അഫ്ഗാനിലേക്ക് ഒരു കാരണവശാലും സൈന്യത്തെ അയക്കില്ലെന്ന് ഇന്ത്യ

Posted on: September 26, 2017 4:02 pm | Last updated: September 26, 2017 at 8:50 pm

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലേക്ക് ഒരു കാരണവശാലും സൈന്യത്തെ അയക്കില്ലെന്ന് നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം അടിവരയിട്ട് പറഞ്ഞതായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധം താറുമാറാക്കിയ അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിന് എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മാറ്റിസിനെ അറിയിച്ചതായി അവര്‍ പറഞ്ഞു.

പാക്കിസ്ഥാനെതിരെ യുഎസും ഇന്ത്യയും ഒരുമിച്ച് പോരാടാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. പാക്കിസ്ഥാനിലെ ഭീകരരുടെ സുരക്ഷിത താവളങ്ങള്‍ക്ക് എതിരെ ഒന്നിച്ച് നീങ്ങും. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ഭീകരര്‍ക്ക് ഇടത്താവളമൊരുക്കുന്നതും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമ്പോള്‍ അവരെ ബോധ്യപ്പെടുത്തണമെന്ന് മാറ്റിസിനോട് നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു.