വരൂ നമുക്കൊരുമിച്ച് പാടാം ഫാസിസത്തിനെതിരെ; എസ് എസ് എഫ് മതേതര വിദ്യാര്‍ഥി കൂട്ടായ്മ ഇന്ന് മുക്കത്ത്

Posted on: October 2, 2017 10:58 am | Last updated: October 2, 2017 at 10:59 am

മുക്കം: എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതേതര വിദ്യാര്‍ഥി കൂട്ടായ്മ ഇന്ന് മുക്കത്ത് നടക്കും. ഗാന്ധിജിയുടെ മത സൗഹാര്‍ദ സമീപനങ്ങള്‍ പുതു തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗാന്ധി ജയന്തി ദിനത്തില്‍ എസ് എസ് എഫ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
വൈകിട്ട് 3 മണിക്ക് പ്രമുഖ ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യാതിഥിയായിരിക്കും. ജോര്‍ജ് എം തോമസ് എം എല്‍ എ സംബന്ധിക്കും. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഖാസിം ഇരിക്കൂര്‍ മുഖ്യപ്രഭാഷണവും എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍ സാദിഖ് കാസര്‍കോട് സന്ദേശ പ്രഭാഷണവും നിര്‍വഹിക്കും.

മുക്കം പ്രസ്‌ക്ലബ് പ്രസിഡന്റ് മുരളീധരന്‍ മാസ്റ്റര്‍, യുവ കവി എം ജീവേഷ്, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, അഡ്വ. എ കെ ഇസ്മാഈല്‍ വഫ, എന്‍ അലി അബ്ദുല്ല, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, ഇ യഅ്ഖൂബ് ഫൈസി, ജി അബൂബക്കര്‍ സംസാരിക്കും. സൗഹൃദച്ചിന്ത്, ഒരുമയുടെ പാട്ട്, വിദ്യാര്‍ഥി വിചാരം, ഫാസിസ്റ്റ് വിരുദ്ധ പ്രഭാഷണം എന്നിവയാണ് മതേതര വിദ്യാര്‍ഥി കൂട്ടായ്മയുടെ ഭാഗമായി നടക്കുക. വിവിധ എഴുത്തുകാരുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കുന്ന സ്‌നേഹപുസ്തകം പരിപാടിയില്‍ വിതരണം ചെയ്യും. മതേതര പാരമ്പര്യം വിളിച്ചോതുന്ന നിര്‍മിതികള്‍ ടൗണില്‍ സ്ഥാപിക്കും.
പരിപാടിയുടെ പ്രചാരണാര്‍ഥം ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഫഌഷ് മോബ്, വിവിധ ഘടകങ്ങളില്‍ ‘ഭാരവാഹി പ്രകടനം, ഹയര്‍ സെക്കന്‍ഡറി, ക്യാമ്പസ് യൂനിറ്റുകളില്‍ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. മുക്കം അരീക്കോട് റോഡില്‍ നോര്‍ത്ത് കാരശ്ശേരിയില്‍ വിശാലമായ പന്തല്‍ ഒരുങ്ങികഴിഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും നഗരിക്ക് സമീപം തയ്യാറാക്കിയിട്ടുണ്ട്. സൗഹൃദ കൂട്ടായ്മക്കെത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ മധുര പലഹാരങ്ങളുമായി ചക്കര പന്തലും ഒരുക്കിയിട്ടുണ്ട്. ഫാസിസം എന്നും പരാചയപ്പെടുത്തുന്നത് സൗഹൃദത്തെയാണ്. സമാധാനാന്തരീക്ഷം തകര്‍ത്താണ് ഫാസിസം അരങ്ങു വാഴുന്നത്. വ്യത്യസ്ത മത വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ ഒരുമിക്കുന്നതിലൂടെ നാടിന്റെ പഴയ കാല സൗഹൃദങ്ങള്‍ വീണ്ടെടുക്കുകയാണ് ലക്ഷ്യം.