Connect with us

Articles

ഗോവധം: വ്യാഖ്യാനിക്കുന്നത് പോലെയല്ല വിധി

Published

|

Last Updated

ഇന്ത്യന്‍ യൂനിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ഭരണപരമായ ബന്ധങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കന്ന ഭരണ ഘടനയുടെ 11ാം ഭാഗത്തില്‍, അധ്യായം രണ്ടില്‍ പറയുന്ന സംസ്ഥാനങ്ങളുടെയും യൂനിയന്റെയും കടപ്പാട് സംബന്ധിച്ചുള്ള ആര്‍ട്ടിക്കിള്‍ 256 എന്തുകൊണ്ടും ശ്രദ്ധേയമായിട്ടുള്ളതാണ്.
ഓരോ സംസ്ഥാനത്തിന്റേയും ഭരണനിര്‍വഹണ അധികാരം ആ സംസ്ഥാനത്തിന് ബാധകമായ, പാര്‍ലിമെന്റുണ്ടാക്കിയിട്ടുള്ള നിയമങ്ങളും നിലവിലുള്ള ഏതെങ്കിലും നിയമങ്ങളും അനുസരിക്കുന്നത് സുനിശ്ചിതമാകത്തക്കവിധം പ്രയോഗിക്കേണ്ടതും, ആ ആവശ്യത്തിന് വേണ്ടതാണെന്ന് തോന്നുന്ന അങ്ങനെയുള്ള നിര്‍ദേശങ്ങള്‍ ഒരു സംസ്ഥാനത്തിന് നല്‍കുന്നതിലേക്ക് യൂനിയന്റെ ഭരണനിര്‍വഹണ അധികാരം വ്യാപിക്കുന്നതും ആകുന്നു (വകുപ്പ് 256).
ചില കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ മേല്‍ കേന്ദ്രത്തിന് നിയന്ത്രണമുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 257 ല്‍ ഇപ്രകാരം പറയുന്നു: ഓരോ സംസ്ഥാനത്തിന്റേയും ഭരണനിര്‍വഹണ അധികാരം യൂനിയന്റെ നിര്‍വാഹക അധികാരത്തിന്റെ പ്രയോഗത്തിന് വിഘാതമുണ്ടാക്കുകയോ ഭംഗം വരുത്തുകയോ ചെയ്യാത്ത വിധം പ്രയോഗിക്കേണ്ടതും ആ ആവശ്യത്തിന് ചേരുന്നതാണെന്ന് ഭാരത സര്‍ക്കാറിന് തോന്നുന്ന അങ്ങനെയുള്ള നിര്‍ദേശങ്ങള്‍ ഒരു സംസ്ഥാനത്തിന് നല്‍കുന്നതിലേക്ക് യൂനിയന്റെ നിര്‍വാഹക അധികാരം വ്യാപിക്കുന്നതും ആകുന്നു (വകുപ്പ് 257).

രാജ്യത്താകെ ഗോ സംരക്ഷണത്തിന്റെ പേരില്‍ നിരപരാധികള്‍ കൊല്ലപ്പെടുകയും ഇതിന്റെ പേരിലുള്ള ആക്രമണങ്ങള്‍ വ്യാപിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 256 വകുപ്പനുസരിച്ചുള്ള ബാധ്യത നിര്‍വഹിക്കാന്‍ തയ്യാറാകണമെന്ന നിര്‍ദേശം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
ഗോ സംരക്ഷകര്‍ രാജ്യത്തുടനീളം അതിക്രമങ്ങള്‍ അഴിച്ചുവിടുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയാണെന്ന് ആരോപിച്ച് തുഷാര്‍ ഗാന്ധിയും മറ്റു ചിലരും സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ശ്രദ്ധേയമായ ഈ ഇടപെടല്‍. മുസ്‌ലിം, ദളിത് വിഭാഗങ്ങളാണ് പശു സംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങളില്‍ അധികവും ഇരയായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ക്രമസമാധാനം സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് കേന്ദ്രത്തിന് കൈ കഴുകാനാകില്ല. ഭരണ ഘടനയുടെ 256 ാം അനുച്ഛേദമനുസരിച്ച് സംസ്ഥാനങ്ങളോട് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനുണ്ടെന്നും തുഷാര്‍ ഗാന്ധിയുടെ അഭിഭാഷകന്‍ വാദിച്ചു.

