ഐ ഫോണ്‍ യു എ ഇയിലെത്തി;12 ഐ ഫോണ്‍ സ്വന്തമാക്കി സ്വദേശീ യുവാവ്‌

Posted on: September 24, 2017 8:06 pm | Last updated: September 24, 2017 at 8:06 pm

ദുബൈ: അത്യാധുനിക സവിശേഷതകളുമായി ഇറങ്ങിയ ഐ ഫോണ്‍ 8ന്റെ വില്‍പന തുടങ്ങി. ആദ്യ ദിവസം തന്നെ പന്ത്രണ്ട് ഐ ഫോണുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് അല്‍ ഐന്‍ സ്വദേശി ഇബ്രാഹിം അല്‍ശാംസി. നേരത്തെ തന്നെ ഫോണ്‍ ബുക്ക് ചെയ്താണ് ഇയാള്‍ ഇത്രയും ഫോണുകള്‍ സ്വന്തമാക്കിയത്.
തനിക്ക് ഉപയോഗിക്കുന്നതിനോടൊപ്പം കുടുംബാംഗങ്ങള്‍ക്കുകൂടി വേണ്ടിയാണ് ഇത്രയും ഫോണ്‍ ഒരുമിച്ച് വാങ്ങിയതെന്ന് അല്‍ശാംസി മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തോടൊപ്പമാണ് ഫോണുകള്‍ വാങ്ങാന്‍ ഇയാള്‍ ഷോപ്പറിനെത്തിയത്.
ദുബൈ മാളിലെ ആപിള്‍ സ്റ്റോറില്‍ നിന്നാണ് ഫോണുകള്‍ വാങ്ങിയത്. ദുബൈ മാള്‍ ഓഫ് എമിറേറ്റ്‌സിലും അബുദാബിയിലെ യാസ് മാളിലും ഐ ഫോണ്‍ 8ന്റെ വില്‍പന ഇന്നലെ തുടങ്ങി.

64,000 രൂപ മുതലാണ് ഐ ഫോണ്‍ എട്ടിന്റെ വില. യുഎഇയില്‍ ഇത് 2,849 ദിര്‍ഹം മുതല്‍ 3,479 ദിര്‍ഹം വരെയാണ്. 3,249 ദിര്‍ഹം വരെയാണ് ഐ ഫോണ്‍ 8 പ്ലസിന്റെ വില. വയര്‍ലെസ് ചാര്‍ജറുകളുമായിറങ്ങിയ ഐ ഫോണ്‍ 8ഉം 8 പ്ലസും ഫോണുകള്‍ മുന്നിലും പിന്നിലും ഗ്ലാസുകൊണ്ട് നിര്‍മിച്ചിട്ടുള്ളവയാണ്.