അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ തയാറാണെന്ന് നാദിര്‍ഷ

  • ഇന്ന് ചോദ്യം ചെയ്യില്ലെന്ന് അന്വേഷണസംഘം.
Posted on: September 15, 2017 3:30 pm | Last updated: September 15, 2017 at 6:29 pm
SHARE

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമക്കപ്പെട്ട കേസില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ഹാജരാവാന്‍ തയ്യാറാണെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. അന്വേഷണസംഘത്തിന്റെ മൊബൈലിലേക്കാണ് ഹാജരാവാന്‍ തയാണെന്ന സന്ദേശം അയച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

അതേസമയം നാദിര്‍ഷായെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് പറഞ്ഞു.
മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യൂവെന്നും അന്വേഷണസംഘം അറിയിച്ചു.

ഇന്ന് രാവിലെ 9.30ന് ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബിലെത്തിയ നാദിര്‍ഷയ്ക്ക് രക്ത സമ്മര്‍ദം കൂടിയിരുന്നു. ഇതു മൂലം ഇന്ന് ചോദ്യം ചെയ്യേണ്ടെന്ന് അന്വേഷണസംഘം തീരുമാനിച്ചിരുന്നു. തുടര്‍ന്ന് നാദിര്‍ഷായെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. കേസില്‍ നാദിര്‍ഷയുടെ പങ്കിനെ സംബന്ധിച്ച് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ഇതിനായി അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി നാദിര്‍ഷയോട് അന്വഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ഉത്തരവിടുകയായിരുന്നു.

കേസില്‍ നാദിര്‍ഷക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കേസ് ഡയറി, പള്‍സര്‍ സുനിയുടെ കുറ്റസമ്മത മൊഴി, മറ്റൊരു പ്രതിയായ വിഷ്ണുവിന്റെ മൊഴി ഇവയാണ് കൈമാറിയത്. എന്നാല്‍ നാദിര്‍ഷയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here