പശുവിനു വേണ്ടി എന്ന് പറഞ്ഞ് ഇപ്പോള്‍ മനുഷ്യര്‍ക്കെതിരെ നടന്ന കരുതിക്കൂട്ടിയുള്ള നൂറില്‍പരം അതിക്രമങ്ങള്‍ സംബന്ധിച്ചും മരിച്ച ഡസന്‍കണക്കിന് പേരുടെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ചുമാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വിശദീകരിച്ചിരുന്നത്.
ഇതിലൊന്ന് 2016 ജൂലൈ 11 ന് ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തോലുരിച്ചെന്ന് ആരോപിച്ച് ദളിത് യുവാക്കള്‍ക്കേറ്റ ക്രൂര മര്‍ദനം സംബന്ധിച്ചായിരുന്നു. ഇവരെ നഗ്നരാക്കി നഗരത്തിലൂടെ നടത്തുകയും അഞ്ച് മണിക്കൂറോളം കെട്ടിയിടുകയും ചെയ്തു. 2017 ജൂണ്‍ 12 ന് തമിഴ്‌നാട്ടിലേക്ക് പശുക്കളുമായി വന്ന സംഘത്തിന് നേരെ രാജസ്ഥാനിലെ ടര്‍ബര്‍ ജില്ലയില്‍ ഗോ സംരക്ഷകരുടെ ക്രൂരമര്‍ദനം നടന്നു. പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു നൂറോളം പേരടങ്ങുന്ന സംഘം അക്രമം അഴിച്ചുവിട്ടത്. തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് ജയ്‌സാല്‍മീറില്‍ നിന്ന് വാങ്ങിയ പശുക്കളെ കൊണ്ടുവരുന്നതിനിടയിലാണ് ഈ സംഭവം നടന്നത്.

2015 സെപ്തംബര്‍ 28 ന് വീട്ടില്‍ ഗോ മാംസം പാകം ചെയ്ത് കഴിച്ചെന്നാരോപിച്ച് ഉത്തര്‍ പ്രദേശിലെ ദാദ്രിയിലെ ദിസാരലാ ഗ്രാമത്തില്‍ മുഹമ്മദ് അഖ്‌ലാഖ് (52) എന്നയാളെ തല്ലിക്കൊന്നു. സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയാണ് അഖ്‌ലാഖിന്റെ കുടുംബത്തിന് നേരെ ആക്രമണത്തിനാഹ്വാനം ചെയ്തത്. സംഭവത്തില്‍ മുഖ്യപ്രതിയായി ബി ജെ പി പ്രാദേശിക നേതാവിന്റെ മകനെ അറസ്റ്റ് ചെയ്തു.
2017 ഏപ്രില്‍ ഒന്നിന് രാജസ്ഥാനിലെ അല്‍വാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് ഗോ സംരക്ഷണസമിതി അംഗങ്ങള്‍ ഹരിയാന സ്വദേശി പെഹ്‌ലുഖാനെ (55) അടിച്ചുകൊന്നു. രാംഘട്ടില്‍ നിന്നും ഹരിയാനയിലേക്ക് പശുവിനെ വാങ്ങിപ്പോകുമ്പോഴാണ് ഈ സംഭവം നടന്നത്. 2010 -17 കാലയളവില്‍ ഗോ രക്ഷാ ഗുണ്ടകള്‍ 66 ആക്രമണങ്ങള്‍ നടത്തി. കൊല്ലപ്പെട്ടത് 28 പേര്‍, 124 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതില്‍ 97 ശതമാനം ആക്രമണങ്ങളും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 നു ശേഷമാണ്. 32 ആക്രമണങ്ങള്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നത്. എട്ട് എണ്ണം കോണ്‍ഗ്രസിന് ഭരണമുള്ള സംസ്ഥാനങ്ങളിലും.

