അമിത് ഷായും തുഷാര്‍ വെള്ളാപ്പള്ളിയും ഇന്ന് അഹമ്മദാബാദില്‍ ചര്‍ച്ച നടത്തും

Posted on: September 27, 2017 12:14 pm | Last updated: September 27, 2017 at 12:14 pm

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ചര്‍ച്ച നടത്തും. കേരളത്തിലെ ബിജെപി ബിഡിജെഎസ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായാണ് ചര്‍ച്ച. ഇന്നലെ തുഷാര്‍ വെള്ളാപ്പള്ളിയെ അമിത് ഷാ ഫോണില്‍ ബന്ധപ്പെട്ട് അഹമ്മദാബാദിലെ വസതിയിലേക്ക് ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു.

അടുത്ത മാസം മൂന്നിന് അമിത് ഷാ പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്യുന്ന ജനരക്ഷാ പദയാത്രയുമായി സഹകരിക്കില്ലെന്നു ബിഡിജെഎസ് നേതൃത്വം നിലപാടു കടുപ്പിച്ചതോടെയാണു ബിജെപി സംസ്ഥാന നേതൃത്വം പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ ന്യായമാണെന്ന നിലപാട് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു.

കേരളത്തില്‍ ബിഡിജെഎസുമായുള്ള പ്രശ്‌നങ്ങള്‍ മൂന്നു ദിവസങ്ങള്‍ക്കകം പരിഹരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.