മയക്കിയും അലസരാക്കിയും

Posted on: September 8, 2017 6:00 am | Last updated: November 10, 2017 at 8:42 pm

ഒരു രാഷ്ട്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത് മാനവ വിഭവശേഷിയാണ്. അത് ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ സമഗ്ര വികസനം സാധ്യമാകുകയുള്ളൂ. മാനവ സമ്പത്ത് ഏറ്റവും കൂടുതലുള്ള രാജ്യം ചൈനയാണെങ്കിലും ലോകത്ത് ഏറ്റവുമധികം യുവാക്കളുള്ള നാട് നമ്മുടെ ഇന്ത്യയാണ്. ഇന്ത്യന്‍ മാനവ വിഭവശേഷിയെ കായികമായും ബൗദ്ധികമായും ഉപയോഗപ്പെടുത്തിയാണ് പല പാശ്ചാത്യ രാജ്യങ്ങളും അറബ് രാഷ്ട്രങ്ങളും വികസിത രാജ്യങ്ങളായി തീര്‍ന്നത്. എന്നാല്‍ ഇന്ത്യയില്‍ ഈ വിഭവശേഷിയെ ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയുള്ള മനഃപൂര്‍വമുള്ള ശ്രമങ്ങള്‍ നടക്കുന്നില്ലെന്ന് മാത്രമല്ല, യുവത്വത്തെ മയക്കിക്കിടത്താനും തളര്‍ത്താനുമാണ് ശ്രമിച്ചുകാണുന്നത്.

സംരംഭങ്ങള്‍ ആവിഷ്‌കരിച്ചും ചെറുകിട കുടില്‍ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിച്ചും ചൈന അതിന്റെ മനുഷ്യ സമ്പത്ത് സക്രിയമാക്കിയപ്പോള്‍ കളിപ്പാട്ടങ്ങള്‍ മുതല്‍ വിമാനം വരെ നിര്‍മിക്കാനും അത് ലോകവിപണികളിലെത്തിച്ച് പണം കൊയ്യാനും അവര്‍ക്ക് സാധിച്ചു.
മദ്യത്തില്‍ മയക്കിയും ലോട്ടറിയടക്കമുള്ള സര്‍ക്കാര്‍ അംഗീകൃത ചൂതാട്ടത്തിലൂടെയുമാണ് നമ്മുടെ യൗവനത്തെ നാം നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. മദ്യം എന്നാല്‍ മദിക്കുന്നത് എന്നാണര്‍ഥം. മസ്തിഷ്‌കത്തെയാണ് അത് ആദ്യമായി കടന്നാക്രമിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന കേന്ദ്രമാണ് മസ്തിഷ്‌കം. ഇതോടെ മദ്യപാനിയുടെ കാഴ്ചശക്തി, കേള്‍വി, തൊട്ടറിയാനും മണത്തറിയാനും രുചിച്ചറിയാനുമുള്ള കഴിവ് ഇവയെല്ലാം അവതാളത്തിലാകുന്നു. വാഹനാപകടങ്ങള്‍, വഴക്കുകള്‍, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയ ഒട്ടേറെ സാമൂഹിക പ്രശ്‌നങ്ങള്‍ ഇതേ തുടര്‍ന്ന് ഉണ്ടായിത്തീരുന്നു. പഠനം, മികച്ച ജീവിത സൗകര്യം, മക്കളുടെ വിവാഹം, ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തേണ്ട സമ്പത്ത് മദ്യത്തിന് വേണ്ടി നശിപ്പിക്കുന്നു. മദ്യലഹരിയില്‍ റേഷന്‍ കാര്‍ഡ്, ആധാരങ്ങള്‍ തുടങ്ങിയ രേഖകള്‍ പിച്ചിച്ചീന്തുന്നവരും ഭാര്യയേയും മക്കളേയും കൊന്നുകളയുന്നവരും ഒട്ടും കുറവല്ല. ഇതെല്ലാം അവിതര്‍ക്കിതമായ സത്യങ്ങളായിട്ടും മദ്യമാഫിയക്ക് വേണ്ടി, കോടതി പരാമര്‍ശങ്ങളെ കൂട്ടുപിടിച്ച് മദ്യഷാപ്പുകള്‍ തുറന്നുകൊണ്ടിരിക്കുകയാണ്.
നിലത്ത് കാലുറക്കാത്ത, സ്വബോധമില്ലാത്ത ഒരു ജനതയെ മുന്നില്‍ നിര്‍ത്തി എന്ത് വികസനമാണ് നമ്മുടെ ഭരണാധികാരികള്‍ സ്വപ്‌നം കാണുന്നത്? പട്ടിണിയും പീഡനവും സഹിക്കാനാവാതെ പതിനായിരക്കണക്കിന് വീട്ടമ്മമാരുയര്‍ത്തുന്ന നിലയ്ക്കാത്ത നിലവിളി കണ്ടില്ലെന്ന് നടിക്കുന്നത് കാഴ്ചപ്പാടുള്ള ഒരു ഭരണകൂടത്തിനും ചേര്‍ന്നതല്ല.
ഏതാനും ചിലരുടെ വ്യവസായവും കുറച്ച് തൊഴിലാളികളുടെ തൊഴിലും സംരക്ഷിക്കാനെന്ന ന്യായം നിരത്തി, സാമ്പത്തിക, കുടുംബ, സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് വരവിനേക്കാള്‍ വലിയ നഷ്ടമുണ്ടാക്കുന്ന മദ്യക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി സാമ്പത്തിക ശാസ്ത്രമനുസരിച്ചും ഉള്‍ക്കൊള്ളാനാവുന്നതല്ല.

