ട്രെയിന്‍ അപകടത്തിന് കാരണം അശ്രദ്ധയാണൊ എന്ന് അന്വേഷിക്കും

Posted on: August 20, 2017 7:16 pm | Last updated: August 21, 2017 at 9:30 am

മുസഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ 23 പേരുടെ മരണത്തിനിടയാക്കിയ ട്രെയിനപകടത്തിന് കാരണം അശ്രദ്ധയാണോ എന്ന് അന്വേഷിക്കും. അനുമതിയില്ലാതെയാണോ ട്രാക്കില്‍ അറ്റക്കുറ്റപ്പണി നടത്തിയത് എന്ന കാര്യത്തില്‍ റെയില്‍വെ അന്വേഷണം പ്രഖ്യാപിച്ചെന്ന് റെയില്‍വെ ട്രാഫിക് സമിതി അംഗം മുഹമ്മദ് ജംഷീദ് പറഞ്ഞു.

ട്രാക്കില്‍ എന്ത് പ്രവൃത്തിയാണ് നടന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രാക്കിലെ എല്ലാ അറ്റക്കുറ്റപണികളും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നടത്താന്‍ പാടുള്ളൂ. ഇതില്‍ എന്തെങ്കിലും വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും ജംഷീദ് പറഞ്ഞു.സംഭവത്തെക്കുറിച്ച് റെയില്‍വെ സേഫ്റ്റി കമ്മീഷണര്‍ ശൈലേഷ് കുമാര്‍ പതക്കിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തും.
നാളെ മുതല്‍ അന്വേഷണം തുടങ്ങും. അട്ടിമറി, സാങ്കേതിക വീഴ്ച, സ്വാഭാവിക പിഴവ് തുടങ്ങിയ എല്ലാ തലങ്ങളില്‍ നിന്നും അന്വേഷിക്കും. കോച്ചുകളും പാളവും പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. 200 മീറ്ററുകളോളം ട്രാക്ക് പൂര്‍ണ്ണമായും നശിച്ചിട്ടുണ്ട്. വലിയൊരു അപകടമായി തന്നെയാണ് ഇത് അന്വേഷിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരത്തോടെയാണ് ഉത്കല്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകള്‍ മുസാഫര്‍ നഗറില്‍ ഖതൗലി സ്‌റ്റേഷന് സമീപം പാളം തെറ്റിയത്. അപകടത്തില്‍ 23 ഓളം പേരാണ് മരിച്ചത്. പാളത്തില്‍ പണികള്‍ നടക്കുന്ന കാര്യം ട്രെയിനിന്റെ ലോക്കോ പൈലറ്റിനെ അറിയിച്ചിരുന്നില്ലെന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.