Connect with us

International

കാബൂളില്‍ റോക്കറ്റ് ആക്രമണം; സ്‌പൈസ് ജെറ്റ് വിമാനം തലനാരിഴക്ക് രക്ഷപ്പെട്ടു

Published

|

Last Updated

കാബൂൾ വിമാനത്താവളത്തിൽ റോക്കറ്റ് പതിച്ചതിനെ തുടർന്ന് പുക ഉയരുന്നു

ന്യൂഡല്‍ഹി: കാബൂള്‍ വിമാനത്താവളത്തിലുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന സ്‌പൈസ് ജെറ്റ് വിമാനം തലനാരിഴക്ക് രക്ഷപ്പെട്ടു. 180 യാത്രക്കാരുമായി വിമാനം ടേക് ഓഫ് ചെയ്യാനിരിക്കെയാണ് റോക്കറ്റ് വിമാനത്താവളത്തില്‍ പതിച്ചത്. യാത്രക്കാരെയും ജീവനക്കാരെയും ഉടന്‍ തന്നെ വിമാനത്തത്തില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

സ്‌പൈസ് ജെറ്റിന്റെ എസ്ജി 22 വിമാനമാണ് അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല. വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.

യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് അഫ്ഗാനിസ്ഥാനില്‍ എത്തിയ ഉടനെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. ജിം മാറ്റിസായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് താലിബാന്‍ അവകാശപ്പെട്ടു. കാബൂള്‍ വിമാനത്താവളത്തില്‍ മുമ്പും സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ട്. 2014 ജൂലൈയില്‍ സ്‌പൈസ് ജെറ്റ് വിമാനം സമാനമായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.