Connect with us

Gulf

ഖത്വര്‍ എയര്‍വേയ്‌സ് ആറ് വിമാനങ്ങള്‍ വാങ്ങുന്നു

Published

|

Last Updated

ദോഹ: ബോയിംഗില്‍ നിന്ന് 216 കോടി ഡോളറിന് ആറ് വിമാനങ്ങള്‍ ഖത്വര്‍ എയര്‍വേയ്‌സ് വാങ്ങുന്നു. ബോയിംഗ് 747-8 ചരക്ക് വിമാനങ്ങളും 777-300ഇആര്‍ വിമാനങ്ങളുമാണ് ഖത്വര്‍ എയര്‍വേയ്‌സ് വാങ്ങുന്നത്. ഇതില്‍ ആദ്യ 747-8 ചരക്ക് വിമാനം ഖത്വര്‍ എയര്‍വേയ്‌സിന് ബോയിംഗ് കൈമാറി. വാഷിംഗ്ടണിലെ എവരെറ്റില്‍ നടന്ന കൈമാറ്റ ചടങ്ങിലാണ് ആറ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ കാര്യം ഖത്വര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചത്. ഖത്വര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാകിര്‍, ബോയിംഗ് വൈസ് ചെയര്‍മാന്‍ റായ് കോനര്‍, ബോയിംഗ് കൊമേഴ്‌സ്യില്‍ എയര്‍പ്ലെയിന്‍സ് സി ഇ ഒ കെവിന്‍ മക്ലിസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുതിയതും അത്യാധുനികവുമായ വിമാനങ്ങളാണ് ഖത്വര്‍ എയര്‍വേയ്‌സ് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് അല്‍ ബാകിര്‍ പറഞ്ഞു. ലോകത്തെ മൂന്നാമത്തെ വലിയ അന്താരാഷ്ട്ര കാര്‍ഗോ വിമാനക്കമ്പനിയായി ഖത്വര്‍ എയര്‍വേയ്‌സ് മാറിയതില്‍ ബോയിംഗിന്റെ ഗുണമേന്മയേറിയ വിമാനങ്ങള്‍ വലിയതോതില്‍ സഹായിച്ചിട്ടുണ്ട്. പ്രധാന യു എസ് പങ്കാളിയായ ബോയിംഗുമായി കൂടുതല്‍ സഹകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഖത്വര്‍ എയര്‍വേയ്‌സിന്റെ നൂറിലേറെ ബോയിംഗ് വൈഡ്‌ബോഡി വിമാനങ്ങളുടെ കൂട്ടത്തിലേക്കാണ് പുതിയവ എത്തുന്നത്. നൂറിലേറെ വിമാനങ്ങളുടെ ഓര്‍ഡര്‍ ബോയിംഗിന് നേരത്തെ ഖത്വര്‍ എയര്‍വേയ്‌സ് നല്‍കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ ബോയിംഗ് 787 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ച ആദ്യ കമ്പനി ഖത്വര്‍ എയര്‍വേയ്‌സ് ആയിരുന്നു.

777എക്‌സിന്റെ ആദ്യ ഉപഭോക്താവും ഖത്വര്‍ എയര്‍വേയ്‌സായിരുന്നു. ഇരുപത് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 11.7 ബില്യന്‍ ഡോളറിന് 30 ഡ്രീംലൈനറിനും പത്ത് 777-300 ഇ ആറിനും ഓര്‍ഡര്‍ നല്‍കിയിരുന്നു.

പ്രവര്‍ത്തന ചെലവ് കുറഞ്ഞ വലിയ ചരക്ക് വിമാനത്തിനാണ് പുതുതായി ഓര്‍ഡര്‍ നല്‍കിയത്. കോക്പിറ്റ് ഡോര്‍ ആയതിനാല്‍ 747- 400 കാര്‍ഗോ വിമാനത്തേക്കാള്‍ 16 ശതമാനം അധികം ചരക്ക് വഹിക്കാനുള്ള ശേഷിയുണ്ട്.

ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി കാന്‍ബറ, ചിയാംഗ്മായ്, മൊംബസ അടക്കം നിരവധി പുതിയ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഖത്വര്‍ എയര്‍വേയ്‌സ് തീരുമാനിച്ചിട്ടുണ്ട്.