ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ്

വരാനിരിക്കുന്ന വലിയ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കും മൂന്നാംലോക രാജ്യങ്ങള്‍ക്കും അണ്വായുധം നിര്‍മിക്കാതെ പിടിച്ചു നില്‍ക്കാനാവുമോ? സദ്ദാം ഹുസൈന്റെ കൈവശം ന്യൂക്ലിയര്‍ ബോംബ് ഉണ്ടായിരുന്നുവെങ്കില്‍ ഇറാഖ് എന്ന നാഗരികതയുടെ കളിത്തൊട്ടില്‍ ഇത്രയും പൈശാചികമായ ആക്രമണത്തിന് ഇരയായി നശിക്കുമായിരുന്നോ? ഒരു അണ്വായുധ ശക്തിയല്ലായിരുന്നെങ്കില്‍ ഉത്തരകൊറിയ ഇന്ന് ഈ ഭൂമുഖത്തുണ്ടാകുമായിരുന്നോ? അണ്വായുധങ്ങള്‍ എന്തുകൊണ്ടാണ് അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും ഇസ്‌റാഈലും സൂക്ഷിച്ചു വെച്ചിരിക്കുന്നത്? എന്തിനാണ് അണ്വായുധ ക്ലബ്ബ് നിലനിര്‍ ത്തിയിരിക്കുന്നത്?
Posted on: September 9, 2017 12:10 am | Last updated: September 9, 2017 at 12:10 am

കഴിഞ്ഞ ഞായറാഴ്ച വടക്കന്‍ കൊറിയ നടത്തിയ ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണം ലോകത്തെ ഞെട്ടിച്ചു. വിശേഷിച്ചും അമേരിക്കയെ. ആറാമത്തെ ന്യൂക്ലിയര്‍ പരീക്ഷണമായിരുന്നു അത്. സാമ്രാജ്യത്വ ഭീഷണികള്‍ ഉയര്‍ത്തുന്ന അമേരിക്കയെ തടഞ്ഞു നിര്‍ത്തുന്നതിനുള്ള ഒരു രാഷ്ട്രീയ ബോംബ് കൂടിയായിരുന്നു അതെന്ന് പിന്നീടുള്ള ലോക സംവാദങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. പ്രകോപനപരമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രതികരിച്ചതില്‍ അമേരിക്കന്‍ ഭീതി കാണാനുണ്ടായിരുന്നു.
റിക്ടര്‍ സ്‌കെയിലില്‍ 6.3 ആയിരുന്നു അതിന്റെ പ്രകമ്പനങ്ങള്‍. ഏകദേശം നാന്നൂറ് കിലോമീറ്റര്‍ ചുറ്റളവില്‍ അതിന്റെ പ്രകമ്പനങ്ങള്‍ വ്യാപിക്കുകയുണ്ടായി. ആറ്റംബോംബിനെക്കാള്‍ മാരകമായ പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബിന്റെ വിജയകരമായ പരീക്ഷണം ലോകശാക്തിക ബന്ധങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ്. ലോകത്തെ തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവരാന്‍ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന കുടില നീക്കങ്ങള്‍ക്കെതിരായിട്ടുള്ള സുപ്രധാന ചുവടുവെപ്പായി അതിനെ വിലയിരുത്താവുന്നതാണ്.

