ചൈനയില്‍ പോകാനുള്ള അനുമതി നിഷേധിച്ചത് രാജ്യത്തിന് നാണക്കേട്: കടകംപള്ളി

Posted on: September 8, 2017 10:27 pm | Last updated: September 9, 2017 at 10:31 am
SHARE

 തിരുവനന്തപുരം : ലോക ടൂറിസം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനയില്‍ പോകാനിരുന്നത് കേന്ദ്രം അനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. ചൈനയില്‍ വെച്ച് ഈ മാസം 11 മുതല്‍ 16 വരെ സംഘടിപ്പിക്കുന്ന യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള യാത്രയാണ് കേന്ദ്രം വിലക്കിയത്. നമ്മുടെ സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ അപമാനമായ സാഹചര്യമാണ് ഇപ്പോഴുണ്ടായതെന്നു സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ സുസ്ഥിര ടൂറിസവും ഉത്തരവാദിത്ത ടൂറിസവും ലോകശ്രദ്ധയില്‍ കൊണ്ടുവരാനുള്ള അവസരമാണ് ഇല്ലാതായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കടകംപള്ളി സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്ല്യുടിഒ) ഇത്തവണ ചൈനയില്‍ വെച്ച് ഈ മാസം 11 മുതല്‍ 16 വരെ സംഘടിപ്പിക്കുന്ന ഇരുപത്തിരണ്ടാമത് ജനറല്‍ അസംബ്‌ളിയില്‍ കേരള ടൂറിസത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ ക്ഷണമുണ്ടായിരുന്നു. യുഎന്‍ഡബ്ല്യുടിഒ സെക്രട്ടറി ജനറല്‍ നേരിട്ടുതന്നെ കത്തെഴുതി ക്ഷണിക്കുകയായിരുന്നു. രാജ്യത്തു മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത അംഗീകാരമാണ് അന്തര്‍ദേശീയ തലത്തില്‍ നമ്മെ തേടിയെത്തിയത്. ഉത്തരവാദ ടൂറിസം രംഗത്തു മുന്നേറുന്ന കേരളത്തിനെ ആഗോളതലത്തില്‍ അംഗീകരിക്കുകയും പുരസ്‌കാരങ്ങള്‍ നല്‍കുകയും ചെയ്ത യുഎന്‍ഡബ്ല്യുടിഒ കേരളത്തിന്റെ മുന്നേറ്റവും സാധ്യതകളുും തിരിച്ചറിഞ്ഞാണു ജനറല്‍ അസംബ്‌ളിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്.

യുഎന്‍ഡബ്ല്യുടിഒ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ചക്കും ചര്‍ച്ചയ്ക്കും അവസരമുണ്ടാകുമെന്നും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ജനറല്‍ അസംബ്‌ളിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ സമയ പ്രതിനിധികളുടെ പട്ടികയില്‍ നമ്മുടെ രാജ്യത്തുനിന്ന് എന്നെകൂടാതെ കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ല, കേന്ദ്ര ടൂറിസം അസി.ഡയറക്ടര്‍ ആര്‍.കെ.സുമന്‍ എന്നിവരുമാണ് ഉണ്ടായിരുന്നത്. ഈ സുപ്രധാനമായ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഞാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സിന് അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ മാസം ആദ്യം തന്നെ ഈ അപേക്ഷ നല്‍കിയെങ്കിലും ഇന്നലെ അനുമതി നിഷേധിക്കുന്നതായുള്ള അറിയിപ്പ് വിദേശകാര്യ മന്ത്രാലയത്തില്‍നിന്നു ലഭിക്കുകയായിരുന്നു.

സാങ്കേതിക കാരണങ്ങളാലാണ് ഈ അനുമതി നിഷേധിക്കല്‍ എങ്കില്‍ അത് വ്യക്തമാക്കാമായിരുന്നു. എന്റെ ഓഫീസും ടൂറിസം വകുപ്പും ഇക്കാര്യം അന്വേഷിച്ചെങ്കിലും കാരണം വ്യക്തമാക്കാന്‍ കേന്ദ്ര മന്ത്രാലയം തയാറായില്ല. കേരളത്തിലെ ടൂറിസത്തെ അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാന്‍ ഉള്ള അവസരമാണ് ഇതിലൂടെ നഷ്ടമായത്. സങ്കുചിത രാഷ്ട്രീയചിന്ത നാടിന്റെ നല്ല കാര്യങ്ങള്‍ക്കു ഗുണകരമല്ല എന്നു മാത്രം പറയാം. ഞാന്‍ ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ആ വകുപ്പില്‍നിന്ന് ഇത്തരമൊരു നിലപാട് ഉണ്ടായത് ഖേദകരമാണ്. ഇനി ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്താന്‍ സമയമില്ല

LEAVE A REPLY

Please enter your comment!
Please enter your name here