Connect with us

Sports

ഇറാഖ് കൊല്‍ക്കത്തയിലിറങ്ങി, അമേരിക്ക ന്യൂഡല്‍ഹിയിലും: ജര്‍മനി ഗോവയില്‍

Published

|

Last Updated

അണ്ടര്‍ 17 ലോകകപ്പിനായി ഗോവയിലെത്തിയ ജര്‍മന്‍ ടീം പരിശീലനത്തില്‍

കൊല്‍ക്കത്ത: ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള ജര്‍മനി, ഇറാഖ്, അമേരിക്ക ടീമുകള്‍ ഇന്ത്യയിലെത്തി.
തിങ്കള്‍ പുലര്‍ച്ചെയോടെ ജര്‍മന്‍ ടീം വാസ്‌കോയിലെ ദബോലിം വിമാനത്താവളത്തിലെത്തി. ഏകദേശം 3.30 ന് എത്തിയ ടീമില്‍ സൂപ്പര്‍ സ്‌ട്രൈക്കറും ടീം ക്യാപ്റ്റനുമായ ജാന്‍ ഫിറ്റെ അര്‍പ് ഇല്ലായിരുന്നു. ബുണ്ടസ് ലിഗയില്‍ എസ് വി ഹാംബര്‍ഗിന് മത്സരമുള്ളതിനാലാണ് യുവതാരം ആദ്യ സംഘത്തില്‍ ഉള്‍പ്പെടാതിരുന്നത്. അണ്ടര്‍ 17 യൂറോ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് ഹാട്രിക്ക് നേടിയ താരമാണ് അര്‍പ്. ജര്‍മന്‍ ടീം കോച്ച് ക്രിസ്റ്റിയന്‍ വുക് ഇന്നലെ വൈകീട്ട് ടീമിന് പരിശീലന സെഷനൊരുക്കിയത് ഗോവന്‍ ബീച്ചിലാണ്.

കോച്ച് ഖഹ്താന്‍ ജാതിറും 21 അംഗ താരങ്ങളും ആറ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും ഉള്‍പ്പെടെയുള്ള ഇറാഖ് ടീം ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ കൊല്‍ക്കത്തയിലെത്തി. ഖത്തര്‍ എയര്‍വേയ്‌സ് ഫ്‌ളൈറ്റിലെത്തിയ ഇറാഖ് ടീം കനത്ത സുരക്ഷയിലാണ് താമസസ്ഥലത്തേക്ക് യാത്ര ചെയ്തത്. 2013 യു എ ഇ ചാമ്പ്യന്‍ഷിപ്പിന് ശേഷം ആദ്യമായാണ് ഇറാഖ് ടൂര്‍ണമെന്റിനെത്തുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ എന്ന തലയെടുപ്പുണ്ട് ഇറാഖിന്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഈ മാസം എട്ടിന് ഗ്രൂപ്പ് എഫില്‍ മെക്‌സിക്കോയാണ് ഇറാഖിന്റെ ആദ്യ എതിരാളി.
യുദ്ധഭൂമിയില്‍ നിന്നെത്തുന്ന ഇറാഖ് നിരയുടെ മനക്കരുത്തില്‍ ആര്‍ക്കും സംശയം വേണ്ട. മെക്‌സിക്കോയും ചിലിയും ഇംഗ്ലണ്ടും ഉള്‍പ്പെട്ട മരണഗ്രൂപ്പില്‍ ഇറാഖ് വെല്ലുവിളി ഉയര്‍ത്തും. 2013 ല്‍ ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും തോറ്റ് ഏറ്റവും പിറകിലായിട്ടാണ് ഇറാഖ് ഫിനിഷ് ചെയ്യത്. ഇത്തവണ അതിനൊരു മാറ്റം ഇറാഖില്‍ നിന്ന് പ്രതീക്ഷിക്കാം.

2016 എ എഫ് സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇറാനെ തോല്‍പ്പിച്ചാണ് ഇറാഖ് ചാമ്പ്യന്‍മാരായത്. അതൊരു ചരിത്ര സംഭവമാവുകയും ചെയ്തു. ഏഷ്യ ആദ്യമായി കീഴടക്കിയതിന്റെ കരുത്തിലാണ് ഇറാഖ് വരുന്നത്.
പതിനാറ് വയസുള്ള മുഹമ്മദ് ദാവൂദിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ഗ്രൂപ്പ് റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഗോളടിക്കുന്നതില്‍ പരാജയപ്പെട്ട ദാവൂദ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ഒമാനെതിരെ ഇരട്ട ഗോളുകള്‍ നേടി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ ഇരട്ട ഗോളുകള്‍ കണ്ടെത്തിയ ദാവൂദ് ജപ്പാനെതിരെ സെമിയില്‍ ഹാട്രിക്ക് നേടി. ഇതോടെ, ടൂര്‍ണമെന്റ് ടോപ് സ്‌കോറര്‍സ്ഥാനം ഉറപ്പിച്ചു.
ഇറാഖ് സ്‌ക്വാഡ് : ഗോള്‍ കീപ്പര്‍മാര്‍ – അലി മുസ്തഫ, സുഹൈര്‍, അബ്ദുല്‍അസീസ് അമര്‍.

പ്രതിരോധ നിര – അലി റാദ്, മുന്റാദര്‍ അബ്ദുല്‍സാദ, അബ്ദുലബ്ബാസ് അയാദ്, അമര്‍ മുഹമ്മദ്, മെയ്ദാം ജബ്ബാര്‍, മുന്റാദര്‍ മുഹമ്മദ് (അല്‍ഖറാബ), മുഹമ്മദ് അല്‍ ബഖര്‍.
മധ്യനിര – ഹബീബ് മുഹമ്മദ്, സെയ്ഫ് ഖാലിദ്, മുഹമ്മദ് റിദ, അബ്ബാസ് അലി, ബാസം ഷാഖിര്‍, മുഹമ്മദ് അലി, മൊമെല്‍ കരീം, അഹമ്മദ് സാര്‍ടിപ്.
മുന്നേറ്റ നിര – മുഹമ്മദ് ദാവൂദ്, അലി കരീം, അലാ അദ്‌നാന്‍.