2017ല്‍ മാത്രം 40 ആക്രമണങ്ങളാണ് നടന്നത്. ഉത്തര്‍ പ്രദേശ് (10), ഹരിയാന (ഒമ്പത്), ഗുജറാത്ത് (ആറ്), കര്‍ണാടക (ആറ്), മധ്യപ്രദേശ് (നാല്), ഡല്‍ഹി (നാല്), രാജസ്ഥാന്‍ (നാല്) എന്നീ ക്രമത്തിലാണ് അക്രമണങ്ങള്‍ നടന്നിരിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസാമില്‍ ഒരു തവണ മാത്രമാണ് ഗോരക്ഷാ ആക്രമണം ഉണ്ടായത്. ഇതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
കേരളം, ആന്ധ്രാപ്രദേശ് , ഹിമാചല്‍ പ്രദേശ്, ഒഡീഷ, തമിഴ്‌നാട്, ബീഹാര്‍ എന്നിവിടങ്ങളില്‍ ഓരോ ആക്രമണങ്ങളാണ് നടന്നത്. ഗോ സംരക്ഷണത്തിന്റെ പേരില്‍ അതിക്രമം നടത്തുന്ന ഗോ രക്ഷാ ഗുണ്ടാസംഘങ്ങളെ പിടികൂടി വിചാര ചെയ്യുന്നതിന് ജില്ലാതലത്തില്‍ നോഡല്‍ പോലീസ് ഓഫീസര്‍മാരെ നിയോഗിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ അറിയിക്കണം. ഗോ രക്ഷാ ഗുണ്ടകളെ സംസ്ഥാനങ്ങള്‍ നിയന്ത്രിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ പാകത്തില്‍ ഇടപെടുന്നതിന് പരിമിതി ഉണ്ടെങ്കില്‍ അക്കാര്യം കേന്ദ്രം ബോധിപ്പിക്കണം.

തുഷാര്‍ ഗാന്ധി നല്‍കിയ പൊതു താത്പര്യ ഹരജി മുന്‍നിര്‍ത്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചിന്റെതാണ് നിര്‍ദേശം. ഗോരക്ഷാ സമിതികള്‍ അക്രമം അഴിച്ചുവിടുകയും പശുവിന്റെ പേരില്‍ പട്ടാപ്പകല്‍ അറുകൊല നടത്തുകയും ചെയ്യുമ്പോള്‍ അവരെ നിയന്ത്രിക്കുന്നതിന് പ്രതിബദ്ധതയോടെ കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് തുഷാര്‍ ഗാന്ധി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഗോ രക്ഷകരായി സ്വയം ചമയുന്നവര്‍ നിയമം കൈയിലെടുക്കുകയാണ്. അതിക്രമത്തിന്റെ ഇരകളായി മുസ്‌ലിംകളും ദളിതുകളും മാറുകയാണെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് മുഖേനെ നല്‍കിയ പരാതിയില്‍ തുഷാര്‍ ഗാന്ധി പറഞ്ഞു.

കേന്ദ്രത്തിനും ഇക്കാര്യത്തില്‍ കൈകഴുകാനാകില്ല. അക്രമി സംഘങ്ങളില്‍ നിന്ന് നിരപരാധികളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ നടപടി എടുക്കണമെന്ന് സംസ്ഥാനങ്ങളോട് ഭരണഘടനയുടെ 256ാം അനുച്ഛേദപ്രകാരം നിര്‍ദേശിക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ട്. ഇതേതുടര്‍ന്ന് ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സഹകരണാത്മകമായ ഫെഡറലിസത്തിന്റെ വികാരം കേന്ദ്ര സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം. അഹിംസയാണ് രാജ്യത്തിന്റെ അടിസ്ഥാന വിശ്വാസപ്രമാണമെന്ന് ഇന്ദിരാ ജയ്‌സിംഗ് ചൂണ്ടിക്കാട്ടി. അക്രമങ്ങള്‍ക്ക് മുമ്പില്‍ പുറംതിരിഞ്ഞുനില്‍ക്കാന്‍ കേന്ദ്രത്തിന് പറ്റില്ല. ഗോരക്ഷകര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ട്. അക്രമം തടയുന്നതിന് സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആവശ്യപ്പെട്ടു.
ഡി വൈ എസ് പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിക്കണമെന്ന നിര്‍ദേശം ബി ജെ പി ഭരിക്കുന്ന ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം സംബന്ധിച്ച കേസ് നേരത്തെ കോടതി പരിഗണിച്ചപ്പോള്‍ ക്രമസമാധാനം സംസ്ഥാന വിഷയമാണെന്ന കാഴ്ചപ്പാടാണ് കേന്ദ്രം സ്വീകരിച്ചത്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഭരണഘടനാ ബാധ്യത സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ഗുണ്ടകളെ നിലക്ക് നിര്‍ത്തണമെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള സെപ്തംബര്‍ ആറിന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് അര്‍ഹിക്കുന്ന ഗൗരവത്തോടു കൂടി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പരിഗണിച്ചില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ കണ്ടത്.
പശുവിന്റെ പേരിലുള്ള അക്രമം തടയാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് എല്ലാ സംസ്ഥാനങ്ങളും ഉടന്‍ അറിയിക്കണമെന്ന് സുപ്രീം കോടതി വീണ്ടും ഉത്തരവിട്ടു. അടുത്ത മാസം 31നകം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികളെപ്പറ്റി കോടതിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കണം. അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഈ സര്‍ക്കാറുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.

