സൂക്കിയെ രൂക്ഷമായി വിമര്‍ശിച്ച് യു എന്‍ തലവന്‍

Posted on: September 18, 2017 7:42 am | Last updated: September 17, 2017 at 11:44 pm

ന്യൂയോര്‍ക്ക്: റോഹിംഗ്യന്‍ വിഷയത്തില്‍ മ്യാന്മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആംഗ് സാന്‍ സൂക്കിക്കെതിരെ രൂക്ഷ വിമര്‍ശവുമായി യു എന്‍ തലവന്‍ അന്റോണിയോ ഗുട്ടറെസ്. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് നേരെ മ്യാന്മര്‍ സൈന്യം നടത്തുന്ന ആക്രമണം തടയാനുള്ള അവസാന അവസരമാണ് സൂക്കിക്കുള്ളതെന്ന് ഗുട്ടറെസ് വ്യക്തമാക്കി. വംശഹത്യാ ആക്രമണങ്ങളെ തുടര്‍ന്ന് മ്യാന്മറില്‍ നിന്ന് പലായനം ചെയ്ത റോഹിഗ്യകളുടെ എണ്ണം നാല് ലക്ഷം കവിഞ്ഞതായും ഈ വിഷയത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ബി ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗുട്ടറെസ് വ്യക്തമാക്കി.

റോഹിംഗ്യകള്‍ക്ക് തിരിച്ച് മ്യാന്മറിലേക്ക് പ്രവേശിക്കാനുള്ള അനുമതി നല്‍കണം. റാഖിനെയില്‍ നടക്കുന്ന വംശഹത്യാ ആക്രമണത്തിന് പിന്നില്‍ സൈന്യത്തിന്റെ പങ്ക് വ്യക്തമാണ്. നിലവിലെ സാഹചര്യത്തില്‍ അടിയന്തരമായ നടപടി സൂക്കിയുടെ ഭാഗത്ത് നിന്നുണ്ടാകണം. റാഖിനെയിലെ സ്ഥിതി പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ലെങ്കില്‍ ഭാവിയില്‍ വന്‍പ്രത്യാഘാതമുണ്ടാകും. മ്യാന്മറിലെ ദുരന്തം ഭയാനകമാണ്. അദ്ദേഹം വ്യക്തമാക്കി.
റോഹിംഗ്യന്‍ വിഷയത്തില്‍ യു എന്‍ പൊതുസഭ നടക്കാനിരിക്കെയാണ് ഗുട്ടറെസിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. മ്യാന്മറിനെതിരെ ശക്തമായ നടപടിയും ആക്ഷേപവും ഉയരാനിടയുള്ള സാഹചര്യത്തില്‍ പൊതുസഭ ബഹിഷ്‌കരിക്കാനാണ് സൂക്കിയുടെ തീരുമാനം.
അഭയാര്‍ഥികളുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ധിച്ചതോടെ സഹായാഭ്യര്‍ഥനയുമായി ബംഗ്ലാദേശ് രംഗത്തെത്തി. ആഗോളതലത്തില്‍ നിന്ന് അടിയന്തര നടപടി ഈ വിഷയത്തില്‍ നിന്നുണ്ടാകണമെന്നും മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തെ സുരക്ഷ ശക്തിപ്പെടുത്തണമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക് ഹസീന വ്യക്തമാക്കി.
റോഹിംഗ്യന്‍ വിഷയത്തിലെ നിലപാടില്‍ പ്രതിഷേധിച്ച് മ്യാന്മര്‍ പ്രതിനിധിയെ മൂന്ന് തവണ ബംഗ്ലാദേശ് സര്‍ക്കാര്‍ വിളിപ്പിച്ചിട്ടുണ്ട്. അഭയാര്‍ഥികളുടെ ഒഴുക്ക് കണക്കിലെടുത്ത് 14,000 പുതിയ ക്യാമ്പുകള്‍ ഒരുക്കാന്‍ ബംഗ്ലാദേശ് പദ്ധതിയിടുന്നുണ്ട്. കടുത്ത മനുഷ്യാവകാശ പ്രതിസന്ധിയാണ് ബംഗ്ലാദേശിലെത്തുന്ന റോഹിംഗ്യന്‍ മുസ്‌ലിംകള്‍ നേരിടുന്നത്. 4.1 ലക്ഷം റോഹിംഗ്യകള്‍ ഏതാനും അഴ്ചക്കുള്ളില്‍ ബംഗ്ലാദേശിലെത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അതിര്‍ത്തി കടന്നെത്തുന്ന അഭയാര്‍ഥികള്‍ പട്ടിണി, രോഗം എന്നിവമൂലം ദുരിതം അനുഭവിക്കുകയാണെന്നും നിരവധി പേര്‍ മരണഭീതിയിലാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.