Connect with us

National

ദുരിതകാലത്തിന് വിട; ടോം ഉഴുന്നാലില്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തി

Published

|

Last Updated

ടോം ഉഴുന്നാലില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു. ചിത്രത്തിന് കടപ്പാട്: എഎന്‍ഐ

ന്യൂഡല്‍ഹി: ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ മലയാളി വൈദികന്‍ ടോം ഉഴുന്നാലില്‍ ഡല്‍ഹിയിലെത്തി. വത്തിക്കാനില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴരയ്ക്കാണ് അദ്ദേഹം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ കെ സി വേണുഗോപാല്‍, ശ്രീ ജോസ് കെ മാണി തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഈ ദിവസം സാധ്യമാക്കിയ ദൈവത്തോടും തന്റെ മോചനത്തിനായി പരിശ്രമിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് വിമാനത്താവളത്തില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പത്തരയോടെ ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ഗ്യാംബസ്തിത ഡിക്വാത്രോയെ വത്തിക്കാന്‍ എംബസിയില്‍ സന്ദര്‍ശിക്കും. ഡല്‍ഹിയിലെ സി.ബി.സി.ഐ. സെന്ററില്‍വെച്ച് വൈകീട്ട് നാലരയ്ക്ക് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണും. ഇന്ന് ഡല്‍ഹിയില്‍ തുടരുന്ന ഉഴുന്നാലില്‍ നാളെ ബംഗളൂരുവിലെ സലേഷന്‍ സഭ ആസ്ഥാനത്തേക്ക് പോകും. അവിടെ നിന്നും ഞായറാഴ്ച കേരളത്തിലേക്ക് തിരിക്കും.

ഒന്നര വര്‍ഷം നീണ്ട ബന്ദിവാസത്തിന് ശേഷം ഈമാസം 12നാണ് അദ്ദേഹം മോചിതനായത്. ഒമാന്‍ സര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു മോചനം. തുടര്‍ന്ന് മസ്‌കത്തില്‍ എത്തിച്ച അദ്ദേഹത്തെ അവിടെ നിന്നും പ്രത്യേക വിമാനത്തില്‍ വത്തിക്കാനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

 

---- facebook comment plugin here -----

Latest