ദുബൈയില്‍ നിന്ന് അമേരിക്ക..

അമേരിക്കയുടെ 21 അംഗ സ്‌ക്വാഡ് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ പറന്നിറങ്ങിയത് ദുബൈയില്‍ നിന്ന്. അവിടെ ഏഴ് ദിന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു കോച്ച് ജോണ്‍ ഹാക്വര്‍ത്.ആതിഥേയരായ ഇന്ത്യ, ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയ, ആഫ്രിക്കയുടെ സൂപ്പര്‍നിര ഘാന ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് അമേരിക്ക. ആറിന് ഇന്ത്യക്കെതിരെയാണ് ആദ്യ മത്സരം. ഒമ്പതിന് ഘാനയെയും പന്ത്രണ്ടിന് കൊളംബിയേയും നേരിടും.
അമേരിക്കയുടെ ആദ്യ രണ്ട് മത്സരങ്ങളും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍. ഗ്രൂപ്പിലെ അവസാന മത്സരം നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലും.

2017 കോണ്‍കകാഫ് അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പ് കളിച്ച ടീമിലെ പതിനേഴ് പേരും ഇന്ത്യയിലെത്തിയ യു എസ് നിരയിലുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്ക റണ്ണേഴ്‌സപ്പായിരുന്നു.

ജോഷ് സര്‍ജന്റ്, ടിം വിയ എന്നീ യുവപ്രതിഭകള്‍ അമേരിക്കന്‍ ടീമിലുണ്ട്. ജര്‍മന്‍ ബുണ്ടസ് ലിഗ ക്ലബ്ബ് വെര്‍ഡര്‍ ബ്രെമന്‍ ഫെബ്രുവരിയോടെ ടീമിലെത്തിക്കുന്ന താരമാണ് ജോഷ് സര്‍ജന്റ്. കരാര്‍ ധാരണയായിട്ടുണ്ട്. അമേരിക്കയുടെ അണ്ടര്‍ 20 ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്നു ജോഷ്. 2003 ല്‍ ഫ്രെഡി അഡു അണ്ടര്‍ 20, അണ്ടര്‍ 17 ലോകകപ്പുകളില്‍ ഒരേ വര്‍ഷം കളിച്ചതിന് ശേഷം ആ റെക്കോര്‍ഡ് സ്വന്തമാക്കുന്ന അമേരിക്കന്‍ താരം ജോഷ് സര്‍ജന്റാണ്.
ടിം വിയ മുന്‍ ലോക ഫുട്‌ബോളറും ലൈബീരിയന്‍ ഇതിഹാസവുമായ ജോര്‍ജ് വിയയുടെ മകനാണ്. ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെയിന്റ് ജെര്‍മെയിന്റെ താരം.
അമേരിക്കന്‍ ടീമിലെ 21 പേരില്‍ പന്ത്രണ്ടും മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബുകളുടെ സംഭാവനയാണ്.

ഫിഫ അണ്ടര്‍ 17 ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ പതിനാറ് എഡിഷനുകളില്‍ പതിനഞ്ചിലും പങ്കെടുത്തവരാണ് അമേരിക്ക. 2013 ല്‍ മാത്രമാണ് അമേരിക്ക പങ്കെടുക്കാതിരുന്നത്. ലണ്ടന്‍ ഡൊണോവന്‍, ഡമാര്‍കസ് ബീസ്ലെ, ഒഗുചി ഒന്യുവു കളിച്ച 1999 ലെ ടീം സെമിയിലെത്തുകയും നാലാം സ്ഥാനക്കാരായി മടങ്ങുകയും ചെയ്തതാണ് ടൂര്‍ണമെന്റില്‍ അമേരിക്കയുടെ മികച്ച പ്രകടനം.
യുഎസ്എ സ്‌ക്വാഡ്: ഗോള്‍ കീപ്പര്‍മാര്‍ – അലക്‌സ് ബുഡ്‌നിക്, കാര്‍ലോസ് ജോക്വം ഡോസ് സാന്റോസ്, ജസ്റ്റിന്‍ ഗാര്‍സെസ്.

പ്രതിരോധ നിര- സെര്‍ജിനോഡെസ്റ്റ്, ക്രിസ്റ്റഫര്‍ ഗ്ലോസ്റ്റര്‍, ജെയ്‌ലിന്‍ ലിന്‍സെ, ജെയിംസ് സാന്‍ഡ്‌സ്, ടൈലര്‍ ഷാവര്‍, അകില്‍ വാട്‌സ്.
മിഡ്ഫീല്‍ഡ് – ജോര്‍ജ് അകോസ്റ്റ, ടെയ്‌ലര്‍ ബൂത്, ക്രിസ്റ്റഫര്‍ ഡുര്‍കിന്‍, ബ്ലെയിന്‍ ഫെറി, ക്രിസ് ഗോസ്ലിന്‍, ഇന്ത്യാന വാസിലെവ്.

മുന്നേറ്റ നിര – അയോ അകിനോവ്, ആന്ദ്രെ കാള്‍ട്ടെന്‍, ജാകൊബോ റയസ്, ബ്രയാന്‍ റെയ്‌നോള്‍സ്, ജോഷ്വ സര്‍ജന്റ്, ടിം വിയ.

 

 

Latest