Connect with us

National

മുന്‍കൂര്‍ ജാമ്യം തേടി ഹണിപ്രീത് ഡല്‍ഹി കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആള്‍ദാവം ചമഞ്ഞ് പീഡനക്കേസില്‍കുടുങ്ങി തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്ത് പുത്രി ഹണിപ്രീത് ഇന്‍സാന്‍ മുന്‍കൂര്‍ ജാമ്യം തേടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതായി അവരുടെ അഭിഭാഷകന്‍ വെളിപ്പെടുത്തി. രാജ്യത്ത് പൊലീസ് തിരയുന്ന 43 കുറ്റവാളികളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഹണിപ്രീത് നേപ്പാളിലേക്ക് കടന്നതായാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. ആശ്രമത്തിലെ രണ്ട് അന്തേവാസികളെ പീഡിപ്പിച്ച കേസില്‍പ്രത്യേക സി.ബി.ഐ കോടതി ഗുര്‍മീതിനെ കുറ്റക്കാരനെന്ന് വിധിച്ചതിന് പിന്നാലെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഹണിപ്രീതിനെതിരെ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് ഗിത മിത്തല്‍ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്ന് ഹണിപ്രീതിന്റെ അഭിഭാഷകന്‍ പ്രദീപ് കുമാര്‍ പറഞ്ഞു. അതേസമയം, തനിക്കെതിരായ പ്രത്യേക സി.ബി.ഐ കോടതിയുടെ ശിക്ഷാവിധിക്കെതിരെ ഗുര്‍മീത് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്ക് ലൈംഗികശേഷിയില്ലെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഗുര്‍മീതിന്റെ വാദം.

ഗുര്‍മീതിന്റെ കാലശേഷം ദേരാ സച്ചാ സൗധയുടെ ചുമതലക്കാരിയായി ഹണിപ്രീതിനെയാണ് പരിഗണിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.കേസില്‍ കുറ്റക്കാരനാണെന്ന് വിധിച്ചതോടെ റാം റഹീം സിംഗിനെ ജയിലിലെത്തിക്കും വരെ ഹണിപ്രീത് അനുഗമിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവാണ് ഈ യാത്ര എന്നായിരുന്നു റിപ്പോര്‍ട്ട്. റാം റഹീം സിംഗ് സിനിമകളിലും ഹണിപ്രീത് നിറസാന്നിദ്ധ്യമായിരുന്നു. ഇവരെ കൂടാതെ ഗുര്‍മീതിന്റെ മകളായ അമന്‍പ്രീതിന്റെ പേരും പിന്‍ഗാമി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. ഭാര്യ ഹര്‍ജീത് കൗറില്‍ രണ്ട് മക്കളാണ് ഗുര്‍മീതിനുള്ളത്. ചരണ്‍പ്രീതും അമന്‍പ്രീതും.

Latest