ത്രിപുര മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സര്‍ക്കാരിനു വധഭീഷണി

Posted on: August 18, 2017 10:30 pm | Last updated: August 19, 2017 at 10:27 am

അഗര്‍ത്തല : ത്രിപുര മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സര്‍ക്കാരിനു നേരെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ ഭീഷണി. മണിക് സര്‍ക്കാരിന്റെ തലയറുക്കുന്ന ആളിന് 5.5 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന ‘ലോക കമ്യൂണിസ്റ്റ് വിരുദ്ധ സമിതി’യുടെ പേരിലുള്ള അറിയിപ്പ് റിയാ റോയി എന്നൊരാളാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. വ്യാജ പേരിലുള്ള ഫേസ്ബുക് അക്കൗണ്ടാണിതെന്നു പൊലീസ് കരുതുന്നു. പെണ്‍കുട്ടിയുടെ ചിത്രത്തോടു കൂടിയ പ്രൊഫൈല്‍ ചിത്രമാണ് നല്‍കിയിരിക്കുന്നത്. സംഭവം വിവാദമായപ്പോള്‍ പോസ്റ്റ് നീക്കം ചെയ്തുവെന്നും ത്രിപുര പൊലീസ് അറിയിച്ചു.

സംഭവം ശ്രദ്ധയില്‍പ്പെട്ടുവെന്നും പശ്ചിമ അഗര്‍ത്തല പൊലീസ് ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഐപിസിയിലെയും ഐടി ആക്ടിലെയും നിയമങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്ന വിദഗ്ധരുടെ സഹായവും കേസില്‍ തേടുമെന്ന് പശ്ചിമ ത്രിപുര ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

സ്വാതന്ത്ര്യദിനത്തില്‍ തന്റെ പ്രസംഗം ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്തില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മണിക് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുനേരെയും വധഭീഷണിയുണ്ടായിരുന്നു. പിണറായിയുടെ തലയറുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്ത് ആണ് ഭീഷണി മുഴക്കിയത്. ഇയാളെ, പിന്നീട് സംഘടനയില്‍ നിന്നും പുറത്താക്കി.