രാജ്യത്ത് വീട്ടുജോലിക്കാരുടെ വേതനം വര്‍ധിച്ചുവെന്ന് സര്‍വേ റിപ്പോര്‍ട്ട്‌

Posted on: September 26, 2017 6:33 pm | Last updated: September 26, 2017 at 6:33 pm

ദോഹ: രാജ്യത്ത് വീട്ടുജോലിക്കാരുടെ ശരാശരി മാസവേതനം 1645 ഖത്വര്‍ റിയാലാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.4 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. കഴിഞ്ഞവര്‍ഷം മാസവേതനം 1575 ഖത്വര്‍ റിയാലായിരുന്നെന്ന് ഹെല്‍പര്‍ചോയ്‌സ് പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി മുതല്‍ ആഗസ്റ്റ് വരെ കമ്പനിയുടെ വെബ്‌സൈറ്റില്‍ വന്ന രണ്ടായിരം തൊഴില്‍ പരസ്യങ്ങള്‍ വിശകലനം ചെയ്താണ് സര്‍വേ തയ്യാറാക്കിയത്. ജി സി സിയില്‍ വീട്ടുജോലിക്കാര്‍ക്ക് ഉയര്‍ന്ന വേതനം നല്‍കുന്ന രണ്ടാമത്തെ രാഷ്ട്രമാണ് ഖത്വര്‍. മൂന്നാമത് സഊദി അറേബ്യയും നാലാമത് കുവൈത്തുമാണ്. കമ്പനി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വേതനം മാത്രമാണ് ഉള്‍പ്പെടുത്തിയത്. യാത്രാ ചെലവ്, ആരോഗ്യപരിരക്ഷ, ഭക്ഷണം, വസ്ത്രം അടക്കമുള്ള മറ്റ് അലവന്‍സുകള്‍ തുടങ്ങിയവയൊന്നും ഉള്‍പ്പെടുത്തിയില്ല. അല്‍ ഖോറിലേക്കാള്‍ ദോഹയിലാണ് ഉയര്‍ന്ന വേതനമെന്നും റിപ്പോര്‍ട്ടിലുണ്ട്. തലസ്ഥാന നഗരിയിലെ തൊഴിലുടമകള്‍ ശരാശരി 1612 റിയാല്‍ വേതനമായി നല്‍കുമ്പോള്‍ വടക്കന്‍ മേഖലകളില്‍ ഇത് ശരാശരി 1411 റിയാലാണ്. അതേസമയം ജി സി സിയില്‍ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം ലഭിക്കുന്നത് മക്കയിലാണ്.

രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമത്തിനായി കൊണ്ടുവന്ന പുതിയ നിയമം വേതനവര്‍ധനവിന് പ്രധാന കാരണമായിട്ടുണ്ട്. പുതുതായി വരുന്ന വേലക്കാര്‍, ഡ്രൈവര്‍മാര്‍, പൂന്തോട്ടക്കാര്‍ തുടങ്ങിയവര്‍ക്ക് രേഖാമൂലമുള്ള കരാര്‍ നല്‍കണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ദിവസം പരമാവധി പത്ത് മണിക്കൂര്‍ മാത്രമെ ജോലിയെന്നും ആഴ്ചയിലൊരു ദിവസം അവധി നല്‍കണമെന്നും നിയമം അനുശാസിക്കുന്നു.