ഷാകിബ് മാജിക്ക്; ഓസീസിന് തകര്‍ച്ച

Posted on: August 29, 2017 12:04 am | Last updated: August 29, 2017 at 12:04 am

ധാക്ക: ഷാകിബല്‍ ഹസന്റെ ആള്‍റൗണ്ട് പ്രകടനത്തിന്റെ മികവില്‍ ആസ്‌ത്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് പിടിമുറുക്കുന്നു. ബംഗ്ലാദേശിന്റെ 290 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഓസീസ് 217 റണ്‍സിന് ആള്‍ഔട്ടായി. അഞ്ച് വിക്കറ്റുകള്‍ പിഴുത ഷാക്കിബല്‍ ഹസനാണ് ഓസീസ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 22 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെടുത്തിട്ടുണ്ട്.

30 റണ്‍സെടുത്ത തമിം ഇഖ്ബാലും റണ്ണൊന്നുമെടുക്കാതെ തായ്ജുല്‍ ഇസ്‌ലാമുമാണ് ക്രീസില്‍. 15 റണ്‍സെടുത്ത സൗമ്യ സര്‍ക്കാറിന്റെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ഒന്നാം ഇന്നിംഗ്‌സില്‍ 43 റണ്‍സ് നേടിയ ആസ്‌ത്രേലിയക്ക് രണ്ട് ഇന്നിംഗ്‌സുകളിലുമായി ഇപ്പോള്‍ 88 റണ്‍സിന്റെ ലീഡായി.

18ന് മൂന്ന് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ആസ്‌ത്രേലിയക്ക് നായകന്‍ സ്റ്റീവ് സ്മിത്തി (എട്ട്) നെയാണ് ആദ്യം നഷ്ടമായത്. മെഹദി ഹസന്റെ പന്തില്‍ ബൗള്‍ഡ്. പിന്നീട് ഹാന്‍ഡ്‌സ്‌കോമ്പും (33), മാക്‌സ്‌വെല്ലും (23) പിടിച്ചുനിന്നെങ്കിലും ഭദ്രമായ ഇന്നിംഗ്‌സ് കളിക്കുന്നതില്‍ പരാജയമായി. ഇരുവരും ചേര്‍ന്ന് 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മാത്യു വെയ്ഡ് (അഞ്ച്), ഹാസില്‍വുഡ് (അഞ്ച്) എന്നിവര്‍ എളുപ്പത്തില്‍ പുറത്തായപ്പോള്‍, ആഷ്ടണ്‍ അഗറിന്റെയും (41 നോട്ടൗട്ട്), പാറ്റ് കുമ്മിന്‍ിസിന്റെയും ചെറുത്ത് നില്‍പ്പാണ്് ഓസീസിനെ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഒമ്പതാം വിക്കറ്റില്‍ ഇരവരും ചേര്‍ന്ന് 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്ന് വിക്കറ്റുകള്‍ പിഴുത മെഹ്ദി ഹസന്‍ ഷാക്കിബിന് പിന്തുണ നല്‍കി.

ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങള്‍ക്കെതിരെയും (ഒമ്പത്) അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന നാലാമത്തെ ബൗളര്‍ എന്ന നേട്ടവും ഷാക്കിബ് സ്വന്തമാക്കി. രംഗണ ഹെറാത്ത്, ഡെയ്ല്‍ സ്‌റ്റെയ്ന്‍, മുത്തയ്യ മുരളീധരന്‍ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

വെറും അന്‍പത് ടെസ്റ്റില്‍ നിന്നാണ് ഷാക്കിബ് നേട്ടം സ്വന്തമാക്കിയത്. നേരത്തെ, അന്‍പതാം ടെസ്റ്റിനിറങ്ങിയ ഷാക്കിബ് ഒന്നാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ച്വറി (80) കുറച്ചിരുന്നു.