Connect with us

National

ബാബരി മസ്ജിദ്: സുന്നി വഖ്ഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ നിന്ന് മാറി മസ്ജിദ് നിര്‍മിക്കണമെന്ന വാദത്തിനെതിരെ സുന്നി വഖ്ഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കുന്നു. ശിയാ വഖ്ഫ് ബോര്‍ഡിന്റെ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ശിയാ ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ശിയ ബോര്‍ഡിന് അത്തരത്തിലൊരു നിര്‍ദേശം ഉന്നയിക്കാനുള്ള അവകാശമില്ലെന്നും സുന്നി വഖ്ഫ് ബോര്‍ഡ് കൗണ്‍സില്‍ അംഗം സഫര്‍യാബ് ജിലാനി പറഞ്ഞു.

കഴിഞ്ഞ ദിവസാണ് കേസില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് വാദിക്കുന്നവര്‍ ഉന്നയിക്കുന്ന വാദത്തിന് അനുകൂലമാകും വിധം ബാബരി ഭൂമിയില്‍ നിന്നുമാറി നിശ്ചിത അകലത്തില്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ മസ്ജിദ് നിര്‍മിക്കാമെന്ന് ഉത്തര്‍പ്രദേശ് ശിയ വഖ്ഫ് ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചത്. ബാബരി മസ്ജിദ് ഭൂമിയുടെ അവകാശം തങ്ങള്‍ക്കാണെന്നും അതിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഉത്തരവാദിത്വമുണ്ടെന്നും വഖ്ഫ് ബോര്‍ഡ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

Latest