യുവത്വത്തെ നിഷ്‌ക്രിയരാക്കി നിര്‍ത്തുന്ന മറ്റൊന്നാണ് ലോട്ടറി. നിര്‍മാണാത്മകമായ മേഖലകളിലൂടെ സമ്പാദിക്കുക എന്നതിന് പകരം നിഷ്‌ക്രിയരായി നിന്ന് ഇന്നല്ലെങ്കില്‍ നാളെ ഞാനൊരു പണക്കാരനാകും എന്ന പ്രതീക്ഷയാണ് ലോട്ടറി നല്‍കുന്നത്.
അദ്ധ്വാനിക്കുന്ന ചെറുപ്പക്കാര്‍ സമ്പാദ്യത്തിന്റെ വലിയൊരു വിഹിതം വിവിധ പേരുകളില്‍ ഇറങ്ങുന്ന ലോട്ടറി ടിക്കറ്റിന് വേണ്ടി ചെലവഴിക്കുന്നു. ഭാഗ്യം പ്രതീക്ഷിച്ച് ലോട്ടറിടിക്കറ്റ് മൊത്തമായി വാങ്ങുന്നവരുമുണ്ട്. കുടുംബത്തിന്റെ ആഹാരം, പഠനം, ഭവനം തുടങ്ങിയവക്ക് വേണ്ടി ചെലവഴിക്കേണ്ട പണം ഭാഗ്യദേവതയെ പ്രതീക്ഷിച്ച് ലോട്ടറിയില്‍ നശിപ്പിച്ച്; അവസാനം ജീവിതസായാഹ്നത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ നൊമ്പരങ്ങള്‍ മാത്രമാണ് ബാക്കിയാകുന്നത്.
ഒരു ഭാഗത്ത് കുടുംബം സഹിക്കേണ്ടിവന്ന കഷ്ടപ്പാടുകള്‍ ഓര്‍ത്ത് ഹൃദയം വിങ്ങുമ്പോള്‍, വിവാഹപ്രായം കഴിഞ്ഞ പെണ്‍മക്കളും പണയപ്പെടുത്തി ജപ്തിനോട്ടീസ് വന്ന ചോര്‍ന്നൊലിക്കുന്ന കൂരയും വീട്ടിത്തീര്‍ക്കാനാകാത്ത കടക്കെണിയും തന്നെ നോക്കി പല്ലിളിക്കുമ്പോള്‍; ഈ ജന്മത്തില്‍ ഇതിനൊന്നും ഒരു പരിഹാരവുമില്ലെന്ന് തിരിച്ചറിയുമ്പോള്‍ അയാള്‍ കുടുംബത്തേയും കൂട്ടി നടക്കുകയാണ്, ആത്മഹത്യാ മുനമ്പിലേക്ക്. മാനവവിഭവശേഷിയെ നിഷ്‌ക്രിയമാക്കുന്ന ഇത്തരം ചൂതാട്ടങ്ങള്‍ക്ക് പകരം അവരുടെ കര്‍മശേഷിയെ ഉപയോഗപ്പെടുത്താനുള്ള സംരംഭങ്ങള്‍ നല്‍കിയാല്‍ ‘കാരുണ്യ’യടക്കമുള്ള സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് ശുദ്ധമായ പണം തന്നെ ധാരാളമായി ഒഴുകിയെത്തും. മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ കിഡ്‌നി രോഗികള്‍ക്കുള്ള ചികിത്സാ ഫണ്ട് ഉദാഹരണമാണ്.
നിരവധി നാഗരികതകളുടെ തകര്‍ച്ചക്ക് കാരണമായ, ദുരിതങ്ങളും ദുരന്തങ്ങളും വിതച്ച മദ്യവും ചൂതാട്ടവും രാജ്യത്തെ സര്‍വനാശത്തിലെത്തിക്കുന്നതിന് മുമ്പ് നാം ഉണര്‍ന്ന് ചിന്തിക്കുക. ഖുര്‍ആന്‍ പറയുന്നു: സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ചു നോക്കാനുള്ള അമ്പുകളും പൈശാചികമായ ദുര്‍വൃത്തികള്‍ മാത്രമാകുന്നു. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാന്‍ അവയെ വര്‍ജിക്കുക. (മാഇദ)