അമേരിക്കക്ക് വഴങ്ങാതെ, അതിനെ വെല്ലുവിളിച്ചു മുന്നേറുന്ന ഒരു സോഷ്യലിസ്റ്റ് രാജ്യമാണ് ഉത്തരകൊറിയ. സാമ്രാജ്യത്വ കുത്തിത്തിരിപ്പുകള്‍ ഒരു ശതമാനം പോലും വിജയിക്കാതെപോയ രാജ്യവും ഉത്തരകൊറിയയാണ്. ലോകത്തിനു മുഴുവന്‍ ഭീഷണിയായ അമേരിക്ക ‘ഉത്തരകൊറിയ’യെ അപകടകാരിയായ രാജ്യം എന്ന് വിളിക്കുന്നു. അമേരിക്കയുടെ പാവയായ യു എന്‍ രക്ഷാസമിതിയും ഉത്തരകൊറിയക്കെതിരെ ഉപരോധം തുടരുകയാണ്. എന്നാല്‍, ചൈനയുമായി വളരെ നല്ല വാണിജ്യബന്ധങ്ങള്‍ നിലനിര്‍ത്തിപ്പോരുന്നതിനാല്‍, കടുത്ത ഭാഷയില്‍’ ഉത്തരകൊറിയക്കെതിരെ രംഗത്തുവരാന്‍ ചൈനക്കാവില്ല. ചൈനയെ ഉത്തരകൊറിയക്കെതിരെ തിരിച്ചുവിട്ടു ഒരു യുദ്ധമുഖം തുറക്കണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. സൗത്ത് കൊറിയയേയും ഉത്തരകൊറിയക്കെതിരെ തിരിക്കാന്‍ അമേരിക്ക നിരന്തരമായി ഇടപെടുന്നുണ്ട്. മുതലാളിത്ത രാജ്യമായ സൗത്ത് കൊറിയന്‍ ഭരണാധികാരികള്‍ വടക്കന്‍ കൊറിയക്കെതിരെ ഉപജാപങ്ങളിലേര്‍പ്പെടുന്നുണ്ട്.
യഥാര്‍ഥത്തില്‍, കൊറിയന്‍ മുനമ്പില്‍ ഒരു യുദ്ധഭീഷണി വളര്‍ത്തിയെടുത്തത് ആരാണ്? പ്രകോപനപരമായ നീക്കങ്ങള്‍ തുടങ്ങിവെച്ചതു ഉത്തരകൊറിയയാണോ അമേരിക്കയാണോ? അണ്വായുധ നിരോധന നിയമം സാമ്രാജ്യത്വ ശക്തികള്‍ക്ക് ബാധകമല്ലേ? വടക്കന്‍ കൊറിയയും അമേരിക്കയും നടത്തിയ സമീപകാല സൈനിക നീക്കങ്ങള്‍ക്ക് പിന്നില്‍ എന്തായിരുന്നു ലക്ഷ്യം?

പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ സുപ്രധാനമാണ്. യഥാര്‍ഥത്തില്‍, തെക്കന്‍ കൊറിയയും അമേരിക്കയും സംയുക്തമായി ആരംഭിച്ച സൈനികാഭ്യാസങ്ങളാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്. നാവിക-വ്യോമ രംഗങ്ങളില്‍ ഒരേ സമയം സംയുക്ത സൈനിക പരിശീലനം നടത്തുകയും പട്ടാളത്തെ യുദ്ധസജ്ജമാക്കുകയും വന്‍തോതില്‍ ആയുധങ്ങള്‍ അമേരിക്ക തെക്കന്‍ കൊറിയക്ക് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഉഭയകക്ഷി ചര്‍ച്ചയുടെ വാതിലുകള്‍ അടഞ്ഞുപോയത്. റഷ്യയും ചൈനയും ഇക്കാര്യം വളരെ ശക്തമായി ചൂണ്ടിക്കാട്ടുകയുണ്ടായി. ലോകത്ത് സാമ്രാജ്യത്വ യുദ്ധങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നീക്കങ്ങളുടെ അപകടം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയായിരിക്കണം വടക്കന്‍ കൊറിയ അതിന്റെ സ്ഥാപന വാര്‍ഷികാഘോഷങ്ങള്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചുകൊണ്ടാരംഭിച്ചത്.

ഉത്തരകൊറിയയുടെ അതിശക്തമായ ബാലിസ്റ്റിക് മിസൈലില്‍, ഹ്വാസോങ് -14-ല്‍ ബോംബ് ഘടിപ്പിച്ച് വിക്ഷേപിക്കാന്‍ കഴിയുമെന്ന് അവരുടെ ലോകോത്തര മിലിട്ടറി റിസര്‍ച്ച് സെന്ററിന്റെ കണ്ടെത്തല്‍ നിര്‍ണായകമാണ്. അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ ആറ്റംബോംബ് ആദ്യം പ്രയോഗിക്കുമെന്നുവരെ തുറന്നടിക്കാന്‍ ഉത്തരകൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്‍ തയ്യാറായത് ശ്രദ്ധിക്കണം. ഇറാഖിനെ തകര്‍ത്തതുപോലെ, ലിബിയയെ നശിപ്പിച്ചതുപോലെ അഫ്ഗാനിലും ഇറാനിലും മറ്റുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങള്‍ പോലെ എന്തെങ്കിലുമൊന്ന് ചെയ്യാന്‍ അമേരിക്ക കുതന്ത്രങ്ങള്‍ പയറ്റിക്കൊണ്ടിരിക്കുന്നതിനാല്‍, ഉത്തരകൊറിയ ഒരു മുന്‍കരുതല്‍ എടുക്കുന്നുവെന്നുവേണം കരുതാന്‍.
വരാനിരിക്കുന്ന വലിയ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കും മൂന്നാംലോക രാജ്യങ്ങള്‍ക്കും അണ്വായുധം നിര്‍മിക്കാതെ പിടിച്ചു നില്‍ക്കാനാവുമോ? നശീകരണായുധങ്ങള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് ഇറാഖിന്റെ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കാന്‍ ആ രാജ്യത്തെ തകര്‍ത്തുകളഞ്ഞ അമേരിക്ക എന്ന മാനവരാശിയുടെ ശത്രുവിനെ തിരിച്ചറിയണ്ടേ? സദ്ദാം ഹുസൈന്റെ കൈവശം ന്യൂക്ലിയര്‍ ബോംബ് ഉണ്ടായിരുന്നുവെങ്കില്‍ ഇറാഖ് എന്ന നാഗരികതയുടെ കളിത്തൊട്ടില്‍ ഇത്രയും പൈശാചികമായ ആക്രമണത്തിന് ഇരയായി നശിക്കുമായിരുന്നോ? ലോകജനത ഈ ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കാന്‍ സമയമായിരിക്കുന്നു.

