Connect with us

Kerala

നഷ്ടത്തില്‍ നിന്ന് കരകയറാന്‍ കെ എസ് ആര്‍ ടി സിക്ക് 1922 കോടി ധന സഹായം

Published

|

Last Updated

നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെ എസ് ആര്‍ ടി സിക്ക് സര്‍ക്കാര്‍ 1922 കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. കെ എസ് ആര്‍ ടി ഇ എ (സി ഐ ടി യു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുനരുദ്ധാരണ ഘട്ടത്തിലെ കെ എസ് ആര്‍ ടി സി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കിഫ്ബിയില്‍ നിന് 831 കോടിയും ഗ്രാന്റായി 790 കോടിയും വിവിധ പദ്ധതികള്‍ക്ക് 90 കോടിയും യാത്രാ സൗജന്യങ്ങള്‍ക്കുള്ള നഷ്ട പരിഹാരമായി 211 കോടിയും നല്‍കും. കെ എസ് ആര്‍ ടി സിക്ക് 3200 കോടി രൂപ നിലവില്‍ കടമുണ്ട്. 12 ശതമാനമാണ് ഇതിന് പലിശ. ഇതിന് പകരം ബേങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 20 വര്‍ഷത്തെ കാലയളവില്‍ ഒമ്പത് ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കും.
നേരത്തെ മൂന്ന് കോടി രൂപ പ്രതിദിനം പലിശ നല്‍കിയിരുന്നു. പുതിയ വായ്പ ലഭ്യമാകുന്നതോടെ പ്രതിദിനം 96 ലക്ഷം മാത്രം പലിശയിനത്തില്‍ നല്‍കിയാല്‍ മതിയാകും. സ്വന്തം വരുമാനത്തില്‍ നിന്ന് പെന്‍ഷന്‍ നല്‍കാന്‍ രണ്ട് വര്‍ഷം സര്‍ക്കാര്‍ നല്‍കും. അതുവരെ പെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കും. ഇപ്പോള്‍ പെന്‍ഷനുള്ള പകുതി തുക സര്‍ക്കാറാണ് നല്‍കുന്നത്. യാത്രാസൗജന്യങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതടക്കം വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ വഴി കെ എസ് ആര്‍ ടി സിക്കുണ്ടായ സാമ്പത്തിക ബാധ്യതക്ക് നഷ്ടപരിഹാരം എന്ന നിലയിലാണ് സര്‍ക്കാര്‍ പണം കൈമാറുക. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 12 വിഭാഗങ്ങള്‍ക്ക് കോര്‍പറേഷന്‍ നല്‍കി വരുന്ന സൗജന്യ യാത്രയുടെ പണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. സൗജന്യയാത്ര നല്‍കിയതിലൂടെ മാത്രം 1863 കോടി രൂപയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സര്‍ക്കാറില്‍ നിന്ന് കോര്‍പറേഷന് കിട്ടാനുള്ളത്.

കഴിഞ്ഞ മൂന്ന് മാസമായി പെന്‍ഷനും ശമ്പളവും സര്‍ക്കാരാണ് നല്‍കുന്നത്. ഈ അവസ്ഥയില്‍ ഒരു സ്ഥാപനത്തിനും മുന്നോട്ടു പോകാനാകില്ല. ജീവനക്കാരും മാനേജ്‌മെന്റും സര്‍ക്കാരും ഒത്തൊരുമിച്ച് നിന്ന് ഈ സ്ഥാപനത്തെ നഷ്ടത്തില്‍നിന്ന് കരകയറ്റണം. അതിനാവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കും. മാറ്റം വരുത്താനായി ധനകാര്യ പുനഃസംഘടനയും മാനേജ്‌മെന്റ്തലത്തില്‍ അഴിച്ചുപണിയും നടത്തും. സ്വകാര്യബസുകളുടെ ബോഡികൂടി നിര്‍മിക്കും വിധം വര്‍ക്ഷോപ്പുകള്‍ ആധുനികവത്കരിക്കും. മാനേജ്‌മെന്റ് കേഡറില്‍ പ്രത്യക്ഷ റിക്രൂട്ട്‌മെന്റ് നടത്തും.

സ്ഥാപനത്തെ നഷ്ടത്തില്‍നിന്ന് കരകയറ്റാന്‍ തൊഴിലാളികളുടെ പിന്തുണ ആവശ്യമാണ്. രണ്ട് വര്‍ഷം കൊണ്ട് പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ ദേശീയ ശരാശരിയിലാക്കണം. ഇതിനാവശ്യമായ കര്‍മ പരിപാടി വേണം. വാഹന വ്യൂഹത്തിന്റെ വിനിയോഗത്തിലും വാഹന വിനിയോഗത്തിലും ഇന്ധന ക്ഷമതയിലും കേരളം മറ്റു സംസ്ഥാനങ്ങളുടെ പിന്നിലാണ്. അപകട നിരക്കും ബ്രേക്ക് ഡൗണുകളും കൂടുതലാണ്. 18 ശതമാനം ബസുകള്‍ കട്ടപ്പുറത്താണ്. ബസുകളുടെ ഉപയോഗം നിലവില്‍ 81 ശതമാനമാണ്. ഇത് 95 ശതമാനമാക്കിയാല്‍ 361 കോടി പ്രതിവര്‍ഷം അധികം ലഭിക്കും. ഇന്ധനക്ഷമത നിലവില്‍ കിലോമീറ്ററിന് 4.2 കിലോ മീറ്ററാണ്. ഇത് അഞ്ചാക്കിയാല്‍ 198 കോടി അധിക വരുമാനമുണ്ടാകും. എന്തുസാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായാലും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയെന്നതാണ് എല്‍ ഡി എഫ് സര്‍ക്കാറിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.

കെ എസ് ആര്‍ ടി ഇ എ പ്രസിഡന്റ് വൈക്കം വിശ്വന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് കെ കെ ദിവാകരന്‍ വിഷയം അവതരിപ്പിച്ചു.

 

---- facebook comment plugin here -----

Latest