Connect with us

Kerala

ചെലവ് കുറക്കാന്‍ കെ എസ് ആര്‍ ടി സി ആഡംബര ബസുകള്‍ വാടകക്കെടുക്കുന്നു

Published

|

Last Updated

പാലക്കാട്: ചെലവ് കുറച്ച് വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കെ എസ്ആര്‍ ടി സി ആഡംബര ബസുകള്‍ വാടകക്കെടുക്കുന്നു. ബെംഗളൂരു സര്‍വീസും നേരത്തെ പ്രഖ്യാപിച്ച ചെന്നൈ, ഹൈദരാബാദ്, ഗോവ തുടങ്ങിയ സര്‍വീസുകളും നിലവിലെ ബെംഗളൂരു, മൈസൂര്‍, മംഗലാപുരം റൂട്ടുകളിലെ അന്തര്‍സംസ്ഥാന സര്‍വീസുകളും നടത്താന്‍ സ്‌കാനിയ കമ്പനിയുമായി ധാരണയിലെത്തിയതായി കെ എസ് ആര്‍ ടി സി വൃത്തങ്ങള്‍ പറഞ്ഞു. ചെന്നൈ, കോയമ്പത്തൂര്‍ റൂട്ടുകളില്‍ അനുമതിക്കായി കേരളം തമിഴ്‌നാട് സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. കിലോമീറ്ററിന് 27 രൂപയാണ് വാടകയായി നിശ്ചയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 10 ബസുകളും ഇത് വിജയമായാല്‍ 15 ബസുകളും നിരത്തിലിറക്കാനാണ് തീരുമാനം. അടുത്ത മാസം ആദ്യവാരം സര്‍വീസുകള്‍ ആരംഭിക്കും.

ബസും ഡ്രൈവറും സ്‌കാനിയ കമ്പനി നല്‍കുന്ന വിധത്തില്‍ വെറ്റ് ലീസ് കരാറിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബസിന്റെ അറ്റകുറ്റപ്പണിയും കമ്പനിയുടെ ചുമതലയാണ്. കണ്ടക്ടറും ഡീസലും കെ എസ് ആര്‍ടി സിയും നല്‍കും. കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങള്‍ വാടക ബസ് സര്‍വീസ് ഉപയോഗിക്കുന്നുണ്ട്. അവരുടെ വിജയത്തിന്റെ പ്രധാന കാരണവും ചെലവു കുറഞ്ഞ ഇത്തരം സര്‍വീസുകളാണ്. മുമ്പ് ഇത്തരമൊരു നീക്കത്തിന് കെ എസ് ആര്‍ ടി സി തുനിഞ്ഞിരുന്നുവെങ്കിലും സ്വകാര്യവത്കരണമെന്ന ആക്ഷേപവുമായി തൊഴിലാളി സംഘടനകള്‍ എതിര്‍ത്തതോടെ പിന്മാറി.

തിരക്കേറിയ സീസണ്‍ സമയത്തു മാത്രം ബസുകളോടിക്കാനാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുക. വിജയമായാല്‍ ഇത് തുടരും. ചെലവു ചുരുക്കലിന്റെ ഭാഗമായി കെ എസ് ആര്‍ ടി സി ബോഡിയോടു കൂടിയ ബസുകള്‍ വാങ്ങാന്‍ കഴിഞ്ഞ ദിവസം ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഷാസി വാങ്ങി റീജ്യനല്‍ വര്‍ക്ക്‌ഷോപ്പുകളില്‍ ബോഡികെട്ടുന്ന രീതിയാണ് അവസാനിപ്പിച്ചത്. ഇതിനു ശേഷമാണ് ബസുകള്‍ വാടകക്കെടുക്കാനുള്ള തീരുമാനം.

Latest