കെഎം ഷാജിക്കെതിരെ കോഴയാരോപണമുന്നയിച്ച ലീഗ് നേതാവിനെ പുറത്താക്കി

Posted on: September 18, 2017 2:24 pm | Last updated: September 18, 2017 at 9:19 pm

കണ്ണൂര്‍: അഴീക്കോട് എംഎല്‍എ. കെഎം ഷാജിക്കെതിരെ കോഴയാരോപണമുന്നയിച്ച മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അഴീക്കോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റായ നൗഷാദ് പൂതപ്പാറയെയാണ് പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കാര്യം നൗഷാദ് സ്ഥിരീകരിച്ചു.

കെഎം ഷാജിക്കെതിരെ 25 ലക്ഷത്തിന്റെ കോഴയാരോപണമുന്നയിച്ച് നൗഷാദ് മേല്‍ഘടകത്തിന് പരാതി നല്‍കിയിരുന്നു. അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് കെ എം ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അഴീക്കോട് പഞ്ചായത്ത് മുസ്‌ലീം ലീഗ് കമ്മിറ്റിക്ക് നല്‍കിയെന്ന് പറയുന്ന പരാതിയില്‍ ആരോപിച്ചത്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് അനുവദിക്കുന്നതിന് അഴീക്കോട് ഹൈസ്‌കൂള്‍ കമ്മിറ്റി പൂതപ്പാറ ശാഖാ കമ്മിറ്റിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ മേല്‍ ഘടകങ്ങള്‍ മുഖാന്തിരം അനുകൂല ശിപാര്‍ശ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്ലസ്ടു അനുവദിക്കുകയാണെങ്കില്‍ പൂതപ്പാറ ആസ്ഥാനമായി ലീഗ് ഓഫീസിനു വേണ്ട ചെലവിലേക്ക് ഒരു തസ്തികക്കു സമാനമായ തുക നല്‍കാമെന്ന് ഹൈസ്‌കൂള്‍ മാനേജ്‌മെന്റ് വാഗ്ദാനം നല്‍കി. 2014ല്‍ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിച്ചു. ഇതിനു പിന്നാലെ വാഗ്ദാനപ്രകാരമുള്ള 25 ലക്ഷം രൂപ പ്രാദേശിക കമ്മിറ്റിക്കു നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. എന്നാല്‍ കെ എം ഷാജി എം എല്‍ എ ഇടപെട്ട് ഈ തുക ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നും തന്നോട് ചര്‍ച്ച ചെയ്തശേഷം ഇതുമായി ബന്ധപ്പെട്ട കാര്യം ചെയ്താല്‍ മതിയെന്നു മാനേജറോട് നിര്‍ദേശിച്ചതായും തുടര്‍ന്ന് തുക തരാന്‍ കഴിയില്ലെന്ന് സ്‌കൂള്‍ മാനേജര്‍ തങ്ങളെ അറിയിച്ചതായും നൗഷാദ് പൂതപ്പാറയുടെ പരാതിയില്‍ ആരോപിക്കുന്നു.

പിന്നീട് പ്രാദേശിക മുസ്‌ലിം ലീഗ് നേതാക്കള്‍ എംഎല്‍ എയുമായി സംസാരിച്ചു. അഴീക്കോട് ഹൈസ്‌കൂള്‍ കമ്മിറ്റിയില്‍ വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്ളതിനാല്‍ അവിടെ നിന്നു പൈസ വാങ്ങരുതെന്നാണ് നിര്‍ദേശമെന്ന് വ്യക്തമാക്കി. ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദുമായി നടത്തിയ ചര്‍ച്ചയിലും എംഎല്‍എ ഇക്കാര്യം ആവര്‍ത്തിച്ചു. ഇതേത്തുടര്‍ന്ന് പ്രാദേശിക കമ്മിറ്റി വിഷയത്തില്‍നിന്നു പിന്മാറി. എന്നാല്‍ 2017 ജൂണില്‍ സ്‌കൂള്‍ കമ്മിറ്റി ജനറല്‍ ബോഡിയില്‍ പ്ലസ്ടു അനുവദിക്കലുമായി ബന്ധപ്പെട്ട് വിനിയോഗിച്ച ഭീമമായ തുകയുടെ കണക്ക് വന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണ്ഡലം എംഎല്‍ എ. കെ എം ഷാജി 25 ലക്ഷം രൂപ മാനേജരില്‍നിന്നും നേരിട്ട് കൈപ്പറ്റിയതായി ബോധ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. പൂതപ്പാറയില്‍ പാര്‍ട്ടിക്ക് സ്വന്തമായി ആസ്ഥാനമന്ദിരമെന്ന തങ്ങളുടെ സ്വപ്‌നം തകര്‍ത്ത്, പാര്‍ട്ടിയോട് ആലോചിക്കാതെ ഭീമന്‍ തുക കവര്‍ന്നയാള്‍ക്കെതിരെ മേല്‍ഘടകത്തെ സമീപിക്കണമെന്നും പ്രസ്തുത തുക തിരിച്ചുപിടിച്ച് ആസ്ഥാനമന്ദിരം യാഥാര്‍ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കത്ത് അവസാനിക്കുന്നത്. കഴിഞ്ഞ ജൂലൈ 12നാണ് ഇതു സംബന്ധിച്ച കത്ത് നല്‍കിയത്.