നെഹ്‌റ, കാര്‍ത്തിക്ക്, ധവാന്‍ ടീമില്‍; രഹാനെ പുറത്ത്

Posted on: October 2, 2017 2:03 pm | Last updated: October 2, 2017 at 2:03 pm

മുംബൈ : ആസത്രേലിയക്കെതിരായ ട്വന്റി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കും ടീമില്‍ തിരിച്ചെത്തി. ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഓപണര്‍ അജിങ്ക്യ രഹാനെക്ക് ടീമില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഏകദിന ടീമില്‍ നിന്ന് ഒഴിവായ ശിഖര്‍ ധവാന്‍ തിരിച്ചെത്തിയതോടെയാണ് രഹാനെ പുറത്തായത്.

സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല. 38കാരനായ നെഹ്‌റ 25 ട്വന്റി20 മത്സരങ്ങളില്‍ നിന്ന്‌ 34 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് നെഹ്‌റക്ക് തുണയായത്.

ഒക്ടോബര്‍ ഏഴിന് റാഞ്ചിയിലാണ് ആദ്യ ഏകദിനം നടക്കുന്നത്. പത്തിന് ഗുവാഹത്തി, പതിമൂന്നിന് ഹൈദരാബാദ് എന്നിവിടങ്ങളില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കും. ടീം ഇന്ത്യ: കോഹ്‌ലി, രോഹിത്, ധവാന്‍, രാഹുല്‍, മനീഷ്് പാണ്ഡെ, ജാദവ്, കാര്‍ത്തിക്ക്, ധോണി, പാണ്ഡ്യ, കുല്‍ദീപ്, ചാഹല്‍, ബുംറ, ഭുവനേശ്വര്‍, നെഹ്‌റ, അക്‌സര്‍ പട്ടേല്‍.