അണ്വായുധ നിര്‍വ്യാപന കരാറില്‍ (ചൗരഹലമൃ ചീി ജൃീഹശളലൃമശേീി ഠൃലമ്യേ ചജഠ) നിന്ന് ഒരു ഘട്ടത്തില്‍ ഉത്തരകൊറിയ പിന്മാറിയിരുന്നു. പിന്നീട്, ആ കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. അതിനു ശേഷവും കരാര്‍ വ്യവസ്ഥകള്‍ സാമ്രാജ്യത്വ രാജ്യങ്ങള്‍ ലംഘിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഉത്തരകൊറിയ അണ്വായുധ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. 2002 ലും 2005 ലും സമാനമായ പ്രതിസന്ധികള്‍ ഉടലെടുത്തിട്ടുണ്ട്. അമേരിക്കയുടെ ഏകപക്ഷീയമായ സാമ്പത്തിയ ഉപരോധങ്ങളെയെല്ലാം തൃണവല്‍ഗണിച്ചുകൊണ്ട് ഉത്തരകൊറിയ ലോകത്തെ ശക്തമായ രാജ്യങ്ങളില്‍ ഒന്നായി തുടരുകയാണ്. ഇന്നിപ്പോള്‍ അമേരിക്കയെ വെല്ലുവിളിക്കാന്‍ ശേഷിയുള്ള അണ്വായുധ ശക്തികളില്‍ പ്രമുഖ സ്ഥാനമാണ് ഉത്തരകൊറിയക്കുള്ളത്.
നമുക്ക് തിരിച്ച് ചിന്തിച്ചുനോക്കാം. ഉത്തരകൊറിയ ഒരു അണ്വായുധ ശക്തിയല്ലായെന്ന് സങ്കല്‍പ്പിച്ചു നോക്കുക. അങ്ങനെയെങ്കില്‍ ആ രാജ്യം ഇന്ന് ഈ ഭൂമുഖത്തുണ്ടാകുമായിരുന്നോ? അമേരിക്കയുടെ കൈവശമുള്ള സര്‍വ നശീകരണ ആയുധങ്ങളും ‘നാപാം’ ബോംബ് ഉള്‍പ്പെടെയുള്ളവ പ്രയോഗിച്ച് ആ രാജ്യത്തെ ഛിന്നഭിന്നമാക്കിക്കളയുമായിരുന്നുവെന്ന് ലോക രാഷ്ട്രീയമറിയുന്നവര്‍ക്ക് മനസ്സിലാക്കാനാവും. അണ്വായുധങ്ങള്‍ എന്തുകൊണ്ടാണ് അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും ഇസ്‌റാഈലും സൂക്ഷിച്ചു വെച്ചിരിക്കുന്നത്? എന്തിനാണ് അണ്വായുധ ക്ലബ്ബ് നിലനിര്‍ത്തിയിരിക്കുന്നത്? ലോക സമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്ന ലോകജനതയുടെ ശത്രുവാണ് അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍. വിശേഷിച്ചും അതിന്റെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഉത്തര കൊറിയ മറ്റ് രാജ്യങ്ങളെ ആക്രമിക്കുന്നില്ല. ലോകസമാധാനത്തിന് ഭീഷണിയുമല്ല. എന്നാല്‍, സ്വയം പ്രതിരോധിക്കാന്‍ അവര്‍ക്ക് ന്യൂക്ലിയര്‍ ബോംബും ഹൈഡ്രജന്‍ ബോംബും അനിവാര്യമാണ്. ഒരുപക്ഷേ, ലോകസമാധാനത്തിന്, ഈ ഘട്ടത്തില്‍ ഉത്തരകൊറിയയുടെ കൈയില്‍ ആ ബോംബ് ഉണ്ടായിരിക്കുന്നതാണ് നല്ലത്.