ക്രമസമാധാനം കൈയിലെടുക്കുന്നവര്‍ക്കെതിരായി ശക്തമായ നടപടികള്‍ തന്നെ വേണം. ഗോരക്ഷയുടെ പേരില്‍ സ്വീകരിച്ച നടപടികള്‍ കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളും സുപ്രീം കോടതിയെ അറിയിക്കേണ്ടതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സെപ്തംബര്‍ ആറിന് ഈ ഹരജി പരിഗണിച്ചപ്പോള്‍ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ സുപ്രീം കോടതി തയ്യാറാക്കിയിരുന്നു. ഇത് എത്രത്തോളം നടപ്പാക്കിയെന്ന് അറിയിക്കണമെന്നാണ് കോടതി സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്. പശു സംരക്ഷണത്തിന്റെ പേരില്‍ നിരപരാധികളെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്ന കാര്യത്തില്‍ പോലും സംസ്ഥാന സര്‍ക്കാറുകള്‍ ഗുരുതരമായ അലംഭാവമാണ് കാട്ടുന്നതെന്ന് കോടതി എടുത്തുപറയുകയും ചെയ്തു.
ഗോ സംരക്ഷക ഗുണ്ടകളുടെ മര്‍ദനങ്ങള്‍ക്കും കൊലപാതകത്തിനും ഇരയായവര്‍ക്ക് നീതി ലഭിക്കാത്തതിന് പുറമെ, ഈ ഇരകളുടെ പേരിലും, അവരുടെ ബന്ധുക്കളുടെ പേരിലും കേസെടുക്കുകയും, അവരെ എല്ലാ നിലയിലും ദ്രോഹിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.
മാംസം കഴിക്കുന്നവര്‍ക്കെതിരായും കന്നുകാലിക്കച്ചവടവും കന്നുകാലി മാംസക്കച്ചവടവും നടത്തുന്നവര്‍ക്കെതിരായുമാണ് വ്യാപക ആക്രമണങ്ങള്‍ മോദി സര്‍ക്കാറിന്റെ ഭരണത്തിന്‍കീഴില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്താഹാരം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള ഭരണഘടനാപരമായ പൗരന്റെ അവകാശമാണ് ഇവിടെ വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നത്. സ്വാതന്ത്ര്യത്തിനുള്ള ആര്‍ട്ടിക്കിള്‍ 19 തന്നെയാണ് ഇവിടെ വെല്ലുവിളി നേരിടുന്നത്. ആര്‍ട്ടിക്കിള്‍ 19(1) ജി വകുപ്പ് ഏത് തൊഴിലില്‍ ഏര്‍പ്പെടുന്നതിനും വ്യാപാരം നടത്താനും സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നു.
ഭരണാധികാരികളുടെ സംരക്ഷണയില്‍ അക്രമികള്‍ വ്യാപകമായി പൗരന് അനുവദിക്കപ്പെട്ടിട്ടുള്ള ഈ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ പരമോന്നത കോടതിയുടെ സുപ്രധാനമായ ഈ വിധി വന്നിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും തടയാനും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും സംസ്ഥാനങ്ങളോടൊപ്പം കേന്ദ്ര സര്‍ക്കാറിനും ബാധ്യതയുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഭരണഘടനയുടെ 256 വകുപ്പനുസരിച്ച് കേന്ദ്രസര്‍ക്കാറിന്റെ ഇക്കാര്യത്തിലുള്ള ബാധ്യതകള്‍ അടിവരയിട്ടുപറയുകയാണ് ഈ വിധിയില്‍കൂടി സുപ്രീം കോടതി ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ നീതിന്യായ പരിപാലനത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ബാധ്യതകള്‍ സംബന്ധിച്ച് അധികാരികളെ ഓര്‍മപ്പെടുത്തുന്ന ഈ വിധി എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്.

 

 

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest