Kasargod
തകര്‍ന്ന റോഡിനോട് മുഖം തിരിച്ച് അധികൃതര്‍; സ്വന്തം ചിലവില്‍ റോഡ് നന്നാക്കി ബസ് തൊഴിലാളികള്‍

ബദിയഡുക്ക: തകര്‍ന്ന് തരിപ്പണമായ റോഡ് നന്നാക്കാതെ അധികൃതര്‍ മുഖം തിരിച്ചപ്പോള്‍ ബസ് തൊഴിലാളികള്‍ സ്വന്തം ചിലവില്‍ അറ്റകുറ്റപ്പണി നടത്തി.
ചെര്‍ക്കള-അടുക്കസ്ഥല റോഡില്‍ ഏറ്റവും കൂടുതല്‍ കുഴികളുള്ള കാടമന അട്ക്കസ്ഥല ഭാഗത്ത് ബദിയഡുക്ക പ്രൈഡ് ബസ് സംഘടനാ തൊഴിലാളികളാണ് അറ്റകുറ്റപ്പണി നടത്തി റോഡ് ഗതാഗതയോഗ്യമാക്കിയത്.
കുഴികളില്‍ കല്ലു നിറച്ച ശേഷം ജെ സി ബി ഉപയോഗിച്ച് അവ ഉറപ്പിച്ചാണ് റോഡില്‍ അറ്റകുറ്റപ്പണി നടത്തിയത്. റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് സമരം നടത്തുമെന്ന് സംഘടന മുമ്പു തീരുമാനമെടുത്തിരുന്നു. ഉടന്‍ നേരെയാക്കാമെന്ന അധികൃതരുടെ ഉറപ്പിലാണ് സമരം പിന്‍വലിച്ചതെന്ന് ബസ് തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ അധികൃതര്‍ അലംഭാവം തുടര്‍ന്നതോടെയാണ് സ്വന്തം ചെലവില്‍ റോഡ് നിര്‍മിക്കാന്‍ പ്രൈഡ് ബസ് തൊഴിലാളികള്‍ രംഗത്തെത്തിയത്. പ്രൈഡ് ബസ് തൊഴിലാളികളായ ഹാരിസ്, ശ്രീധരന്‍, അഷ്‌റഫ്, മഹാലിംഗ എന്നിവര്‍ പ്രവൃത്തിക്ക് നേതൃത്വം നല്‍കി.
ബസ് തൊഴിലാളികളുടെ ഇടപെടല്‍ നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി. ജില്ലയിലെ പല ഭാഗങ്ങളിലും റോഡുകള്‍ തകര്‍ന്നതിനാല്‍ യാത്ര ദുഷ്‌കരമാണ്.