പ്രധാനമന്ത്രിക്ക് വിദ്യാര്‍ഥിനിയുടെ നിവേദനം ‘ഞങ്ങള്‍ക്ക് ബുള്ളറ്റ് ട്രെയിനല്ല വേണ്ടത് സുരക്ഷിത യാത്രയാണ്’

Posted on: October 2, 2017 9:08 am | Last updated: October 2, 2017 at 9:57 am

മുംബൈ: ‘ഞങ്ങള്‍ക്ക് ബുള്ളറ്റ് ട്രെയിന്‍ വേണ്ട, ഞങ്ങള്‍ക്ക് വേണ്ടത് മെച്ചപ്പെട്ടതും സുരക്ഷിതവുമായ റെയില്‍വേയാണ്’- മുംബൈയില്‍ റെയില്‍വേ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് ഡസന്‍ പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുംബൈക്കാരിയായ പന്ത്രണ്ടാം ക്ലാസുകാരി നല്‍കിയ നിവേദനത്തിലെ വരികളാണിത്.
ജപ്പാനുമായി സഹകരിച്ച് തുടങ്ങാനുദ്ദേശിക്കുന്ന മുംബൈ- അഹ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ഉയര്‍ന്ന ഏറ്റവും ശക്തമായ പ്രതികരണമായി മാറിയിരിക്കുകയാണ് ഈ നിവേദനം. പന്ത്രണ്ടാം ക്ലാസുകാരിയായ ശ്രേയ ചവനാണ് മോദിക്ക് നിവേദനം നല്‍കിയത്. റെയില്‍വേ സൗകര്യങ്ങള്‍ വികസിപ്പിക്കാതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനം നിരര്‍ഥകമാണെന്ന് ശ്രേയ നിവേദനത്തില്‍ പറയുന്നു. 24 മണിക്കൂറിനകം 4,327 പേരാണ് നിവേദനത്തില്‍ ഒപ്പു വെച്ചത്.
വിദ്യാര്‍ഥികള്‍ക്ക് ലോക്കല്‍ ട്രെയിനില്‍ പോലും യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബുള്ളറ്റ് ട്രെയിന്‍ എന്തിനാണെന്നാണ് ശ്രേയ ചോദിക്കുന്നു. മുംബൈയിലെ ട്രാക്കില്‍ പ്രതിദിനം ഒമ്പത് പേര്‍ മരിക്കുന്നുവെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ കൂറ്റന്‍ പദ്ധതിക്ക് പണം മുടക്കുന്നതിന് പകരം ആ പണം സുരക്ഷക്കും മെച്ചപ്പെട്ട സേവനത്തിനുമായി മുടക്കണം. മുംബൈയിലെ ലോക്കല്‍ ട്രെയിനുകളുടെ സ്ഥിതിയാണ് മാറേണ്ടതെന്നും നിവേദനത്തില്‍ പറയുന്നു. റൂയിയാ കോളജിലെ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിനിയായ ശ്രേയ ചേഞ്ച് ഡോട്ട് ഓര്‍ഗിലാണ് നിവേദനം പോസ്റ്റ് ചെയ്തിരിക്കുന്നത്. പത്ത് ദിവസം മുമ്പ് നടന്ന റെയില്‍വേ അപകടത്തില്‍ തങ്ങളുടെ സുഹൃത്തുകളെ നഷ്ടപ്പെട്ടു. അതിന് ശേഷം മുംബൈക്ക് സമീപമുള്ള എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്‌റ്റേഷനിലെ അപകടമാണ് പ്രധാനമന്ത്രിക്ക് നിവേദനം എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് ശ്രേയ പറഞ്ഞു.
പ്രധാനമന്ത്രിക്ക് നല്‍കുന്ന നിവേദനത്തില്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്്‌നാവിസിനെയും ശ്രേയ അഭിസംബോധന ചെയ്യുന്നുണ്ട്.