പകല്‍ക്കൊള്ള; പെട്രോള്‍ വില മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

Posted on: September 14, 2017 8:53 am | Last updated: September 14, 2017 at 10:28 am

ന്യൂഡല്‍ഹി/കൊച്ചി: കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയര്‍ന്ന വില ഇന്നലെ രേഖപ്പെടുത്തി. മുംബൈയിലാണ് ലിറ്ററിന് 79.41 രൂപ രേഖപ്പെടുത്തിയത്. 2014 ആഗസ്റ്റിന് ശേഷം പെട്രോള്‍ വിലയിലെ ഏറ്റവും ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നലത്തേത്. രണ്ട് മാസത്തിനിടെ ഏഴ് രൂപയിലധികമാണ് ഇന്ധന വില വര്‍ധിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴ്ന്നുനില്‍ക്കുമ്പോഴാണ് രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡിടുന്നത്. കേരളത്തില്‍ പെട്രോളിന് 73.29 രൂപയായപ്പോള്‍ ഡല്‍ഹിയില്‍ 70.30, കൊല്‍ക്കത്തയില്‍ 73.05 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. സംസ്ഥാനത്ത് താരതമ്യേന എറണാകുളത്ത് പെട്രോള്‍ വില കുറവായിരിക്കുമെങ്കിലും 73.21 രൂപയാണ് ലിറ്ററിന്. ബാക്കിയുള്ള പ്രദേശങ്ങളില്‍ ഇതിലും കൂടിയ നിരക്കാണ് നിലവിലുള്ളത്.

നേരത്തെ യു പി എ സര്‍ക്കാറിന്റെ കാലത്ത് 2014ലാണ് പെട്രോള്‍ വില റെക്കോഡിലെത്തിയത്. അന്തരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് 114.44 ഡോളര്‍ ആയിരുന്നപ്പോള്‍ ഇന്ത്യയില്‍ 78.41 ആയിരുന്നു അന്നത്തെ കൂടിയ നിരക്ക്. ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് 53.69 രൂപ മാത്രമാണുള്ളത്.
അതിനിടെ, ഇന്ധന വിലയില്‍ വലിയ വര്‍ധനവുണ്ടാക്കുന്ന രീതി തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. വന്‍ പ്രതിഷേധമുയരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയന്ത്രിക്കുന്നതിന് ഇവയെ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അടുത്തിടെയായി ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണക്ക് 15 ശതമാനം വില വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അമേരിക്കയില്‍ ഉണ്ടായ ചുഴലിക്കാറ്റിന്റെ ഫലമായി എണ്ണ ഉത്പാദനത്തില്‍ കുറവ് വന്നതാണ് ഇതിന് ഇടയാക്കിയത്. വരും ദിവസങ്ങളില്‍ അസംസ്‌കൃത എണ്ണ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, എണ്ണ വില പ്രതിദിനം പരിഷ്‌കരിക്കുന്ന ഇപ്പോഴത്തെ രീതി കുറ്റമറ്റതും സുതാര്യവുമാണെന്നും അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

പെട്രോളിയം ഉത്പന്നങ്ങള്‍ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ വരാത്തതിനാല്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിരക്കാണ് ഉള്ളത്. ഇത് തിരുത്തി പെട്രോളിയം ഉത്പന്നങ്ങളെയും ജി എസ് ടിയുടെ പരിധിയില്‍ കൊണ്ടുവരും എന്നാണ് മന്ത്രി പറയുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് ഉള്ളതെന്നും പൊതുമേഖല എണ്ണക്കമ്പനി പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.
മാസത്തില്‍ ആദ്യത്തെയും 16ാമത്തെയും ദിവസം ഇന്ധന വില പരിഷ്‌കരിക്കുന്ന സംവിധാനം നിര്‍ത്തി പ്രതിദിന മാറ്റത്തിലേക്ക് കടന്നതോടെ വില വര്‍ധന മാത്രമാണ് കാര്യമായി രേഖപ്പെടുത്തിയത്. ജൂണ്‍ 16ന് പ്രതിദിന പരിഷ്‌കരണം ആരംഭിച്ചപ്പോള്‍ ആദ്യ രണ്ട് ആഴ്ച ഇന്ധന വില കുറഞ്ഞെങ്കിലും പിന്നീട് അടിക്കടി വര്‍ധിക്കുകയായിരുന്നു.