജോസഫ് ഡണ്‍ഫോഡ് പറഞ്ഞു.

ഐ എസ് ഐ ഇപ്പോഴും താലിബാനെ സഹായിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് ഡണ്‍ഫോഡ് ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാക്കിസ്ഥാന്റെ പെരുമാറ്റത്തില്‍ ഫലപ്രദമായ മാറ്റം വരുത്താന്‍ അമേരിക്ക ഉഭയകക്ഷി സമീപനം പിന്തുടരുകയാണ്. എന്നാല്‍ പാക്കിസ്ഥാനെ ഒരു കാര്യത്തിലും മാറ്റാനായില്ലെന്നും ഡണ്‍ഫോഡ് പറഞ്ഞു. ബഹുമുഖ സമീപനത്തിലൂടെ പാക്കിസ്ഥാനില്‍ മാറ്റങ്ങള്‍ വരുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഇദ്ദേഹം പറഞ്ഞു.