വൈദ്യുതി മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി: എ ഐ എസ് എഫ്

Posted on: August 14, 2017 6:18 am | Last updated: August 14, 2017 at 12:21 am

കണ്ണൂര്‍: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന വൈദ്യുതി മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എ ഐ എസ് എഫ് സംസ്ഥാന സമ്മേളന പ്രമേയം. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതിനെതിരെ തുടക്കം മുതല്‍ വലിയ ജനകീയ പ്രതിഷേധങ്ങളും പ്രതിരോധങ്ങളുമാണ് ഉയര്‍ന്നു വന്നത്. വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് പരിസ്ഥിതി സംബന്ധമായ വിഷയങ്ങള്‍. ഇടതുപക്ഷ നയം പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളല്ല.

ചാലക്കുടി പുഴ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിരപ്പിള്ളി പദ്ധതി പ്രദേശം നിര്‍ബന്ധമായും സംരക്ഷിക്കേണ്ട ആവാസ വ്യവസ്ഥ നിലനില്‍ക്കുന്ന ഇടമാണ്. അതിന്റെ നശീകരണം സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ വളരെ വലുതായിരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഈ പദ്ധതി വൈദ്യുതി പ്രതിസന്ധി ദൂരീകരിക്കാന്‍ പര്യാപ്തമല്ലെന്നാണ്.

ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ട കാലത്ത് അതിരപ്പിള്ളി പദ്ധതിക്കായ് മുറവിളി കൂട്ടുന്നവര്‍ നിഗൂഢമായ താത്പര്യക്കാരാണ്. പൊതുസമൂഹം തള്ളിക്കളഞ്ഞ അതിരപ്പിള്ളി പദ്ധതിക്കു വേണ്ടി നിലപാടെടുക്കുന്ന വൈദ്യുതി മന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അതിരപ്പിള്ളി പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും എ ഐ എസ് എഫ് നാല്‍പ്പത്തിമൂന്നാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.